അപകട ഭീഷണി ഉയർത്തുന്ന മൊബൈൽ ടവർ മാറ്റി സ്ഥാപിക്കണം- എസ്.ഡി.പി.ഐ

മാനന്തവാടി : അഞ്ചാംമൈൽ ടൗണിൽ കെട്ടിടത്തിനു മുകളിൽ അപകടഭീഷണി ഉയർത്തി നിൽക്കുന്ന മൊബൈൽ ടവർ മാറ്റി സ്ഥാപിക്കണമെന്ന് എസ്.ഡി.പി.ഐ പനമരം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കോഴിക്കോട് മാനന്തവാടി ദേശീയപാതയിൽ മത്സ്യമാംസ മാർക്കറ്റുകളും വ്യാപാര സ്ഥാപനങ്ങളുമടങ്ങുന്ന തിരക്കേറിയ സ്ഥലത്താണ് ടവർ സ്ഥാപിച്ച കെട്ടിടം സ്ഥിതി ചെയ്യുന്നത്. ടൗണിലെത്തുന്ന നിരവധി വാഹനങ്ങൾ കെട്ടിടത്തിനോട് ചേർന്നാണ് പാർക്ക് ചെയ്യാറുള്ളത്. ബലക്ഷയം ബാധിച്ചു തുടങ്ങിയ കെട്ടിടത്തിനു മുകളിൽ നിർമ്മാണ പ്രവൃത്തികൾ നടത്തുന്നതിന് പഞ്ചായത്ത് അധികൃതർ നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ ജീവനും തൊട്ടടുത്ത കെട്ടിടങ്ങൾക്കും ഭീഷണിയായി നിൽക്കുമ്പോഴും മൊബൈൽ ടവറിന് വീണ്ടും വീണ്ടും അനുമതി പുതുക്കി നൽകുന്നത്
ടവർ കമ്പനികൾക്ക് അധികൃതർ നൽകുന്ന പരസ്യപിന്തുണയാണ് വ്യക്തമാക്കുന്നത്. ഇത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണ്.
ജനങ്ങളുടെ ജീവന് ഭീഷണിയായ മൊബൈൽ ടവർ എത്രയും വേഗം മാറ്റി സ്ഥാപിക്കാനുളള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ പഞ്ചായത്ത് ഭാരവാഹികൾ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും നടപടികളുണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും എസ് ഡി.പി.ഐ പനമരം പഞ്ചായത്ത് കമ്മറ്റി അറിയിച്ചു. യോഗത്തിൽ പ്രസിഡണ്ട് നിസാർ എൻ, സെക്രട്ടറി അസ്ലം എ, വൈസ് പ്രസിഡണ്ട് റഹീസ് പനമരം, കെ സുബൈർ തുടങ്ങിയവർ സംസാരിച്ചു.



Leave a Reply