May 16, 2024

ജല ജീവന്‍ മിഷന്‍ : ജല ശുചിത്വമിഷന്‍ സമിതി രൂപീകരിച്ചു

0
ജില്ലയിലെ ജല ജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടര്‍ ചെയര്‍പേഴ്‌സണായി ജില്ലാതല ജല ശുചിത്വമിഷന്‍ സമിതി രൂപീകരിച്ചു. പത്തൊമ്പതംഗ സമിതിയില്‍ കേരള ജല അതോറിറ്റി (പി.എച്ച്. ഡിവിഷന്‍)എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കണ്‍വീനര്‍ ആയിരിക്കും. ജനപ്രതിനിധികള്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് സമിതി അംഗങ്ങള്‍. ഗ്രാമീണ മേഖലയിലെ എല്ലാ വീടുകള്‍ക്കും 2024 ഓടെ  ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ ലഭ്യമാക്കി പ്രതിദിന ആളോഹരി ജലലഭ്യത 55 ലിറ്റര്‍ എന്ന കണക്കില്‍ കുടിവെള്ളം ഉറപ്പാക്കുവാനുള്ള പദ്ധതിയാണ് ജലജീവന്‍ മിഷന്‍. 
ഗ്രാമ പഞ്ചായത്ത് തലത്തില്‍ ഓരോ പഞ്ചായത്തിലും ഗാര്‍ഹിക ടാപ്പ് കണക്ഷനുകളുടെ ആവശ്യകത കണക്കാക്കിയുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കുക. വാര്‍ഷിക പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കുക. കുടിവെള്ള വിതരണ പദ്ധതിള്‍ക്കുള്ള ഭരണാനുമതി നല്‍കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ തയ്യാറാക്കിയ ഡിസൈനുകളും എസ്റ്റിമേറ്റും പരിശോധിച്ച് അംഗീകാരം നല്‍കുക. വരള്‍ച്ച, പ്രളയം എന്നിങ്ങനെയുള്ള ദുരന്ത സമയങ്ങളില്‍ ഉടന്‍തന്നെ സഹായം എത്തിക്കുക, പരാതി പരിഹാര സംവിധാന മാര്‍ഗങ്ങള്‍ നടപ്പിലാക്കുക തുടങ്ങിയവയാണ് സമിതിയുടെ ചുമതലകള്‍. 
4120 ഗാര്‍ഹിക കുടിവെളള കണക്ഷനുകള്‍ക്ക് അംഗീകാരം
ജല ജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ 4120 ഗാര്‍ഹിക കുടിവെളള കണക്ഷനുകള്‍ നല്‍കുന്നതിനുളള കേരള വാട്ടര്‍ അതോറിറ്റിയുടെ കര്‍മ്മപദ്ധതിക്ക് ജില്ല ജലശുചിത്വ മിഷന്‍ അംഗീകാരം നല്‍കി. ഒമ്പത് പഞ്ചായത്തുകളിലായി നല്‍കുന്ന കണക്ഷനുകള്‍ക്ക് 9.17 കോടി രൂപയുടെ പദ്ധതി ചെലവാണ് കണക്കാക്കിയിരിക്കുന്നത്. ടെണ്ടര്‍ നടപടികള്‍ ആഗസ്റ്റ് ആദ്യവാരത്തോടെ  പൂര്‍ത്തീകരിക്കും. നിലവിലെ വിതരണ ശൃംഖലകള്‍  ദീര്‍ഘിപ്പിച്ചാണ് ഈ കണക്ഷനുകള്‍ നല്‍കുക. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടത്തുന്ന പദ്ധതിയില്‍  ഫണ്ടിന്റെ 10% ഗുണഭോക്താവും 15% ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തും വഹിക്കണം. ആദിവാസി കുടുംബങ്ങളുടെ വിഹിതം പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കോര്‍പ്പസ് ഫണ്ടില്‍ നിന്ന് നല്‍കും.
ഗ്രാമ പഞ്ചായത്ത്, കണക്ഷന്‍, തുക ക്രമത്തില്‍. 
പടിഞ്ഞാറത്തറ (670) 1.47 കോടി,  തരിയോട്(400) 73 ലക്ഷം, മൂപ്പൈനാട്(400) 79.60 ലക്ഷം, വെങ്ങപ്പള്ളി (300) 65.70 ലക്ഷം, വൈത്തിരി (450) 1.41 കോടി, കണിയാമ്പറ്റ(900) 1.79 കോടി, മുട്ടില്‍ (250)  55.40 ലക്ഷം, എടവക( 400)  84.50 ലക്ഷം, മുളളന്‍കൊല്ലി (350) 92.30 ലക്ഷം.  
ജില്ലാ ജലശുചിത്വ മിഷന്‍ യോഗത്തില്‍ എ.ഡി.എം ഇ. മുഹമ്മദ് യൂസഫ് അധ്യക്ഷത വഹിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം ഷൈജു, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ കെ.സി ചെറിയാന്‍, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ടി. തുളസീധരന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *