May 18, 2024

ഭരണപരിഷ്‌കാര കമ്മീഷന്‍ പബ്ലിക് ഹിയറിംഗ് 13ന് : വി.എസ് അച്ചുതാനന്ദൻ പങ്കെടുക്കും.

0

    ഭരണ പരിഷ്‌കാര കമ്മീഷന്‍ ഫെബ്രുവരി 13 ന് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ഹാളില്‍ പൗരകേന്ദ്രീകൃത സേവനങ്ങള്‍ സംബന്ധിച്ച പബ്ലിക് ഹിയറിംഗ് നടത്തും.  കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ അധ്യക്ഷത വഹിക്കും.  രാവിലെ 10 മുതല്‍ ഒന്ന് വരെ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്ന പൊതുജനങ്ങളെ കേള്‍ക്കല്‍ പരിപാടിയും ഉച്ചയ്ക്ക്  2 മുതല്‍ 4 വരെ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ പ്രശ്‌നങ്ങളും പ്രതീക്ഷകളും എന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രത്യേക ക്ഷണിതാക്കളുമായി സംവാദവും കമ്മീഷന്‍ നടത്തും.
  
സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ പൗരകേന്ദ്രിതമാക്കുന്നതിനുള്ള പഠനത്തിന്റെ ഭാഗമായാണ് പൊതുജനങ്ങളുമായുള്ള ആശയവിനിമയം. സര്‍ക്കാര്‍ വകുപ്പുകള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാരിന്റെ മറ്റ് ഏജന്‍സികള്‍ എന്നിവ വഴിയുള്ള സേവനങ്ങളുടെ നിര്‍വഹണത്തിന്റെ ഫലപ്രാപ്തി ആണ് പഠനവിധേയമാക്കുക.  സേവന പ്രക്രിയ ജനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നവിധം പുന:സംവിധാനം ചെയ്യുക എന്നതാണ് കമ്മീഷന്റെ ഉദ്ദേശ്യം. ജനങ്ങളുമായി ദൈനംദിനം ഇടപെടുന്ന വകുപ്പുകളായ റവന്യൂ, സര്‍വെ, രജിസ്‌ട്രേഷന്‍, ആരോഗ്യം, ഗതാഗതം, കൃഷി, തദ്ദേശസ്വയംഭരണം, ഭക്ഷ്യസുരക്ഷ, പൊതുവിതരണം, സാമൂഹ്യനീതി, വനിതാ ശിശുക്ഷേമം, പോലീസ്, ജലവിതരണം തുടങ്ങിയ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സേവനം സംബന്ധിച്ച പ്രവര്‍ത്തനം കമ്മീഷന്‍ അവലോകനം ചെയ്യും.  അഴിമതി, ജനങ്ങളോടുള്ള സൗമ്യത ഇല്ലാത്ത പെരുമാറ്റം, സര്‍ക്കാര്‍ വകുപ്പുകളുടെയും മറ്റും സേവന പ്രവര്‍ത്തനം സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ സ്വരൂപിക്കും.  സേവനാവകാശ നിയമ നിര്‍വഹണ നിലവാരവും ഇ-ഗവേണന്‍സിന്റെ സാധ്യതകളും കമ്മീഷന്റെ പരിശോധന വിധേയമാകും.  പൊതുജനങ്ങള്‍ക്ക് ആശയങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുതി നല്‍കാം.
പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ പ്രശ്‌നങ്ങളും പ്രതീക്ഷകളും എന്ന വിഷയത്തിലുള്ള സംവാദത്തില്‍ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍, സര്‍ക്കാര്‍ സേവനം ലഭിക്കുന്നതിലെ കാര്യക്ഷമത, പട്ടികവര്‍ഗ്ഗ ജന വിഭാഗങ്ങള്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചയും വിലയിരുത്തലുകളും നടത്തും.  സാമൂഹ്യ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, തൊഴിലാളി പ്രസ്ഥാനങ്ങള്‍, ആദിവാസികളായ വ്യക്തികള്‍ എന്നിവരുമായി കമ്മീഷന്‍ ആശയ വിനിമയം നടത്തും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *