May 16, 2024

പേരുമാറ്റം ചര്‍ച്ച ചെയ്യാന്‍ കെ സുരേന്ദ്രന്‍ തയ്യാറാകണം: ആദിവാസികളെ വനവാസികളെന്ന് വിളിക്കുന്നത് ബി ജെ പിയുടെ രാഷ്ട്രീയ അജണ്ട: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ

0
Img 20240413 080004

ബത്തേരി: ആദിവാസികളെ വനവാസികളെന്ന് വിളിക്കുന്നത് ബി ജെ പിയുടെ അജണ്ടയാണെന്നും, ഇതാണ് പേരുമാറ്റവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യേണ്ടതെന്നും ഐ. സി. ബാലകൃഷ്ണന്‍ എം എല്‍ എ. ആദിവാസികള്‍ ഈ മണ്ണിന്റെ ആദ്യത്തെ അവകാശികള്‍ ആണ്. എന്നാല്‍ സംഘപരിവാറും ബിജെ.പി.യും ആദിവാസികളെ ബോധപൂര്‍വം വനവാസികള്‍ എന്ന് വിളിക്കുന്നത് രാഷ്ട്രീയ അജണ്ടയാണ്. ഈ പേര് മാറ്റം ചര്‍ച്ച ചെയ്യാന്‍ കെ. സുരേന്ദ്രന്‍ തയ്യാറാവണം. അല്ലാതെ നടത്തുന്ന ശ്രമം സുല്‍ത്താന്‍ബത്തേരിയുടെ മതസൗഹാര്‍ദ്ദം തകര്‍ക്കുവാനും ജനങ്ങളെ ഭിന്നിപ്പിക്കുവാനുമുള്ള അജണ്ടയാണ്.

രാഹുല്‍ഗാന്ധി രണ്ടര മാസക്കാലം നടത്തിയ ഭാരത് ജോഡോ ന്യായ് യാത്രയില്‍ ഉയര്‍ത്തിയത് സാമൂഹിക നീതിയും സാമ്പത്തിക നീതിയും നിഷേധിക്കപ്പെടുന്നതിനെ കുറിച്ചാണ്. ആദിവാസി സമൂഹം വനത്തില്‍ മാത്രമുള്ളവരാണെന്ന് ബി ജെ പി വരുത്തി തീര്‍ക്കുന്നത് അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ്. വനം ചുരുങ്ങുന്നുന്തോറും ആ സമൂഹത്തിന്റെ അവകാശങ്ങള്‍ ചുരുങ്ങി വരും. അത് കോര്‍പറേറ്റ് അജണ്ട കൂടിയാണ്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ആറര ലക്ഷം ഹെക്ടറിന് മേല്‍ വനം ഇന്ത്യയില്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മുപ്പത് വര്‍ഷങ്ങള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന വനനശീകരണമാണ് ഇത്. ലോകത്തു തന്നെ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ഖനനത്തിനും മറ്റുമായി രാജ്യത്തെ കോര്‍പറേറ്റ് ഭീകരന്മാരായ അദാനിക്കും അമ്പാനിക്കും രാജ്യത്തിന്റെ ആദിവാസികള്‍ക്ക് അവകാശപ്പെട്ട വിഭവങ്ങള്‍ നരേന്ദ്ര മോദി കൈമാറുകയാണ്.

വനം ചുരുങ്ങുന്തോറും ആദിവാസികളെ വനത്തിലേക്ക് മാത്രം ചുരുക്കുന്നതിനുള്ള അജണ്ടയുടെ ഭാഗമാണ് ഈ പേര് മാറ്റം. സുല്‍ത്താന്‍ ബത്തേരി ഉള്‍പ്പടെ നഗരപ്രദേശനാളില്‍ എത്രയോ ആദിവാസികള്‍ ജീവിക്കുന്നുണ്ട്. അവരെ വനവാസിയായി കണക്കാക്കാന്‍ കഴിയുമോയെന്നും എം എല്‍ എ ചോദിച്ചു. ആദിവാസി സമൂഹത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിനുള്ള വലിയ പദ്ധതിയുടെ ഭാഗമാണ് ഇത്. ഇതിനെതിരെയാണ് ഉത്തരേന്ത്യയില്‍ ഉള്‍പ്പടെ ആദിവാസി സമൂഹം തീക്ഷ്ണമായ ചെറുത്തുനില്‍പ്പ് നടത്തുന്നത്.

കെ. സുരേന്ദ്രന്‍ വയനാട്ടില്‍ സ്ഥാനാര്‍ഥി ആയി വന്നതിന് ശേഷം ആദിവാസി ഊരുകളില്‍ നടത്തിയ സന്ദര്‍ശനത്തില്‍ പോലും വനവാസി എന്നാണ് പറയുന്നത്. ഇത് സാമൂഹിക നീതിയുടെ നിഷേധമാണ്. സുരേന്ദ്രന്‍ ഇതിന് മറുപടി പറയണം. ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത് സാമൂഹിക നീതിയും സാമ്പത്തിക നീതിയും നിഷേധിക്കപ്പെടുന്ന സര്‍ക്കാരിന്റെ നടപടികളാണ്. അതില്‍ നിന്ന് ഒളിച്ചോടാനാണ് സുരേന്ദ്രന്റെ ശ്രമം. രൂക്ഷമായ വരള്‍ച്ചയാണ് പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പ്രദേശങ്ങളില്‍ അനുഭവപ്പെടുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ കയ്യും കെട്ടി നോക്കി നില്‍ക്കുകയാണ്. അടിയന്തിരമായ ഇടപെടല്‍ മന്ത്രി തലത്തില്‍ തന്നെ ഉണ്ടാവണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *