തെരഞ്ഞെടുപ്പുകളില്‍ തുല്യ പ്രാതിനിധ്യം

കല്‍പ്പറ്റ: വരാനിരിക്കുന്ന ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പകുതി സീറ്റുകളില്‍ സ്ത്രീകളെ മത്സരിപ്പിക്കുന്നതിന് തുല്യ പ്രാതിനിധ്യ പ്രസ്ഥാനം രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് കത്ത് നല്‍കി. സംസ്ഥാന ചെയര്‍പേഴ്‌സണ്‍ പ്രഫ.കുസുമം ജോസഫിന്റെ നേതൃത്വത്തില്‍ വിവിധ രാഷ്ടീയ പാര്‍ട്ടി നേതാക്കളായ കെ. സുധാകരന്‍, വി.ഡി. സതീശന്‍, എം.വി. ഗോവിന്ദന്‍, പി.കെ. ശ്രീമതി, അഡ്വ.ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍, അഡ്വ.സി.എസ്. സുജാത, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവരെ നേരില്‍ക്കണ്ടാണ് കത്ത് നല്‍കിയത്. നേതാക്കളില്‍നിന്നു ആശാവഹമായ പ്രതികരണമാണ് ഉണ്ടായതെന്ന് പ്രസ്ഥാനം പ്രവര്‍ത്തകരായ അമ്മിണി കെ. വയനാട്, എന്‍.എ. വിനയ, എം. ഓമന, ഉഷ ബേബി എന്നിവര്‍ പറഞ്ഞു. 33 ശതമാനം സംവരണമല്ല, തുല്യ പ്രാതിനിധ്യമാണ് സ്ത്രീകള്‍ക്കുവേണ്ടത് എന്ന ആവശ്യത്തിന്റെ പ്രചാരണം മുന്‍നിര്‍ത്തി രൂപീകൃതമായതാണ് തുല്യ പ്രാതിനിധ്യ പ്രസ്ഥാനം.
വനിതാ സംവരണ നിയമത്തിന്റെ ഗുണം സ്ത്രീകള്‍ക്ക് അടുത്തകാലത്തൊന്നും ലഭിക്കരുതെന്ന ഗൂഢ ചിന്താഗതിയിലാണ് ഭരണാധികാരികളെന്ന് പ്രസ്ഥാനം നേതാക്കള്‍ കുറ്റപ്പെടുത്തി. ജനസംഖ്യാ കണക്കെടുപ്പ്, മണ്ഡല പുനര്‍നിര്‍ണയം എന്നീ വ്യവസ്ഥകള്‍ ഇതിനു തെളിവാണ്. നിയമം പ്രാവര്‍ത്തികമാക്കുന്നത് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത് നീതികേടാണ്. നിയമം അടുത്ത തെരഞ്ഞെടുപ്പില്‍ നടപ്പാക്കുന്നതിനു ഇടപെടുന്നതിന് പ്രസ്ഥാനം രാഷ്ട്രപതിക്ക് കത്ത് നല്‍കും. ഇതിനായി കാമ്പയിന്‍ നടന്നുവരികാണ്. പ്രസ്ഥാനം ജില്ലാ കണ്‍വന്‍ഷന്‍ 19ന് ഉച്ചകഴിഞ്ഞ് രണ്ടിന് ബത്തേരി അധ്യപക ഭവനില്‍ ചേരും. വൈകുന്നരം അഞ്ചിന് ബത്തേരി സ്വതന്ത്രമൈതാനിയില്‍ പൊതുസമ്മേളനം നടത്തുമെന്നും പ്രസ്ഥാനം പ്രവര്‍ത്തകര്‍ പറഞ്ഞു.



Leave a Reply