May 17, 2024

പട്ടിക വര്‍ഗ്ഗ കോളനികള്‍ക്കായി ദുരന്തനിവാരണ പ്ലാന്‍ തയ്യാര്‍

0
Img 20220303 065723.jpg
കൽപ്പറ്റ : പട്ടികവര്‍ഗ്ഗ കോളനികള്‍ ദുരന്തരഹിതമാക്കാന്‍ പദ്ധതിയൊരുക്കി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ജില്ലയിലെ പത്ത് പഞ്ചായത്തിലെ 27 കോളനികള്‍ക്ക് ദുരന്ത നിവാരണ പ്ലാന്‍ തയ്യാറാക്കി. വെളളമുണ്ട, എടവക, തിരുനെല്ലി, പൂതാടി, പുല്‍പ്പള്ളി, നൂല്‍പ്പുഴ, തൊണ്ടര്‍നാട്, മേപ്പാടി, മുട്ടില്‍, പനമരം പഞ്ചായത്തുകളിലെ 27 കോളനികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ദുരന്ത നിവാരണ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫിസര്‍മാരാണ് മാതൃകാ പദ്ധതി തയ്യാറാക്കുന്നതിനുളള കോളനികളെ കണ്ടെത്തിയത്. കോളനികള്‍ക്കായി തയ്യാറാക്കിയ ദുരന്ത നിവാരണ പ്ലാന്‍ കളക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ.ഗീത ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ കെ.സി ചെറിയാന് നല്‍കി പ്രകാശനം ചെയ്തു. തുടര്‍ന്ന് ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് പ്ലാന്‍ കൈമാറി. 2020 ലാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പദ്ധതിയുടെ രൂപരേഖയ്ക്ക് അംഗീകാരം നല്‍കിയത്. കൂടാതെ ഏഴ്  ലക്ഷം രൂപയും അനുവദിച്ചു. 2021 ലെ കോവിഡ് വ്യാപനം മൂലം നീട്ടിവെയക്കേണ്ടി വന്ന പദ്ധതി ഇപ്പോഴാണ് പൂര്‍ത്തികരിച്ചത്.
കോളനികളിലെ ദുരന്ത നിവാരണ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി പ്രാഥമിക ദുരന്ത നിവാരണം, പ്രാഥമിക മെഡിക്കല്‍ രക്ഷാപ്രവര്‍ത്തനം, ഫയര്‍ ഫോഴ്‌സിന്റെ പരിശീലനം എന്നിവ രണ്ട് ഘട്ടങ്ങളിലായി കോളനിവാസികള്‍ക്ക് നല്‍കിയിരുന്നു. ആദ്യത്ത ഘട്ടത്തില്‍ 900 ത്തോളം പേരും ഇവരില്‍ നിന്നും തിരഞ്ഞെടുത്തവര്‍ക്കുള്ള രണ്ടാം ഘട്ട പരിശീലത്തില്‍ 400 പേരും പങ്കാളികളായി. തുടര്‍ന്ന് ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫിസര്‍, പ്രമോട്ടര്‍ എന്നിവര്‍ക്കായും ഡി. എം പ്ലാന്‍ എങ്ങനെ തയ്യാറാക്കാം എന്നതില്‍ പ്രത്യേക പരിശീലനനും നല്‍കി. തഹസില്‍ദാര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെകര്‍, ഫയര്‍ ഓഫിസര്‍ , ട്രൈബല്‍ ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവര്‍ക്കുളള പ്രത്യേക സെമിനാറും ഇതിനോടകം പൂര്‍ത്തിയാക്കിയിരുന്നു. ഇതില്‍ നിന്നും ശേഖരിച്ച് വിവരങ്ങള്‍ പ്രകാരം ദുരന്ത സാധ്യത വിലയിരുത്തുകയും തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളെ മാപ്പ് ചെയ്യുകയും ചെയ്താണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കോളനികളില്‍ റാപിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ച് അവര്‍ക്ക് പ്രത്യേക പരിശീലനം നടത്തുന്നതിന് ട്രൈബല്‍ വകുപ്പ് നടപടികള്‍ സ്വീകരിക്കുന്നതിനും പ്ലാനില്‍ നിര്‍ദ്ദേശമുണ്ട്. ഫയര്‍ ഫോഴസിന്റെ നേതൃത്വത്തിലാകും ഇവര്‍ക്കായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കുക.
പണിയര്‍, നായ്ക്കര്‍ തുടങ്ങിയ വിഭാഗക്കാര്‍ അധിവസിക്കുന്ന കോളനികളില്‍ ചിലതെല്ലാം അപകടമേഖലകളിലാണ് സ്ഥിതിചെയ്യുന്നതെന്ന കാര്യവും ദുരന്ത നിവാരണം സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍ ദുര്‍ബലവിഭാഗക്കാര്‍ അധിവസിക്കുന്ന മേഖലകളിലേക്ക് എത്താതും പരിഗണിച്ചാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടിക വര്‍ഗ്ഗക്കാര്‍ താമസിക്കുന്ന വയനാട് ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കോളനി ദുരന്ത നിവാരണ പ്ലാന്‍ ആവിഷ്‌കരിക്കുന്നത്. രാജ്യത്ത് തന്നെ ഇത്തരത്തില്‍ ഒരു പദ്ധതി ആദ്യമായാണ് ചെയ്തിരിക്കുന്നത്. വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ഡി ഇ ഒ സിയിലൂടെ ചെയ്‌തെടുത്ത ഈ പദ്ധതി വയനാട് ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മികവും വളര്‍ച്ചയ്ക്കും ആക്കം കൂട്ടുമെന്ന് ജില്ലാ കളക്ടര്‍ എ. ഗീത പറഞ്ഞു.
ചടങ്ങില്‍ എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍ (ഡി.എം) വി. അബൂബക്കര്‍, ഡി.എം.ഒ കെ. സക്കീന , ഫിനാന്‍സ് ഓഫീസര്‍ എ.കെ. ദിനേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *