May 20, 2024

വൈത്തിരി സുഗന്ധഗിരി സ്വാതന്ത്രസമര മ്യൂസിയത്തിന് നാളെ തറക്കല്ലിടും

0
20230924 173733.jpg
വയനാട്: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വീറുറ്റ ചെറുത്തുനിൽപ്പ് നടത്തിയ തദ്ദേശീയ പോരാളികളുടെ സ്മരണയ്ക്കായി വയനാട്ടിൽ സ്മാരകം ഉയരുന്നു. വൈത്തിരി സുഗന്ധഗിരിയിലാണ് സ്വാതന്ത്ര്യ സമര മ്യൂസിയം നിർമിക്കുന്നത്.
നാളെ രാവിലെ 10.30 ന് മന്ത്രി കെ രാധാകൃഷ്ണൻ മ്യൂസിയത്തിന് തറക്കല്ലിടും. മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷനാകും.
കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ 20 ഏക്കർ ഭൂമിയിലാണ് കിർത്താഡ്സ് മ്യൂസിയം ഒരുക്കുന്നത്. 16.66 കോടിയാണ് നിർമാണ ചെലവ്. 
വിനോദ സഞ്ചാര കേന്ദ്രമായ എൻ ഊരിനോട് ചേർന്ന് മ്യൂസിയം കൂടി വരുന്നത് വയനാട്ടിലെ ആദിവാസി മേഖലകളിൽ കൂടുതൽ തൊഴിലിനും വരുമാനത്തിനും അവസരമൊരുക്കും.
2018 ൽ കേന്ദ്ര അനുമതി ലഭിച്ച മ്യൂസിയം കോഴിക്കോട് സ്ഥാപിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ കേരളത്തിലെ തദ്ദേശീയ പോരാളികളിൽ പ്രമുഖനും പഴശിരാജയ്ക്കൊപ്പം ബ്രീട്ടീഷുകാർക്കെതിരെ പടപൊരുതിയ വീരനുമായ തലയ്ക്കൽ ചന്തുവടക്കമുള്ളവരോടുള്ള ആദരവും പരിഗണിച്ച് വയനാട്ടിലേക്ക് മാറ്റി സ്ഥാപിക്കാൻ മന്ത്രി കെ രാധാകൃഷ്ണൻ നിർദേശിക്കുകയായിരുന്നു.
വയനാട്ടിലെ തദ്ദേശീയ സമര സേനാനികളുടെ ചരിത്രം, ആദിവാസി സമൂഹത്തിന്റെ പൊതുവായ വളർച്ച, സാംസ്ക്കാരിക പൈതൃകം, കലാ -സാഹിത്യ ആവിഷ്ക്കാരങ്ങൾ, സംഗീതം, ഭക്ഷ്യ വൈവിധ്യം തുടങ്ങിയവയും മ്യൂസിയത്തിലുണ്ടാകും. ഭാവിയിൽ തദ്ദേശീയ ജനതയുടെ കൽപ്പിത സർവകലാശാലയാക്കാവുന്ന വിധത്തിലാണ് മ്യൂസിയത്തിന്റെ ആസൂത്രണം. ഇതോടൊപ്പം മ്യൂസിയം പ്രവർത്തനം തുടങ്ങുമ്പോൾ ഇതിലേക്ക് വേണ്ടി വരുന്ന ക്യൂറേറ്റർ ഉൾപ്പെടെ എല്ലാ മനുഷ്യവിഭവശേഷിക്കും വേണ്ടി ആദിവാസി വിഭാഗത്തിൽ നിന്നും അഭ്യസ്തവിദ്യരായ യുവതീയുവാക്കളെ തിരഞ്ഞെടുത്ത് മ്യൂസിയമോളജിയിൽ വേണ്ട പരിശീലനം നൽകി സജ്ജരാക്കാനാണ് തീരുമാനം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *