April 30, 2024

വന്യമൃഗ ശല്യം: സ്ഥാനാർഥികൾ നയം വ്യക്തമാക്കണം; കെസിവൈഎം മാനന്തവാടി രൂപത

0
Img 20240414 110404

മാനന്തവാടി: വരാൻ പോകുന്ന ലോകസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മലയോര ജനത നേരിടുന്ന പ്രധാന വെല്ലുവിളിയായ വന്യമൃഗ ശല്യത്തിനുള്ള ശാശ്വത പരിഹാരം കാണുവാൻ ആവശ്യമായ നിർദ്ദേശങ്ങൾ സ്ഥാനാർഥികൾ പരസ്യമായി വ്യക്തമാക്കണമെന്ന് കെസിവൈഎം മാനന്തവാടി രൂപത ആവശ്യപ്പെട്ടു.

കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ നിരവധി ആളുകൾക്ക് വന്യമൃഗആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുകയും കർഷകർക്ക് കൃഷി നാശം സംഭവിക്കുകയും ചെയ്തിരുന്നു. എന്നാൽ അവർക്ക് അർഹമായ നഷ്ടപരിഹാരം പോലും ലഭിക്കാത്ത സാഹചര്യത്തിൽ ആവശ്യമായ നടപടികളോ ഇടപെടലുകളോ നടത്തുവാൻ അധികാരികളോ ഭരണകർത്താക്കളോ ശ്രമിച്ചിട്ടില്ല എന്നുള്ളത് ജനങ്ങളിൽ അമർഷം സൃഷ്ടിച്ചിട്ടുണ്ട്.

വയനാടിന്റെയും സമീപ പ്രദേശങ്ങളുടെയും അടിസ്ഥാനപരമായ ആവശ്യങ്ങളിൽ ഇടപെടുന്ന തരത്തിലുള്ള വിഷയങ്ങൾ ഒന്നും തന്നെ രാഷ്ട്രീയ പാർട്ടികളുടെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തക്കാൻ ശ്രമിച്ചിട്ടില്ല എന്ന് കെസിവൈഎം മാനന്തവാടി രൂപത സമിതി ചൂണ്ടിക്കാട്ടി.

നാളിതുവരെയായി വിവിധ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികളാരും മലയോരജനതക്ക് വന്യമൃഗങ്ങളിൽ നിന്നും സംരക്ഷണം ഉറപ്പാക്കിക്കൊണ്ടുള്ള പരസ്യ പ്രഖ്യാപനങ്ങൾ ഒന്നുംതന്നെ നടത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിലാര് ജയിച്ചാലും അത് മലയോരജനതക്ക് ആശ്വാസമായിരിക്കുമോ എന്ന് ആശങ്കയുണ്ടെന്ന് രൂപത പ്രഡിഡന്റ് ജിഷിൻ മുണ്ടക്കത്തടത്തിൽ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ നാളുകളിൽ വയനാട് ഉൾപ്പെടെയുള്ള മലയോര പ്രദേശങ്ങളിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ശക്തമായ രീതിയിൽ പ്രതിഷേധങ്ങൾ ഉണ്ടായിട്ടും മനുഷ്യജീവന് സംരക്ഷണം നൽകുന്ന പരിഹാര മാർഗങ്ങൾ മുന്നോട്ട് വയ്ക്കാതെ മലയോര ജനതയോട് വോട്ട് അഭ്യർത്ഥിക്കുന്നത് നീതിയുക്തമല്ലെന്ന് രൂപത സമിതി ചൂണ്ടിക്കാട്ടി.

രൂപത വൈസ് പ്രസിഡന്റ്‌ ബെറ്റി അന്ന ബെന്നി പുതുപ്പറമ്പിൽ, ജനറൽ സെക്രട്ടറി റ്റിജിൻ ജോസഫ് വെള്ളപ്ലാക്കിൽ, സെക്രട്ടറിമാരായ അലീഷ ജേക്കബ്, ഡെലിസ് സൈമൺ, ട്രഷറർ ജോബിൻ തുരുത്തേൽ, കോർഡിനേറ്റർ ജോബിൻ തടത്തിൽ, ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ, ആനിമേറ്റർ സി. ബെൻസി ജോസ് എസ്. എച്ച് എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *