May 17, 2024

അക്ഷരമുറ്റത്ത് ആദിവാസി ചുവടൊരുക്കി പഠിതാക്കളുടെ സംഗമം

0
Aadivasi Sangam
മീനങ്ങാടി:പഠിച്ച അക്ഷരങ്ങള്‍ ചോദിച്ചപ്പോള്‍ ആദിവാസിയമ്മ നെല്ലയ്ക്ക് നാണം. എണ്‍പതാമത്തെ വയസ്സില്‍ അപരിചിതമായിരുന്നു അക്ഷരങ്ങളെ പരിചയപ്പെട്ടതിന്റെ സന്തോഷം മുഖത്ത്. വെറ്റിലക്കറ പുരണ്ട മോണകാട്ടിയുള്ള ചിരിയൊടക്കി, നെല്ല തന്റെ കഥ പറഞ്ഞുതുടങ്ങി. ആദ്യമായി പഠിച്ച അക്ഷരങ്ങളെ കോര്‍ത്തിണക്കി ചില വാക്കുകള്‍. 'സ്വന്തം പേരെഴുതി ഒപ്പിടും. അതാ വലിയ കാര്യം'. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ സാക്ഷരതാ മിഷനും ചേര്‍ന്ന് മീനങ്ങാടി പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച മലയാള ഭാഷാ വാരാചരണവും വയനാട് ആദിവാസി സാക്ഷരതാ പഠിതാക്കളുടെ സംഗമവുമാണ് പ്രായഭേദമന്യേ ആദിവാസികള്‍ക്ക് തങ്ങളുടെ വികാരവും വിചാരവും അവതരിപ്പിക്കാനുള്ള അപൂര്‍വ വേദിയായത്. ഒരുമാസമായി നെല്ല സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയ ആദിവാസി സാക്ഷരതാ ക്ലാസില്‍ പഠിക്കുന്നു. അക്ഷരങ്ങളില്‍ ചിലതൊക്കെ പാഠം കണ്ടാല്‍ മാത്രമേ ചിരിച്ചറിയാനാകൂ എന്ന് നെല്ല. മകന്‍, മകന്റെ ഭാര്യ, മക്കള്‍ ഉള്‍പ്പടെ നാല് പേരാണ് വീട്ടില്‍. ക്ലാസ് നടക്കുന്നത് സ്വന്തം വീട്ടില്‍ തന്നെ പുറത്ത് പണിക്കൊന്നും പോകേണ്ടാത്തതിനാല്‍ ക്ലാസ് മുടങ്ങില്ല. മരിക്കുവോളം പഠിക്കണമെന്നാണ് നെല്ലയുടെ ആഗ്രഹം. കുറ്റമ്പാളി കോളനിയിലെ നെല്ലയെപ്പോലെ സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ കാക്ക(70), മീനങ്ങാടി പഞ്ചായത്തില്‍ നിന്നുള്ള മൂക്കി തുടങ്ങി പ്രായമായ ആദിവാസി സ്ത്രീകളുടെ വലിയൊരു നിര മുന്‍പിലെ ഇരിപ്പിടങ്ങളില്‍ തന്നെഇടം പിടിച്ചിരുന്നു. കാലങ്ങളായി പൊതുവേദിയില്‍ സ്ഥാനം ലഭിക്കാതിരുന്നു, അല്ലെങ്കില്‍ വരാന്‍ ബുദ്ധിമുട്ടിയിരുന്നു ഈ സ്ത്രീകള്‍ ഇത്രയും പേര്‍ ചടങ്ങിന് പങ്കെടുത്തതുത ന്നെ അക്ഷരങ്ങള്‍ ഇവര്‍ക്ക് നല്‍കിയ ശക്തിയാണ് കാട്ടുന്നതെന്ന്   ഇന്‍സ്ട്രക്ടര്‍മാര്‍ പറഞ്ഞു. അമ്പലവയല്‍ ഒഴലിക്കൊല്ലി കോളനിയിലെ ചിരുത വേദിയിലെത്തി 'ചന്ദനക്കാട്ടിലെ ചെണ്ടമുറിപോലെ പെണ്ണൊരുത്തി ….' എ പാട്ട് പാടി പാടിത്തുടങ്ങിയപ്പോള്‍ തന്നെ സദസ്സ് താളം ഏറ്റെടുത്ത് കൈകൊട്ടി തുടങ്ങിയിരുന്നു. പിന്നീട് ആദിവാസി വട്ടക്കളി ഉള്‍പ്പടെയുള്ള കലാരൂപങ്ങള്‍ അരങ്ങേറി. ചിലര്‍ ആദ്യ അക്ഷരം പഠിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയന്‍ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി.അബ്ദള്‍ ഖാദര്‍ കേരള പിറവിദിന സന്ദേശം നല്‍കി. ചടങ്ങില്‍ ആദിവാസി സാക്ഷരതാ ക്ലാസുകളില്‍ ഉപയോഗിക്കാനായി കോട്ടയം സ്വദേശിയായ ഗവേഷക വിദ്യാര്‍ഥി പി.അലക്‌സ് 300 റേഡിയോ സംഭാവന ചെയ്തു. 300 കോളനികളിലാണ് സാക്ഷരതാ ക്ലാസ് നടക്കുന്നത്. റേഡിയോ മാറ്റൊലിയുടെ നേതൃത്വത്തില്‍ വൈകീട്ട് അഞ്ചു മുതല്‍ ഏഴു വരെ ആദിവാസി ഭാഷയില്‍ മൊഴിമാറ്റം നടത്തി സാക്ഷരതാ ക്ലാസ് സംപ്രേഷണം ചെയ്യും.ജില്ലയില്‍ ആദിവാസി സാക്ഷരതാ ക്ലാസില്‍ അറുപത് വയസ് കഴിഞ്ഞ 76 പേരാണ് പഠിക്കുന്നത്. 
സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.കെ.പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കറപ്പന്‍, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീതാ വിജയന്‍, മീനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അസൈനാര്‍, മീനങ്ങാടി വികസനകാര്യ ചെയര്‍പേഴ്‌സ രാജി മോള്‍, ആദിവാസി സാക്ഷരതാ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു, റേഡിയോ മാറ്റൊലി സ്‌റ്റേഷന്‍ ഡയറക്ടര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ പുത്തേടന്‍, അസിസ്റ്റന്റ് ട്രൈബല്‍ ഓഫീസര്‍ ബെി, മീനങ്ങാടി ഗ്രാമപഞ്ചായത്ത് അംഗം ബേബി ലത, ആദിവാസി സാക്ഷരതാ പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍ എം.ഒ. വര്‍ഗീസ്, സാക്ഷരതാ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ എന്നിവര്‍ പ്രസംഗിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *