May 20, 2024

വൃക്കമാറ്റിവച്ച രോഗികളുടെ ജീവന്‍ രക്ഷിക്കാനാകുന്ന, ജനിതക പഠനവുമായി ആര്‍.ജി.സി.ബി ശാസ്ത്രജ്ഞര്‍.

0
Collagemaker 20211206 090043302.jpg
സി.ഡി. സുനീഷ്.
തിരുവനന്തപുരം: 
നിർണ്ണായകമായ പഠനം ആരോഗ്യ മേഖലയിൽ,
വൃക്കമാറ്റിവച്ച രോഗികളുടെ ജീവന്‍ രക്ഷിക്കാനാകുന്ന നിര്‍ണായക ജനിതക പഠനവുമായി രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) യിലെ ശാസ്ത്രജ്ഞര്‍. കിഡ്നി മാറ്റിവയ്ക്കുന്ന രോഗികളുടെ രോഗപ്രതിരോധ ശേഷിയെ മന്ദീഭവിപ്പിച്ച് പുതിയ അവയവവുമായി ശരീരം പൊരുത്തപ്പെടുന്നതിനായി നല്‍കുന്ന മരുന്നിന്‍റെ വളരെ കൃത്യമായ അളവ് കണ്ടെത്തുന്നതിനുള്ള സമവാക്യമാണ് ആര്‍ജിസിബി രൂപപ്പെടുത്തിയിരിക്കുന്നത്.
 
ശരീരത്തിലെ രോഗപ്രതിരോധ ശേഷിയെ കുറച്ചുകൊണ്ട്, മാറ്റിവയ്ക്കപ്പെട്ട അവയവം ശരീരം തിരസ്കരിക്കാതിരിക്കാന്‍ വേണ്ടി നല്‍കുന്ന ടാക്രോലിമസ് എന്ന മരുന്നിനെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. രക്തത്തില്‍ ഈ മരുന്ന് നിര്‍ദിഷ്ട അളവില്‍ ഇല്ലാത്തതുമൂലം മാറ്റിവയ്ക്കപ്പെട്ട അവയവം ശരീരം തിരസ്കരിക്കാനുള്ള സാധ്യത കുറയ്ക്കാനും ആവശ്യത്തില്‍ കൂടുതല്‍ മരുന്ന് കാരണം ഉണ്ടായേക്കാവുന്ന പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനും ഈ പഠനം വഴിത്തിരിവാകും.  
ആര്‍ജിസിബി ലബോറട്ടറി മെഡിസിന്‍ ആന്‍ഡ് മോളിക്യുലാര്‍ ഡയഗ്നോസ്റ്റിക്സ് ഡിവിഷനിലെ ഡോ. രാധാകൃഷ്ണന്‍ നായരും ഡോ. ലക്ഷ്മി ശ്രീനിവാസുമാണ് മരുന്നിനെ സംബന്ധിച്ച ജനിതക പഠനം നടത്തിയത്. തിരുവനന്തപുരം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ വൃക്കമാറ്റിവയ്ക്കലിന് വിധേയമായ ടാക്രോലിമസ് മരുന്ന് കഴിച്ച രോഗികളെയാണ് പഠന വിധേയരാക്കിയത്.
വൃക്ക, ഹൃദയം, കരള്‍ എന്നിവ മാറ്റിവയ്ക്കപ്പെടുന്ന രോഗികളിലാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. കൂടുതല്‍ ഫലപ്രാപ്തിക്കായി, പ്രത്യകിച്ച് അവയവമാറ്റത്തിനു ശേഷമുള്ള പ്രാരംഭ കാലയളവില്‍ ഈ മരുന്ന് കൃത്യമായ തോതില്‍ രക്തത്തിലുണ്ടാകേണ്ടത് അനിവാര്യമാണ്. ഇതിനായി രോഗിയുടെ രക്തത്തിലെ ടാക്രോലിമസിന്‍റെ അളവ് കൃത്യമായ ഇടവേളകളില്‍ നിര്‍ണയിച്ച് അതിനനുസരിച്ചു ഡോസില്‍ വ്യതാസങ്ങള്‍ വരുത്തേണ്ടതുണ്ട്. ഒരേ ഡോസ് മരുന്ന് നല്‍കിയാലും ഓരോ രോഗിയിലും മരുന്നിന്‍റെ അളവില്‍ വളരെയധികം വ്യതിയാനങ്ങള്‍ കണ്ടുവരുന്നുണ്ട്. ഇത്തരം മാറ്റങ്ങള്‍ക്ക് കാരണമായ ജീനുകളിലെ വ്യതിയാനങ്ങളെയാണ് ഇവര്‍ കണ്ടെത്തിയത്. കൂടാതെ ഈ മരുന്ന് മൂലമുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ക്കു കാരണമായ ജനതിക വ്യതിയാനങ്ങളെയും കണ്ടെത്തി.
ഓരോ രോഗിയുടെയും ജനതിക ഘടനയനുസരിച്ച് അവര്‍ക്ക് ആവശ്യമായ ടാക്രോലിമസിന്‍റെ ആദ്യഡോസ് വൃക്കമാറ്റിവക്കല്‍ ശസ്ത്രക്രിയക്ക് മുമ്പ് തന്നെ വൃക്കരോഗ വിദഗ്ധന്‍ കൃത്യമായി പ്രവചിക്കാന്‍ സഹായകമാകുന്ന സമവാക്യമാണ് വികസിപ്പിച്ചെടുത്തതെന്ന് ഡോ. രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു. മാറ്റിവയ്ക്കപ്പെട്ട വൃക്കയുടെ ശരിയായ പ്രവര്‍ത്തനത്തിന് ടാക്രോലിമസിന്‍റെ അളവ് ഒരു പ്രത്യേക അളവില്‍, പ്രത്യേകിച്ചും ശസ്ത്രക്രിയ കഴിഞ്ഞുള്ള ആദ്യനാളുകളില്‍ നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഓരോ ജനവിഭാഗത്തിനും തനതായ ജനതിക ഘടനയുണ്ട്. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയരാകുന്ന, കേരള പൈതൃകമുള്ള ജനവിഭാഗത്തിനായി പ്രത്യേകം രൂപപ്പെടുത്തിയതാണ് ഈ സമവാക്യമെന്ന് ഡോ. ലക്ഷ്മി ശ്രീനിവാസ് പറഞ്ഞു.
നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് അവയവമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മുന്‍പ് തന്നെ രോഗിയുടെ ഡിഎന്‍എ തന്‍മാത്ര പരിശോധിച്ച് അതിലുള്ള പ്രത്യേക വ്യതിയാനം  കണ്ടെത്തുന്നു. ഈ വ്യതിയാനവും ശരീരഭാരവും ഉപയോഗിച്ച് പുതുതായി വികസിപ്പിച്ചെടുത്ത സമവാക്യത്തിലൂടെ ഓരോ രോഗിക്കും നല്‍കേണ്ട ടാക്രോലിമസിന്‍റെ കൃത്യമായ അളവ് കണക്കുകൂട്ടാന്‍ സാധിക്കും. ശസ്ത്രക്രിയക്കുശേഷം രോഗികളുടെ രക്തത്തിലുള്ള ടാക്രോലിമസിന്‍റെ അളവ് ഏറ്റവും അനുയോജ്യമായ അളവില്‍ നിലനിര്‍ത്തുവാനും അതിലൂടെ അവയവം തിരസ്കരിക്കപ്പെടാനുള്ള സാധ്യതയും പാര്‍ശ്വഫലങ്ങളും കുറയ്ക്കുവാനും ഇത് സഹായകമാകും.
നിലവില്‍ രോഗിയുടെ ഭാരം അധിഷ്ഠിതമാക്കിയാണ് ടാക്രോലിമസിന്‍റെ അളവ് നിര്‍ണയിക്കുന്നത്. ഈ സമീപനം മരുന്നിന്‍റെ അളവില്‍ വൃത്യസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കൃത്യമായ അളവ് നിലനിര്‍ത്തുന്നതിനായി രക്തത്തിലെ മരുന്നിന്‍റെ അളവ് കൃത്യമായ ഇടവേളകളില്‍ നിര്‍ണ്ണയിക്കുകയും മരുന്നിന്‍റെ ഡോസ് ക്രമീകരിക്കുകയും വേണ്ടിവരുന്നു. ഈ ട്രയല്‍ ആന്‍ഡ് എറര്‍ രീതി ചെലവേറിയതും സമയമെടുക്കുന്നതുമാണ്. മാത്രമല്ല, ഇത് രോഗികളില്‍ നിരവധി സങ്കീര്‍ണതകള്‍ ഉണ്ടാക്കുന്നുമുണ്ട്.
മറ്റു ജനവിഭാഗങ്ങളെ അടിസ്ഥാനമാക്കി സമാന പഠനങ്ങള്‍ മുന്‍പ് നടന്നിട്ടുണ്ടെങ്കിലും അവയുടെ  പ്രവചനമൂല്യം അപര്യാപ്തമായതിനാല്‍ ചികിത്സാപരമായി  അധികം പ്രാബല്യത്തില്‍ വന്നിട്ടില്ലെന്ന് ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. പുതിയ പഠനം മരുന്നിനെ കൃത്യമായ അളവില്‍ നിജപ്പെടുത്താനും അതിലൂടെ നിരവധി രോഗികളെ രക്ഷിക്കുന്നതിനും സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് നെഫ്രോളജി വകുപ്പിലെ ഡോ. നോബിള്‍ ഗ്രേഷ്യസിന്‍റെ സഹകരണത്തോടെയാണ് മാതൃകാപരമായ പഠനം നടത്തിയത്. അവയവ തിരസ്കരണത്തിനും പാര്‍ശ്വഫലങ്ങള്‍ക്കുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന മറ്റു ജനതിക ഘടകങ്ങളെയും സംഘം കണ്ടെത്തി.
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് റിസര്‍ച്ച് ബോര്‍ഡിന്‍റേയും (സെര്‍ബ്) ആര്‍ജിസിബിയുടേയും സംയുക്ത ഫണ്ടിങ്ങോടെ നടത്തിയ ഈ ഗവേഷണം ഫ്രോണ്ടിയേഴ്സ് ഇന്‍ ഫാര്‍മക്കോളജി എന്ന അന്താരാഷ്ട്ര ജേണലില്‍ പ്രസിദ്ധീകരിച്ചത് ആരോഗ്യമേഖലയിൽ വലിയ പ്രതീക്ഷകൾ ഉണ്ടാക്കുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *