May 20, 2024

ഷെറിൻ ഷഹാന ഇച്ഛാശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും ഉത്തമ ഉദാഹരണം ; സ്പീക്കർ എ.എൻ ഷംസീർ

0
Img 20230709 202014.jpg
കൽപ്പറ്റ : ഇച്ഛാശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും ഉത്തമ ഉദാഹരണമാണ് സിവിൽ സർവീസ് ജേതാവായ ഷെറിൻ ഷഹാനയെന്ന് കേരള നിയമസഭ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. സിവിൽ സർവീസിൽ വിജയം നേടിയ ഷെറിന്‍ ഷഹാനയ്ക്ക് കമ്പളക്കാട് പൗരാവലിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ. നാടിന്റെ അഭിമാനമാണ് ഷെറിൻ ഷഹാന. അസാമാന്യ ക്ഷമയും ഇച്ഛാശക്തിയും ഉണ്ടെങ്കിലേ സിവിൽ സർവീസിൽ വിജയം കൈവരിക്കാനാകു. പ്രതിസന്ധികളിൽ പതറാതെ മനക്കരുത്ത് കൊണ്ട് അവയെ നേരിട്ട് വിജയം കൈവരിച്ച ഷെറിൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മാതൃകയാണെന്നും സ്‌പീക്കർ പറഞ്ഞു. ചടങ്ങിൽ ഷെറിൻ ഷഹാനയ്ക്കുള്ള പൗരസമിതിയുടെ ഉപഹാരം സ്‌പീക്കർ കൈമാറി.
വീല്‍ചെയറിലിരുന്ന് അതിജീവന പോരാട്ടത്തിലൂടെ സിവില്‍ സര്‍വീസ് റാങ്ക് പട്ടികയില്‍ ഇടംപിടിച്ച വ്യക്തിയാണ് കമ്പളക്കാട് സ്വദേശിനി ഷെറിന്‍ ഷഹാന. കമ്പളക്കാട് തേനൂട്ടിക്കല്ലിങ്ങല്‍ പരേതനായ ഉസ്മാന്റെയും ആമിനയുടെും മകളാണ് ഷെറിന്‍ ഷഹാന. സിവില്‍ സര്‍വീസ് പ്രവേശന പരീക്ഷയില്‍ 913-ാം റാങ്കാണ് ഷെറിന്‍ ഷഹാന നേടിയത്. ടെറസില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് നടക്കാന്‍ സാധിക്കാത്ത ഷെറിന്‍ വീല്‍ ചെയറിലിരുന്നാണ് സിവില്‍ സര്‍വീസ് പരിക്ഷയ്ക്ക് തയ്യാറെടുപ്പ് നടത്തിയത്.
ചടങ്ങിൽ ടി. സിദ്ദീഖ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ജേതാവിനെ പൊന്നാടയണിയിച്ചു. സഹകരണ ക്ഷേമനിധി ബോർഡ് ചെയർമാൻ സി.കെ ശശീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ബി നസീമ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ കാട്ടി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമലാ രാമൻ, വൈസ് പ്രസിഡന്റ് ബിനു ജേക്കബ്, സ്ഥിരം സമിതി അധ്യക്ഷ പി.എൻ സുമ, മെമ്പർമാരായ നൂരിഷ ചേനോത്ത്, സലിജ ഉണ്ണി, ലത്തീഫ് മേമാടാൻ, സീനത്ത് തൻവീർ, മുട്ടിൽ പഞ്ചായത്ത് മെമ്പർ സി. അഷറഫ്, സി.ഡി.എസ് ചെയർപേഴ്സൺ റൈഹാനത്ത് ബഷീർ, കൈരളി ടി.എം.ടി എക്സിക്യുട്ടീവ് ഡയറക്ടർ പഹലിഷാ കള്ളിയത്ത്, പൗരസമിതി ചെയർമാൻ സി. രവീന്ദ്രൻ, ജനറൽ കൺവീനർ പി.സി. മജീദ്, ട്രഷറർ വി.പി യുസഫ് തുടങ്ങിയവർ സംസാരിച്ചു. രാഷ്ട്രീയ, സാംസ്ക്കാരിക പ്രമുഖർ, വിദ്യാർത്ഥികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *