May 19, 2024

കോവിഡ് പ്രതിരോധം; അതിരില്ലാത്ത പ്രവര്‍ത്തന മാതൃക

0
Fb Img 1587029135828.jpg


ഡോ. ബി അഭിലാഷ്. പ്രളയം, നിപ്പ കാലങ്ങളില്‍ പ്രവര്‍ത്തന മികവിന് ഏറെ പ്രശംസ പിടിച്ചുപറ്റിയ ഡോക്ടര്‍. ഡോക്ടര്‍ എന്ന നിലയില്‍ മാത്രമല്ല, സാമൂഹിക പ്രതിബദ്ധത മുഖമുദ്രയാക്കി അതിരില്ലാത്ത ജനസേവനള്‍ക്കു കൂടിയാണ് ഈ അംഗീകാരം. ഇപ്പോഴിതാ, ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന കൊറോണ വൈറസിനെതിരേ പോരാടുന്ന വയനാട്ടിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേതൃത്വം നല്‍കുകയാണ് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ്. കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. രാജ്യത്ത് ആദ്യത്തെ കൊറോണ കേസ് കേരളത്തില്‍ റിപോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ വയനാട്ടില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ 356 മാസ്റ്റര്‍ ട്രെയിനര്‍മാരെ വാര്‍ത്തെടുത്തത് ഡോ. അഭിലാഷ് മുന്‍കൈയെടുത്താണ്. ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലിലൂടെ കളക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ അദ്ദേഹം കൊറോണയെ പ്രതിരോധിക്കേണ്ട വിധത്തെക്കുറിച്ച് ക്ലാസുകള്‍ നയിച്ചു. ആശാവര്‍ക്കര്‍മാര്‍, ആര്‍.ബി.എസ്.കെ നഴ്‌സുമാര്‍, പാലിയേറ്റീവ് പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ വരെ മാസ്റ്റര്‍ ട്രെയിനര്‍മാരായി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്നതും നടന്നുവരുന്നതുമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കുന്നു. ഒരുഘട്ടത്തില്‍ വൈറസിന്റെ സാമൂഹിക വ്യാപനം ഉണ്ടായേക്കുമെന്ന അവസ്ഥയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ക്കിടയിലും പരിശീലനങ്ങള്‍ക്കും സംശയനിവാരണങ്ങള്‍ക്കുമുള്ള വേദി ഡോ. അഭിലാഷ് കണ്ടെത്തി. സാങ്കേതികവിദ്യയുടെ നൂതന സാധ്യതകള്‍ പ്രയോജനപ്പെടുത്തിയായിരുന്നു ഇത്. നവമാധ്യമം വാട്‌സ് ആപ്, സൂം എന്നിവയിലൂടെ 15 സെഷനുകളിലായി ഇതിനകം 2,683 പേര്‍ക്ക് പരിശീലനം നല്‍കി. സാമൂഹികനീതി വകുപ്പ് സ്‌കൂള്‍ കൗണ്‍സലര്‍മാര്‍, പാരാലീഗല്‍ വോളന്റിയര്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റ്-സെക്രട്ടറിമാര്‍, പള്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടീം, നെഹ്‌റുയുവകേന്ദ്ര വോളന്റിയര്‍മാര്‍, റെഡ്‌ക്രോസ് സൊസൈറ്റി പ്രതിനിധികള്‍, ജില്ലാ പഞ്ചായത്ത് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീം, യുവജനസംഘടനാ പ്രതിനിധികള്‍, തരിയോട് വോളന്റിയര്‍ ടീം, കണിയാമ്പറ്റ റസ്‌ക്യൂ ടീം, അരിവാള്‍ രോഗികള്‍, പനമരം സി.എച്ച്. സെന്റര്‍ പ്രതിനിധികള്‍, ലേബര്‍ ഓഫിസ് ജീവനക്കാര്‍, സമസ്ത വോളന്റിയര്‍ ഗ്രൂപ്പ്, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവരൊക്കെ ഇത്തരത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരാണ്. ടെലിവിഷന്‍ ചാനലുകളിലൂടെയും റേഡിയോ പ്ലാറ്റ്‌ഫോമിലും പൊതുജനങ്ങളുമായി സംവദിച്ച് സംശയദൂരീകരണം നടത്താനും ഡോ. അഭിലാഷ് ശ്രദ്ധിക്കുന്നു. ഭാര്യയും ജില്ലാ ആശുപത്രിയിലെ ശിശുരോഗ വിഭാഗം ഡോക്ടറുമായ സി.കെ ദിവ്യയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയാണ്. കോവിഡ് ആശുപത്രിയില്‍ രോഗിയെ പരിചരിച്ചതിനു ശേഷമുള്ള ക്വാറന്റൈന്‍ കാലയളവ് പൂര്‍ത്തിയാക്കി തിരികെ ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ് അവര്‍. ഏക മകള്‍ ആമി സ്വദേശമായ മലപ്പുറം ഓടക്കയത്ത് ഡോ. അഭിലാഷിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *