വയനാട് കടുത്ത കാലാവസ്ഥാ പ്രതിസന്ധിയുടെ പിടിയിൽ; സമഗ്രമായ പ്രതിരോധ ആക്ഷൻ പ്ലാൻ വേണം: ശില്പശാല
കൽപ്പറ്റ : വയനാട് ജില്ലയിൽ ഇപ്പോൾ നിലനിൽക്കുന്നത് കാലാവസ്ഥാ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണെന്നും അതിനെ അതിജീവിക്കാൻ പരിസ്ഥിതി പുനഃസ്ഥാപനമടക്കമുള്ള പരിഹാര പ്രവർത്തനങ്ങൾ സംയോജിതമായും സമയബന്ധിതമായും നടപ്പിലാക്കണമെന്നും ഈ വിഷയത്തിൽ കൽപ്പറ്റയിൽ നടന്ന ശില്പശാല ചൂണ്ടിക്കാട്ടി.
വയലുകളും വനങ്ങളും നാണ്യവിളകളും ഒരേപോലെ സംരക്ഷിക്കപ്പെടുകയും കാലാവസ്ഥയെയും ഭൂപ്രകൃതിയെയും കൂടുതൽ തകരാറുകൾ വരാതെ നിലനിർത്തുകയും ചെയ്തെങ്കിൽ മാത്രമേ വിനോദസഞ്ചാര മേഖലയിലും ജില്ലയ്ക്ക് മുന്നോട്ടുപോകാനാകൂ എന്ന് ശില്പശാലയിൽ പങ്കെടുത്ത വിദഗ്ദർ അഭിപ്രായപ്പെട്ടു.
കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി വയനാട് ജില്ല നേരിടുന്ന പാരിസ്ഥിതികവും അതിജീവനപരവുമായ വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനും കാർഷിക മേഖലയിൽ രൂപപ്പെടുത്തേണ്ടുന്ന പരിഹാരമാർഗങ്ങൾ നിര്ദേശിക്കുന്നതിനുമായാണ് ഏകദിന ശില്പശാല സംഘടിപ്പിച്ചത്.
സംസ്ഥാന ഊർജ്ജ വകുപ്പിന് കീഴിലുള്ള എനർജി മാനേജ്മെന്റ് സെന്ററും കൃഷി വികസന
കർഷക്ഷേമവകുപ്പും പരിസ്ഥിതി ഗവേഷണ സ്ഥാപനങ്ങളായ അസർ,
ഇക്വിനോട്ട് എന്നിവയുടെ സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്.
പ്രകൃതിയുടെ സ്വാഭാവികമായ സന്തുലനാവസ്ഥ പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ വിവിധ സർക്കാർ വകുപ്പുകളും പ്രാദേശിക സർക്കാരുകളും ചേർന്ന് നടപ്പാക്കിയാൽ കാലാവസ്ഥാ വെല്ലുവിളികളെ ഒരളവു വരെ പ്രതിരോധിക്കാൻ ആകുമെന്ന് കാർഷിക വിദഗ്ദയായ ഉഷാ ശൂലപാണി ചൂണ്ടിക്കാട്ടി.
ജില്ലയുടെ പ്രധാന ജലസ്രോതസ്സുകളായ നദികളുടെ ഉത്ഭവ പ്രദേശങ്ങളിൽ മണ്ണും വിഭവങ്ങളും സംരക്ഷിക്കുന്ന വലിയ തോതിലുള്ള പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങൾ വേണമെന്ന് ഉഷ പറഞ്ഞു.വെള്ളത്തെ പിടിച്ചു നിർത്താനുള്ള മണ്ണിന്റെ ശക്തി കൂട്ടുന്ന തരത്തിലുള്ള ശാസ്ത്രീയ ഇടപെടലുകൾ ഉടൻ ഉണ്ടാകണം. കർഷകരുടെ വരുമാനം മെച്ചപ്പെടുത്താനും ടൂറിസം അഭിവൃദ്ധിപ്പെടുത്താനും കാലാവസ്ഥാ മാറ്റത്തെ ഫലപ്രദമായി പ്രധിരോധിക്കേണ്ടതുണ്ട് എന്നവർ ചൂണ്ടിക്കാട്ടി. “വനവും കൃഷിയും നശിച്ചാൽ ടൂറിസമില്ല. ഭൂപ്രകൃതിയെ സംരക്ഷിക്കുന്നതും കാലാവസ്ഥ കെടുതികൾ അതിജീവിക്കുന്നതുമായ വിത്തുകളും കാർഷിക രീതികളും ഉറപ്പാക്കണം. കാർബൺ ന്യൂട്രൽ പദ്ധതി ജില്ലയിൽ വ്യാപകമാക്കണം. വെള്ളവും നന്നും സംരക്ഷിക്കാനുള്ള സമഗ്രമായ കർമ്മ പദ്ധതി ഉണ്ടാകണം,” അവർ പറഞ്ഞു.
വയനാട്ടിലെ കർഷകർക്ക് കൃത്യമായ നഷ്ടപരിഹാരം,വില ഇൻഷൂറൻസ്, പരിസ്ഥിതി പുനഃസ്ഥാപനത്തിൽ ഊന്നിയ പുനരുദ്ധാരണം എന്നിവ ഉറപ്പാക്കുന്ന കർമപദ്ധതി ഉണ്ടാകണമെന്ന് കാർഷിക വിദഗ്ദനായ രാജേഷ് കൃഷ്ണൻ ചൂണ്ടിക്കാട്ടി. ആശ്വാസം, വിമുക്തി, പുനരുജ്ജീവനം എന്നിവയിലൂന്നിയുള്ള പ്രവർത്തനങ്ങളാണ് വേണ്ടത്.
“വയലുകളും കാടും മണ്ണും സംരക്ഷിക്കപ്പെടണം. പരിസ്ഥിതി പുനഃസ്ഥാപനത്തിൽ കർഷകരുടെ പങ്കാളിത്തം വ്യാപകമായി ഉറപ്പു വരുത്തണം. വയനാട് കാർഷിക ജില്ലയായി നിലനിന്നാൽ ടൂറിസം പോലും പുഷ്ടിപ്പെടൂ,” അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ നീതി ഉറപ്പാക്കുന്നതിൽ ബഹുജന പങ്കാളിത്തത്തോടെയുള്ള പരിഹാര നടപടികൾ ആവശ്യമാണെന്നും രാജേഷ് പറഞ്ഞു.
ശില്പശാല ഉത്‌ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ജില്ലാ ഗുരുതരമായ കാലാവസ്ഥാ അതിജീവന പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടി. ഞാറ് പറിച്ചു നടൻ വെള്ളമില്ലാതെ ഫയർ ഫോഴ്സിനെ ഉപയോഗിച്ച് വെള്ളമെത്തിക്കാൻ ആവശ്യപ്പെട്ട് തന്നെ സമീപിച്ച മണിയങ്കോട്ടെ ഒരു കര്ഷകനെപ്പറ്റി അദ്ദേഹം പറഞ്ഞു. കാലാവസ്ഥാമാറ്റം എല്ലാവരെയും ബാധിക്കുന്നുണ്ടെന്നും ആർക്കും ഒഴികഴിവില്ലെന്നും സാഗരമായ ആകഷൻ പ്ലാൻ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
കൃഷി,മണ്ണ് സംരക്ഷണം, മൃഗപരിപാലനം, മത്സ്യബന്ധനം, മത്സ്യകൃഷി, ഊർജ്ജ സംരക്ഷണം, വനം എന്നീ വകുപ്പുകളിൽ നിന്നുമായി ശിൽപശാലയിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ പലരും ഇതര വകുപ്പുകൾ നടപ്പാക്കുന്ന സമാനമായ മിക്ക പദ്ധതികളെക്കുറിച്ചും അജ്ഞത പ്രകടിപ്പിച്ചു.
കാലാവസ്ഥാ മാറ്റം നേരിടുന്നതിൽ വകുപ്പുകൾക്കിടയിൽ ഏകോപനം ഉണ്ടാക്കാനും കൂട്ടായ പ്രവർത്തന പരിപാടികൾ രൂപീകരിക്കാനും ശ്രമങ്ങൾ വേണമെന്ന് ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
കാലാവസ്ഥാ വെല്ലുവിളിയ്ക്കളെ നേരിടുന്നതിനുള്ള വിവിധ ധനസമാഹരണ മാര്ഗങ്ങൾ, അവയ്ക്കായി
ബന്ധപ്പെടേണ്ട ഏജൻസികൾ എന്നിവ പരിചയപ്പെടുത്തുന്ന സെഷനും ഉണ്ടായി.
സംസ്ഥാനമെങ്ങുനിന്നുമുള്ള കാലാവസ്ഥാ അതിജീവനം സംബന്ധിച്ച മാതൃക പദ്ധതികൾ സംബന്ധിച്ചുള്ള പരിചയപ്പെടുത്തലുകളുമുണ്ടായിരുന്നു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സമാനമായ ശിലാപശാലകൾ നടക്കുകയാണ്.ഉരുത്തിരിയുന്ന നിർദേശങ്ങളും പരിഹാരങ്ങളും ക്രോഡീകരിച്ചു സംസ്ഥാന സർക്കാരിന്സമർപ്പിക്കും.
പരിസ്ഥിതി ഗവേഷകൻ ശ്രീധർ രാധാകൃഷ്ണൻ, പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ സി എസ് അജിത് കുമാർ, ഊർജ കാര്യക്ഷമതാ വിദഗ്ദൻ ജോൺസൺ ഡാനിയേൽ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
Leave a Reply