May 18, 2024

പേര്യ കൈപ്പഞ്ചേരി കോളനിയിലെ ആറ് കുടുംബങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിൽ: നാല് കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പിൽ

0
Img 20180925 Wa0067

മാനന്തവാടി: കാലവര്‍ഷത്തില്‍ മണ്ണിടിഞ്ഞ് വീടുകള്‍ ഭാഗീകമായി തകര്‍ന്ന  ആദിവാസി കുടുംബങ്ങളുടെ ജീവിതം  ദുരിതപൂര്‍ണ്ണം. വീട് പൂര്‍ണ്ണമായും തകര്‍ന്ന നാല് കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യമ്പില്‍. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ പേര്യ അയിനിക്കല്‍ കൈപ്പഞ്ചേരി പണിയ കോളനി നിവാസികളാണ് ദുരിതം പേറുന്നത്. കോളനിയിലെ 12 വീടുകളില്‍ നാല് വീടുകള്‍ പൂര്‍ണ്ണമായും, ആറ് വീടുകള്‍ ഭാഗീകമായുമാണ് തകര്‍ന്നത്. നെല്ല, കറപ്പന്‍, സജി, സിന്ധു എന്നിവരുടെ വീടുകള്‍ പൂര്‍ണ്ണമായും മണ്ണിടിഞ്ഞ് തകര്‍ന്നതിനാല്‍ അയിനിക്കല്‍ നിര്‍മ്മല സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലും, പിന്നീട് ഈ കുടുംബങ്ങളെ അയിനിക്കല്‍ കമ്മ്യൂണിറ്റി ഹാളിലേക്കും മാറ്റുകയായിരുന്നു. നാല് കുടുംബങ്ങളിലായി 20ഓളം പേരാണ് ഇപ്പോഴും ക്യാമ്പില്‍ കഴിയുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നാല് ഏക്കര്‍ സ്ഥലത്താണ് കൈപ്പഞ്ചേരി പണിയ കോളനി സ്ഥാപിച്ചത്. എല്ലാ വര്‍ഷവും  കബനി നദിയുടെ ഉദ്ഭവ സ്ഥാനമായ  അയിനിക്കല്‍ പുഴ കരകവിഞ്ഞൊഴുകുമ്പോള്‍ ഈ വീട്ടുകാര്‍ ഒറ്റപ്പെടുകയും ഇവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുകയും ചെയ്യുന്നത് പതിവാണ്. അയിനിക്കല്‍ പുഴയില്‍ നിന്നും 25 മീറ്ററോളം ഉയരത്തിലാണ് 12 വീടുകളും നിര്‍മ്മിച്ചത്. വീടുകളുടെ പിന്‍ഭാഗത്ത് 50 മീറ്ററോളം ഉയരത്തില്‍ വലിയ കുന്നാണ്. പേര്യ ആലാറ്റിൽ  റോഡില്‍ നിന്നും 200 മീറ്ററോളം അകലെയുള്ള കോളനിയില്‍ ഗതാഗതയോഗ്യമായ റോഡ് പോലുമില്ല. ഇവർക്ക് സുരക്ഷിതവും സുസ്ഥിരവുമായ വാസസ്ഥലം ഒരുക്കണമെന്ന് തവിഞ്ഞാൽ ഗ്രാമപഞ്ചായത്തംഗം  ബെന്നി പറഞ്ഞു.

ഇക്കഴിഞ്ഞ ശക്തമായ കാലവര്‍ഷത്തില്‍ 50 മീറ്ററോളം ഉയരുമുള്ള കുന്നില്‍ നിന്നും മണ്ണിടിഞ്ഞതിനാല്‍ നാല് വീടുകള്‍ പൂര്‍ണ്ണമായും തകരുകയായിരുന്നു. ആറ് വീടുകള്‍ക്ക് കേടുപാടുകളും സംഭവിച്ചു. ഇതിന് പുറമേ വീടുകളുടെ മുന്‍ഭാഗത്തും പിന്‍ഭാഗത്തെ കുന്നിലും വന്‍വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഏത് സമയത്തും മുന്‍ഭാഗത്തു നിന്നും, പിന്‍ഭാഗത്തു നിന്നും   മണ്ണിടിയാനുള്ള സാദ്ധ്യതയേറെയാണ്. ഇതിന് പുറമേ ട്രൈബല്‍ വകുപ്പിന്റെ നിര്‍മ്മാണത്തിലുള്ള വീടുകള്‍ക്കും മണ്ണിടിഞ്ഞ് ഏറെ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പല വീടുകളുടെയും ഉള്ളില്‍ നിന്നും ഇടിഞ്ഞ് വീണ മണ്ണ് മാറ്റിയാണ് ആദിവാസി കുടുംബങ്ങള്‍ ഏറെ ദുരിതം സഹിച്ച് താമസിക്കുന്നത്. പല വീടുകളുടെയും ചുമരുകള്‍ക്കും, തറക്കും വിള്ളലുകളുമുണ്ട്. കൈപ്പഞ്ചേരി കോളനിയില്‍ നിന്നും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കണമെന്നാണ് കോളനിക്കാരുടെ ആവശ്യം. കോളനിക്ക് തൊട്ടടുത്ത് തന്നെ സുരക്ഷിതമായതും, മിച്ചഭൂമിയായി കണ്ടുക്കെട്ടിയതുമായ ഹെക്ടര്‍ കണക്കിന് ഭൂമി നിലവിലുണ്ട്. ഈ ഭൂമിയിലേക്ക് കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ അടക്കമുള്ളവര്‍ വനം വകുപ്പിനോട് ആവശ്യമുന്നയിച്ചിട്ടുണ്ട്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *