May 17, 2024

കാലവര്‍ഷം : ജില്ലയില്‍ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം സജ്ജമായി

0

    കാലവര്‍ഷ ദുരന്തങ്ങള്‍ നേരിടുന്നതിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനുമായി ജില്ലയില്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗരേഖ പ്രകാരമുള്ള ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം (ഐആര്‍എസ്) പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമായി. കമാന്‍ഡ്, ഓപ്പറേഷന്‍സ്, പ്ലാനിങ്ങ്, ലോജിസ്റ്റിക്സ് എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കൂടാതെ താലൂക്ക് തലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
   ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളളയാണ് ഐആര്‍എസിന് നേതൃത്വം നല്‍കുക. അഡീഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റിനാണ് ( എ.ഡി.എം) ഇന്‍സിഡന്റ് കമാന്‍ഡറുടെ ചുമതല. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍  ഡെപ്യൂട്ടി ഇന്‍സിഡന്റ് കമാന്‍ഡറാണ്. ഓപ്പറേഷന്‍സ് വിഭാഗം മേധാവിയായി ജില്ലാ പൊലീസ് മേധാവി പ്രവര്‍ത്തിക്കും. ഡിസ്ട്രിക് മെഡിക്കല്‍ ഓഫീസര്‍ക്കാണ് സേഫ്റ്റി ഓഫീസറുടെ ചുമതല. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മീഡിയ ഓഫീസറും അടിയന്തര പ്രവര്‍ത്തന വിഭാഗം ഹസാര്‍ഡ് ഓഫീസര്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറും ആയിരിക്കും. ദുരന്തനിവാരണ വിഭാഗം സെക്ഷനിലെ ജൂനിയര്‍ സൂപ്രണ്ടാണ് ലെയസണ്‍ ഓഫീസര്‍. ഗതാഗതച്ചുമതല ആര്‍.ടി.ഒയും പ്ലാനിംഗ് ചുമതല ഡിസ്ട്രിക് ഫയര്‍ ഓഫീസറും വഹിക്കും.
    താലൂക്ക് തലത്തിലും റെസ്പോണ്‍സിബിള്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.. മാനന്തവാടി താലൂക്കില്‍ സബ്കളക്ടറും ബത്തേരി താലൂക്കില്‍ ആര്‍.ആര്‍ ഡെപ്യൂട്ടി കളക്ടറും വൈത്തിരി താലൂക്കില്‍ എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടറുമാണ് റെസ്പോണ്‍സിബിള്‍ ഓഫീസര്‍മാര്‍. തഹസില്‍ദാര്‍മാരാണ് ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍. ദുരന്ത നിവാരണ നിയമത്തിന്റെ 6-ാം വകുപ്പ് പ്രകാരമാണ് ഐ.ആര്‍.എസ് രൂപവത്കരിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *