April 30, 2024

വയനാട് മെഡിക്കൽ കോളജ്: കല്‍പ്പറ്റ എം.എല്‍.എ ഭൂമാഫിയയുടെ വലയിലാണെന്ന് കല്‍പ്പറ്റ നിയോജക മണ്ഡലം യൂത്ത് ലീഗ്

0
കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജ് വിഷയത്തില്‍ ഇല്ലാത്ത റിപ്പോര്‍ട്ടിന്റെ പേരില്‍ സ്ഥലം മാറ്റാനുളള ഭൂമാഫിയകളുടെ നിലപാടിനോട് യോജിച്ച് നില്‍ക്കുന്ന കല്‍പ്പറ്റ എം.എല്‍.എ ഭൂമാഫിയയുടെ വലയിലാണെന്ന് കല്‍പ്പറ്റ നിയോജക മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ജിയോളജിസ്റ്റുകളായ ചിലരുടെ അഭിപ്രായം മാത്രം മുന്‍നിര്‍ത്തി കൃത്യമായ പഠനം നടത്താതെ നിര്‍ദ്ദിഷ്ട സ്ഥലം മാറ്റുന്നത് ദുരൂഹമാണ്. ചില പരാമര്‍ശങ്ങളെ ആധികാരികമായി എടുത്ത് യാഥാര്‍ത്ഥ പഠന  റിപ്പോര്‍ട്ടുകളെ പോലെ എം.എല്‍.എ തന്നെ ഏറ്റുപറയുന്നത് വയനാട് മെഡിക്കല്‍  കോളജ് വിഷയത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ 2017-18 ബഡ്ജററിലും, 2018-19 ബഡ്ജറ്റിലും യാതൊരു തുകയും നീക്കിവച്ചിരുന്നില്ല. മെഡിക്കല്‍ കോളജ് ഭൂമിയില്‍ നിന്നും മരവും മണ്ണും, കല്ലും കാപ്പിയും മാഫിയകള്‍ വേണ്ട പോലെ കടത്തി കഴിഞ്ഞു. വലിയ കുന്നുകളോ ഗര്‍ത്തങ്ങളോ ഇല്ലാത്ത ഈ സ്ഥലത്ത് നിന്നും പിന്മാറുക എന്നത് ആസൂത്രിത കൊളളയാണ്. വയനാട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് സ്ഥിതി ചെയ്യുന്ന സ്ഥലവുമായി താരതമ്യം ചെയ്താല്‍  ഈ പറയുന്ന  പരാമര്‍ശങ്ങളെ അവഗണിക്കേണ്ടതായി വരും. പദ്ധതി പ്രഖ്യാപിക്കുന്ന സമയത്ത് തന്നെ, പൂര്‍ണ്ണമായും പ്രകൃതിക്ക് ദോഷം വരാത്ത രീതിയിലായിരിക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് വ്യക്തമാക്കിയിരുന്നതുമാണ്. മൂന്നരക്കോടി ചിലവഴിച്ച റോഡ് നിര്‍മ്മാണം ആരംഭിക്കുകയും പാതി വഴിയില്‍ നിര്‍ത്തിവെക്കുകയും ചെയ്തപ്പോഴേ മെഡിക്കല്‍ കോളേജിന്റെ ചമരക്കുറിപ്പ് എഴുതിയതാണ്.
സി.പി.എം മെഡിക്കല്‍ കോളജിന്റെ ആരംഭം മുതലേ ഈ സ്ഥലവുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടാക്കി കൊണ്ടിരിക്കുകയായിരുന്നു. ഇലക്ഷന്‍ കാലയളവില്‍ യുദ്ധകാലടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തി ആരംഭിക്കുമെന്നായിരുന്നു എം.എല്‍.എ യുടെ വാഗ്ദാനം. 2015 ജൂലൈ 12ന് ഉമ്മന്‍ചാണ്ടി  തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് തട്ടിപ്പാണെന്ന് പറഞ്ഞവര്‍ പിന്നീട് ആരോഗ്യമന്ത്രി കെ.കെ. ഷൈലജയെ കൊണ്ട് വീണ്ടും ഉദ്ഘാടനം ചെയ്യിപ്പിച്ച് വയനാടന്‍ ജനതയെ പരിഹസിക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തത്.
നിലവിലുളള ഭൂമിയില്‍ മെഡിക്കല്‍ കോളജ് വന്നാല്‍ അതിന്റെ ക്രഡിറ്റ് യു.ഡി.എഫിന് ആകുമെന്ന ആശങ്കയാണ് എം.എല്‍.എയെ പിടികൂടിയിരിക്കുന്നത്. 
മണ്ഡലത്തിന്റെ  പൊതു വികസന കാര്യങ്ങളിലും എം.എല്‍. എ പൂര്‍ണ്ണ പരാജയം തന്നെയാണ്. തോട്ടം തൊഴിലാളി  ഫ്‌ളാറ്റ്, വയനാട്ടിലേക്ക് സ്‌പെഷ്യല്‍കാര്‍ഷിക പാക്കേജ്, ചുരം ബദല്‍ പാത, മേപ്പാടി-മുപ്പൈനാട്-വൈത്തിരി കുടിവെളള പദ്ധതി തുടങ്ങിയ കാര്യങ്ങളിലെല്ലാം എം.എല്‍.എ ഇപ്പോള്‍ മൗനത്തിലാണ്. കൈവശ ഭൂമിയുടെ രേഖകള്‍ ലഭ്യമാക്കുന്നതിന് സമരങ്ങളുമായി നടന്ന എം.എല്‍.എ ഈ കാര്യങ്ങളെല്ലാം മറന്നമട്ടാണ്. 40 വര്‍ഷത്തിന്‍ മുകളില്‍ കൈവശം വെക്കുകയും, പഞ്ചായത്ത് വീടുകള്‍ അനുവദിക്കുകയും റോഡ്പ്രവൃത്തിയും, കറന്റ് എത്തിക്കുകയുമെല്ലാം ചെയ്ത സ്ഥലങ്ങളില്‍ ഇടത് ഭരണം വന്നപ്പോള്‍ ഫോറസ്റ്റ് തടയുന്ന അവസ്ഥ നിലവിലുള്ളതായി യൂത്ത്‌ലീഗ് ചൂണ്ടിക്കാട്ടി. മണ്ഡലത്തിലെ വികസന പിന്നോക്കാവസ്ഥയില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 8 മുതല്‍ 18 വരെ മണ്ഡലത്തിലെ 10 പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. 18ന് കല്‍പ്പറ്റയില്‍ ഏകദിന സമരസംഗമത്തിനും  കല്‍പ്പറ്റ നിയോജകമണ്ഡലം യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും അവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് മുജീബ് കെഎംതൊടി, നാസര്‍.ടി. മുസ്തഫ എ.പി, ഷാജി കുന്നത്ത്, സി. ഇ ഹാരിസ്, സെയ്തലവി എ.കെ, മുഹമ്മദാലി കോട്ടത്തറ, അസീസ് അമ്പിലേരി പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *