May 19, 2024

വയനാട് ബദൽ റോഡിനായി സുപ്രീം കോടതിക്ക് മുമ്പിൽ പാട്ടു പാടി കിടപ്പു സമരത്തിനൊരുങ്ങി തൃശൂർ നസീർ.

0
Img 20181116 Wa0128
വയനാട് ബദൽ റോഡിനായി സുപ്രീം കോടതിക്ക് മുമ്പിൽ പാട്ടു പാടി കിടപ്പു സമരത്തിനൊരുങ്ങി തൃശൂർ നസീർ. 

കല്‍പ്പറ്റ: പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരം ബദല്‍ റോഡ് നിര്‍മാണത്തിനു ആവശ്യമായ വനഭൂമി വിട്ടുകൊടുത്തു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 2019 ഫെബ്രുവരിക്കകം ഉത്തരവിറക്കിയില്ലെങ്കില്‍ മാര്‍ച്ച് ആദ്യവാരം സുപ്രീം കോടതിക്കു മുന്നില്‍ കിടപ്പുസമരം ആരംഭിക്കുമെന്നു ഗിന്നസ് റെക്കാര്‍ഡ് ഉടമയുമായ കലാകാരന്‍ തൃശൂര്‍ നസീര്‍. റോഡ് യാഥാര്‍ഥ്യമാക്കുന്നതില്‍ വയനാടന്‍ ജനതയെ ഒരു കുടക്കീഴില്‍ നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഞായറാഴ്ച്ച  ഉച്ചകഴിഞ്ഞു മൂന്നിനു പടിഞ്ഞാറത്തറ ബസ്സ്റ്റാന്‍ഡില്‍  തുടര്‍ച്ചയായി അരമണിക്കൂര്‍ കിടന്നും ആറര മണിക്കൂര്‍ നിന്നും ഗാനാലാപനം നടത്തുമെന്നും നസീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 
വയനാട്ടില്‍നിന്നു രോഗികളടക്കം നിരവധി പേര്‍ ദിനേന കോഴിക്കോടിനും തിരിച്ചുമുള്ള യാത്രയ്ക്കു ആശ്രയിക്കുന്ന താമരശേരി ചുരത്തില്‍ അടിക്കടി ഉണ്ടാകുന്ന ഗതാഗതതടസത്തിനു പരിഹാരമാണ് പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ റോഡ്. ഈ പാതയ്ക്കായുളള ശ്രമങ്ങള്‍ക്കു 1979ലാണ് പടിഞ്ഞാറത്തറയിലും പൂഴിത്തോടും തുടക്കമായത്. 1989ല്‍ വനം-വന്യജീവി വകുപ്പിന്റെ അനുമതിയോടെ പൊതുമരാമത്ത് വകുപ്പ് റോഡ് സര്‍വേ പൂര്‍ത്തിയാക്കി. റോഡ് നിര്‍മിക്കുമ്പോള്‍ 52 ഏക്കര്‍ വനം നഷ്ടമാകും. ഇക്കാര്യം പൊതുമരാമത്ത് വകുപ്പ് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പകരം 104 ഏക്കറില്‍ വനവത്കരണം നടത്തണമെന്നു വനം-വന്യജീവി വകുപ്പ് അറിയിച്ചു. ഇതേത്തുടര്‍ന്നു പെരുവണ്ണാമൂഴിയില്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രി പി.കെ.കെ. ബാവയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ പൂഴിത്തോട്, പടിഞ്ഞാറത്തറ ഭാഗങ്ങളില്‍ 52 വീതം ഏക്കര്‍ ഭൂമി വിട്ടുകൊടുക്കാന്‍ തീരുമാനമായി. ഇതനുസരിച്ച് തരിയോട് വില്ലേജില്‍ 15-ഉം വെള്ളമുണ്ട വില്ലേജില്‍  നാലും കാഞ്ഞിരങ്ങാട്  വില്ലേജില്‍ 33-ഉം ചങ്ങരോത്ത് പഞ്ചായത്തില്‍ 52-ഉം ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് വനം-വന്യജീവി വകുപ്പിനു കൈമാറി. വൈകാതെ പൊതുമരാമത്ത് വകുപ്പ് ചെമ്പനോട-പൂഴിത്തോടു ഭാഗത്തും പടിഞ്ഞാറത്തറ-പൂഴിത്തോടു ഭാഗത്തും റോഡുപണി തുടങ്ങി. മുള്ളന്‍കണ്ടി പാലം പണിയും നടത്തി. എന്നാല്‍ പകരം ഭൂമി നല്‍കി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും പ്രവൃത്തിക്കായി വനഭൂമി ഉപയോഗപ്പെടുത്തുന്നതിനു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചില്ല. 
ബദല്‍ റോഡിന്റെ അഭാവത്തില്‍ വയനാട്ടുകാര്‍ അനുഭവിക്കുന്ന വിഷമതകള്‍ വിവരിച്ചും പാത നിര്‍മാണത്തിനു വനഭൂമി വിട്ടുകൊടുക്കണമെന്നു ആവശ്യപ്പെട്ടും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു അപേക്ഷ നല്‍കിയിട്ടുണ്ട്. ആഴ്ചകള്‍ക്കുള്ളില്‍ വനം-പരിസ്ഥിതി മന്ത്രിയെ നേരില്‍ക്കണ്ടും ആവശ്യം ഉന്നയിക്കും. എന്നിട്ടും അനുമതി ലഭിക്കുന്നില്ലെങ്കില്‍ സുപ്രീം കോടതിക്കു മുന്നില്‍ കിടപ്പുസമരം തുടങ്ങും. ഇതിനു മുന്നോടിയായി സെക്രട്ടറിയറ്റു പടിക്കലും കിടപ്പുസമരം നടത്തും. ഒന്നിച്ചുനിന്നു അധികാരകേന്ദ്രങ്ങളില്‍ സമ്മര്‍ദം ചെലുത്താന്‍ ജനം തയാറാകാത്തതാണ് വികസനരംഗത്ത്  വയനാട്  ജില്ല നേരിടുന്ന ഏറ്റവും വലിയ തടസമെന്നും നസീര്‍ പറഞ്ഞു.   
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *