ടൗണ്‍ ഹാള്‍ നവീകരണത്തിന് കൽപ്പറ്റ മുനിസിപ്പല്‍ ബജറ്റില്‍ അഞ്ചു കോടി
കല്‍പ്പറ്റ: ടൗണ്‍ ഹാള്‍ നവീകരണത്തിന് മുനിസിപ്പല്‍ ബജറ്റില്‍ അഞ്ചു കോടി. വൈസ് ചെയര്‍പേഴ്‌സണ്‍ സരോജിനി ഓടമ്പത്ത് അവതരിപ്പിച്ച ബജറ്റിലാണ് ടൗണ്‍ ഹാളിന് ഇത്രയും തുക വകയിരുത്തിയത്. നഗരസഭയുടെ വികസനവും ജനങ്ങളുടെ ക്ഷേമവും മുന്‍നിര്‍ത്തി വിവിധ പദ്ധതികള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 70,68,91,400 രൂപ വരവും 69,84,13,900 രൂപ ചെലവും 84,77,500 രൂപ നീക്കിയിരിപ്പും കണക്കാക്കുന്നതാണ് ബജറ്റ്.
നഗരത്തിലെ മുഴുവന്‍ ആളുകള്‍ക്കും സൗജന്യ കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്നതിനുള്ള ‘ജീവാമൃതം’ പദ്ധതിക്ക് 2.5 കോടി രൂപ വകയിരുത്തി. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും വരുമാനമാര്‍ഗം കണ്ടെത്തുന്നതിന് ‘കാരുണ്യക്കൂട്’ എന്ന പേരില്‍ പദ്ധതി നടപ്പാക്കും. ഇതിന്
20 ലക്ഷം രൂപ വകയിരുത്തി. ബൈപാസിനോടു ചേര്‍ന്നുള്ള പാറക്കൂട്ടങ്ങള്‍, വാച്ച് ടവര്‍, ലൈറ്റിംഗ്, ഗാര്‍ഡന്‍ എന്നിവ ഉള്‍പ്പെടുത്തി നഗരവാസികളുടെ ഉല്ലാസത്തിനു ‘റോക്ക് ഗാര്‍ഡന്‍’ സ്ഥാപിക്കും. ഹൃദ്രോഗ ലക്ഷണങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി വിദഗ്ധ ചികിത്സ ഉറപ്പുവരുത്തുന്നതിന് ‘ഹൃദയപൂര്‍വം, ചിരി മായാതിരിക്കട്ടെ’ പദ്ധതി നടപ്പാക്കും. വെള്ളാരംകുന്നില്‍ ബയോ മൈനിംഗിന് 2.1 കോടി രൂപ വകയിരുത്തി. വര്‍ഷങ്ങളായി മാലിന്യം അടിഞ്ഞുകൂടിയ വെള്ളാരംകുന്നില്‍ ഭൂമി 10 മീറ്റര്‍ ആഴത്തില്‍ കുഴിച്ച് മാലിന്യം നീക്കം ചെയ്യുന്നതാണ് പദ്ധതി.
സ്വന്തമായി സ്ഥലമില്ലാത്തവര്‍ക്ക് വീട് നല്‍കുന്നതിന് ‘സ്വപ്നഭവനം’, വിദ്യാലയങ്ങളില്‍നിന്നു കുട്ടികള്‍ കൊഴിഞ്ഞുപോകുന്നതു തടയുന്നതിനും പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളെ പ്രത്യേകം പരിഗണിക്കാനും ‘കൂടെ കൂട്ടാം, ചേര്‍ത്തുനിര്‍ത്താം’, നഗരസഭയെ മുമ്പ് നയിച്ചവരുടെ അറിവും അനുഭവങ്ങളും പങ്കുവയ്ക്കല്‍,
തലമുറസംഗമം, ഉല്ലാസയാത്രകള്‍, കലാസംഗങ്ങള്‍ എന്നിവയ്ക്കായി ‘മന്ദഹാസം’, കായിക മേഖലയുടെ പുരോഗതിക്ക് ‘വണ്‍ സ്‌കൂള്‍ വണ്‍ ഗെയിം’ പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘ഫ്യൂച്ചര്‍ ഇന്ത്യ’ പദ്ധതി തുടര്‍ന്നും നടപ്പാക്കും.
സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ സ്ഥലം ഏറ്റെടുത്ത് ആധുനിക രീതിയില്‍ അറവുശാല നിര്‍മിക്കുന്നതിന് ഒരു കോടി രൂപ ബജറ്റില്‍ നീക്കിവച്ചു. വിദ്യാസമ്പന്നരായ സ്ത്രീകള്‍ക്കായി ‘വിജയശ്രീ’ എന്ന പേരില്‍ നടപ്പാക്കുന്ന പിഎസ്‌സി പരീക്ഷ പരിശീലന പദ്ധതി തുടരും. വനിതകള്‍ക്ക് ഡ്രൈവിംഗ് പരിശീലനം, മാനസിക, ശാരീരിക ഉല്ലാസത്തിന് യോഗ പരിശീലനം, നീന്തല്‍ പരിശീലനം എന്നിവ പ്രാവര്‍ത്തികമാക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്.
ബജറ്റ് അവതതരണ യോഗം ചെയര്‍മാന്‍ അഡ്വ.ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.എ.പി. മുസ്തഫ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജൈന ജോയ്, വിദ്യാഭ്യാസ-കലാകായിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. ശിവരാമന്‍, കൗണ്‍സിലര്‍മാരായ മുജീബ് കേയെംതൊടി, കെ. അജിത, എം.പി. ബാബു, സബീര്‍, ഷിബു, റെജുല, പി. വിനോദ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Leave a Reply