May 15, 2024

നടൻ മാമുക്കോയ അന്തരിച്ചു

0
Img 20230426 135535.jpg
കോഴിക്കോട് : ഹാസ്യനടനായും സ്വഭാവനടനായും മലയാള വെള്ളിത്തിരയേയും നിലപാടുകളിലെ കൃത്യതയിലൂടെ കോഴിക്കോട്ടെ സാംസ്കാരിക കൂട്ടായ്മകളെയും ഒരേപോലെ വിസ്മയിപ്പിച്ച മാമുക്കോയ വിടവാങ്ങി. 76 വയസ്സായിരുന്നു. മലപ്പുറം പൂങ്ങോട് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ വണ്ടൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിൽസയിലിരിക്കെയാണ് അന്ത്യം. ഹൃദയാഘാതത്തിന് പുറമേ തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായതോടെയാണ് ആരോഗ്യനില വഷളായത്.
കേരള സർക്കാറിന്‍റെ പ്രഥമ ഹാസ്യാഭിനയ പുരസ്കാര ജേതാവായിരുന്നു. 1979ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത “അന്യരുടെ ഭൂമി” എന്ന ചിത്രത്തിലൂടെയാണ് സിനിമാജീവിതത്തിന് തുടക്കമിടുന്നത്. തന്റെ തനതായ കോഴിക്കോടൻ മാപ്പിള സംഭാഷണശൈലിയിലൂടെ അദ്ദേഹം ശ്രദ്ധേയനായി.
സത്യൻ അന്തിക്കാട് സിനിമകളിലൂടെ ജനപ്രീതിയാർജ്ജിച്ച മാമുക്കോയ ഹാസ്യനടൻ എന്ന നിലയിൽ പേരെടുത്തെങ്കിലും ഹാസ്യം മാത്രമല്ല തനിക്ക് വഴങ്ങുന്നതെന്ന് പെരുമഴക്കാലമുൾപ്പെടെയുള്ള ചിത്രത്തിലൂടെ തെളിയിച്ചു. 2004 ലെ കേരള സംസ്ഥാന പുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായതാണ് പെരുമഴക്കാലത്തിലെ കഥാപാത്രത്തിനായിരുന്നു. അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഒരു വഴിത്തിരിവെന്ന് പറയാവുന്ന കഥാപാത്രമാണ് `കുരുതി' എന്ന സിനിമയിലെ മൂസ ഖാദർ എന്ന കഥാപാത്രം. കെട്ടിയ വേഷങ്ങളെല്ലാം തന്റെതാക്കി മാറ്റാനുള്ള ​പ്രതിഭയാണ് മാമുക്കോയ അഭിനയലോകത്ത് വേറിട്ട വ്യക്തിത്വമാക്കുന്നത്.
ചാലിക്കണ്ടിയിൽ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിഷയുടെയും മകനായി 1946 ജൂലൈ അഞ്ചിന് കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിൽ ജനിച്ചു. കോഴിക്കോട് എം എം ഹൈസ്‌കൂളിൽ നിന്ന് പത്താം തരം പാസായ അദ്ദേഹം കല്ലായിയിൽ മരമളക്കുന്ന ജോലിയിൽ പ്രവേശിച്ചു.നാടകാഭിനയത്തിൽ തല്പരനായിരുന്ന മാമുക്കോയ നാടകവും ജോലിയും ഒരുമിച്ചു കൊണ്ടുപോകുന്നതിൽ സമർത്ഥനായിരുന്നു. നിലമ്പൂർ ബാലൻ, വാസു പ്രദീപ്, കുഞ്ഞാണ്ടി തുടങ്ങിയവരുടെയെല്ലാം കൂടെ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന് അവരുമായുള്ള സൗഹൃദം സിനിമയിലേക്കുള്ള വഴികാട്ടിയായി.
ഭാര്യ: സുഹ്റ. മക്കൾ: നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *