May 18, 2024

വന നിർമ്മാണ ബോർഡ് വായ്പകൾ തീർപ്പാക്കൽ: അദാലത്ത് ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തണം – മന്ത്രി

0
 
സംസ്ഥാന ഭവന നിർമ്മാണ വായ്പകൾ തീർപ്പാക്കൽ അദാലത്ത് ആനുകൂല്യങ്ങൾ ഗുണഭോക്തക്കൾ ഉപയോഗപ്പെടുത്തണമെന്ന് റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ. ഭവന വായ്പകൾ തീർപ്പാക്കൽ വയനാട് ജില്ലാതല അദാലത്ത് കൽപ്പറ്റ മുനിസിപ്പൽ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന അദ്ദേഹം. 
    കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് വായ്പകൾ തീർപ്പാക്കാൻ സർക്കാർ കാര്യക്ഷമമായ ഇടപ്പെടലാണ് നടത്തുന്നതെന്നു മന്ത്രി പറഞ്ഞു. വായ്പ തിരിച്ചടവ് മുടങ്ങി പ്രതിസന്ധിയിലായ ഗുണഭോക്താക്കളേയും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന സംസ്ഥാന ഭവന നിർമ്മാണ ബോർഡിനേയും സഹായിക്കുകയാണ് അദാലത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. മന്ത്രിസഭയുടെ തീരുമാന പ്രകാരമാണ് എല്ലാ ജില്ലകളിലും അദാലത്ത് സംഘടിപ്പിക്കുന്നത്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയ്ക്ക് പ്രത്യേക പരിഗണനയാണ് സർക്കാർ നൽകുന്നത്. ബോർഡിന്റെ ഭവന നിർമ്മാണ വായ്പകൾ എഴുതി തള്ളുമെന്ന് വ്യാജപ്രചാരണം നടക്കുന്നുണ്ട്. ഇതിനെതിരെ ഗുണഭോക്താക്കൾ ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു.   
   കേന്ദ്ര സർക്കാർ സ്ഥാപനമായ ഹഡ്‌കോയിൽ നിന്നും വായ്പയെടുത്താണ് ഭവന നിർമ്മാണത്തിന് ബോർഡ് ധനസഹായം നൽകിയത്. നിലവിൽ സംസ്ഥാനത്താകെ 214 കോടി രൂപ വായ്പ കുടിശ്ശികയായിട്ടുണ്ട്. ഇതിൽ 508 ഫയലുകളിലായി 48 കോടി ജില്ലയിലും കുടിശ്ശികയാണ്. സംസ്ഥാന തലത്തിൽ തന്നെ ഏറ്റവും കൂടുതൽ കുടിശ്ശിക വയനാട് ജില്ലയിലാണുള്ളത്. ഇരുപത് വർഷം മുമ്പുള്ള വായ്പകൾക്ക് സംസ്ഥാന സർക്കാർ ഇപ്പോഴും പലിശയും കൂട്ടുപലിശയും ഹഡ്‌കോയ്ക്ക് നൽകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ദീർഘനാളായ കുടിശ്ശിക തീർക്കാനുള്ള അവസരം  അദാലത്തിലൂടെ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കിയത്. മൂന്നു മാസത്തെ സമയപരിധിയിൽ മൂന്നുലൊന്നു വിഹിതമായി തുക അടച്ചാൽ മതിയാവും.           
      സി.കെ ശശീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ച പരിപാടിയിൽ കൽപ്പറ്റ നഗരസഭ ചെയർപേഴ്‌സൺ സനിത ജഗദീഷ്, സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെയർമാൻ പി. പ്രസാദ്, സെക്രട്ടറി ബി. അബ്ദുൾ നാസർ, ജില്ലാ കളക്ടർ എ.ആർ അജയകുമാർ, ഡെപ്യൂട്ടി കളക്ടർ സി.എം വിജയലക്ഷ്മി, ബോർഡ് അംഗങ്ങളായ ഇ.എ ശങ്കരൻ, പി.പി സുനീർ, ബോർഡ് ഡെപ്യൂട്ടി ചീഫ് എൻജിനീയർ പി.എൻ റാണി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *