April 30, 2024

കാട്ടിക്കുളം ആലത്തൂർ എസ്റ്റേറ്റിന്റെ നികുതി സ്വീകരിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

0
Img 20240414 Wa0078

കാട്ടിക്കുളം: സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും  ഉടമയ്ക്ക് തിരിച്ചുനൽകുകയും ചെയ്ത ഭൂമിയുടെ നികുതി സ്വീകരിക്കാൻ കോടതിയുടെ ഉത്തരവ്. കോടതി ഉത്തരവ് പ്രകാരം എസ്റ്റേറ്റ് തിരികെ ലഭിച്ചെങ്കിലും നികുതി സ്വീകരിക്കാത്തതിനെതിരെ ഉടമ കോടതിയെ സമീപിക്കുകയും നികുതി സ്വീകരിക്കാനുള്ള ഉത്തരവ് നേടുകയുമായിരുന്നു.

കാട്ടിക്കുളം ആലത്തൂര്‍ എസ്റ്റേറ്റ് സർക്കാർ ഏറ്റെടുത്ത നടപടി കോടതി റദ്ദാക്കിയിരുന്നു. എങ്കിലും ഭൂനികുതി സ്വീകരിക്കുന്നില്ലെന്ന് കാണിച്ച് ഉടമകൾ കോടതിയിൽ നൽകിയ ഹർജിയിലാണ് ഭൂനികുതി സ്വീകരിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്.

ആലത്തൂർ എസ്റ്റേറ്റിൻ്റെ ഭൂനികുതി സ്വീകരിക്കണമെന്നും, എസ്റ്റേറ്റുമായി ബന്ധപ്പെട്ട് കോടതിയിൽ നിലവിലുള്ള കേസ്സുകളുടെ അന്തിമ വിധി വരുമ്പോൾ അതിന് അനുസൃതമായിരിക്കുമെന്നും വിധിയിൽ കോടതി ചൂണ്ടിക്കാട്ടി. കോടതി ജഡ്ജി വിജു അബ്രഹാമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2021 ഡിസംബർ മാസം അവകാശികളില്ലായെന്ന് കണ്ടെത്തി എസ്റ്റേറ്റ് സർക്കാർ ഏറ്റെടുക്കുകയും റവന്യൂ സംഘം സീൽ ചെയ്യുകയും ചെയ്തിരുന്നു.

2022 ജനുവരി മാസം സർക്കാർ ഏറ്റെടുക്കൽ നടപടി കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. പിന്നീട് കോടതിയിൽ ഭൂമി കൈവശംവച്ച് വരുന്ന ഉടമയുടെയും സർക്കാരിൻ്റെയും വാദങ്ങൾ കേട്ടു. 2023 നവംമ്പറിൽ ആലത്തൂർ എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കോടതി റദ്ദാക്കുകയും ഉടമക്ക് ഭൂമി വിട്ടു നൽകുകയും ചെയ്തു.

സർക്കാർ നീക്കം കോടതി റദ്ദാക്കിയിട്ടും റവന്യൂ വകുപ്പ് ഭൂമിയുടെ നികുതി സ്വീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഭൂവുടമ കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടർന്നാണ് നികുതി സ്വീകരിക്കാൻ കോടതി ഉത്തരവിട്ടത്.

എസ്റ്റേറ്റ് ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് അവകാശികള്‍ നല്‍കിയ രണ്ട് ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടും സര്‍ക്കാര്‍ നല്‍കിയ റിട്ട് തള്ളിയുമാണ് 2023 നവംമ്പറിൽ കോടതി ഉടമക്ക് അനുകൂലമായ വിധി പറഞ്ഞത്.

വിദേശ പൗരന്‍ എഡ്വിന്‍ ജൂബര്‍ട്ട് വാനിങ്കനായിരുന്നു തൃശിലേരി വില്ലേജിലെ 211 ഏക്കര്‍ വരുന്ന കാട്ടിക്കുളം ആലത്തൂര്‍ എസ്റ്റേറ്റിന്റെ ഉടമ. 2013 ല്‍ ഇദ്ദേഹത്തിന്റെ മരണശേഷം താനാണ് ഇതിന്റെ ഉടമയെന്നവകാശപ്പെട്ട് ഇദ്ദേഹത്തിന്റെ വളര്‍ത്തു പുത്രന്‍ മൈക്കിള്‍ ഫ്‌ലോയ്ഡ് ഈശ്വര്‍ രംഗത്ത് വരികയായിരുന്നു. 2006 ഫെബ്രുവരിയില്‍ മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് നടത്തിയ ഗിഫ്റ്റ് ഡീഡ് പ്രകാരമാണ് ഇയാള്‍ അവകാശവാദം ഉന്നയിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് രേഖകള്‍ പരിശോധിച്ച നിയമ വിദഗ്ദര്‍ ഗിഫ്റ്റ് ഡീഡ് നിയമപരമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 1964ലെ അന്യം നില്‍പ്പും കണ്ടുകെട്ടലും നിയമ പ്രകാരം ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തത്.

2018 ല്‍ ഭൂമി ഏറ്റെടുത്ത് മാനന്തവാടി തഹസില്‍ദാർ മാനേജറെ ചുമതല ഏല്‍പ്പിച്ചെങ്കിലും ഫ്‌ലോയിഡ് ഈശ്വര്‍ കോടതിയില്‍ നിന്നും നടപടികള്‍ക്ക് സ്റ്റേ വാങ്ങി. ഇതിന് ശേഷം മൈക്കിള്‍ ഫ്‌ലോയ്ഡ് ഈശ്വറും മറ്റൊരവകാശിയായി രംഗത്ത് വന്ന മെറ്റില്‍ഡ റോസാമണ്ട് ഗിഫോര്‍ഡുമാണ് സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ചത്. ദാനാധാരം നിയമപരമല്ലെന്ന് കണ്ടെത്തി ഭൂമി ഏറ്റെടുക്കാനുള്ള ജില്ലാ കലക്ടറുടെ നടപടി ക്രമപ്രകാരമല്ലെന്ന് കോടതി കണ്ടെത്തി. സിവില്‍ കോടതികളിൽ നിന്നും ഇത്തരത്തിലൊരു തീര്‍പ്പ് ഈ വിഷയത്തിലുണ്ടായിട്ടില്ല.

ഫോറിന്‍ എക്സചേഞ്ച് റെഗുലേഷന്‍ ആക്ട് പ്രകാരം നടപടിയെടുക്കാനുള്ള ജില്ലാ കലക്ടര്‍ക്കുള്ള അധികാരവും ക്രമപ്രകാരമല്ലെന്ന് കോടതി അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഭൂമിക്ക് അവകാശിയായി മറ്റൊരാള്‍ രംഗത്ത് വന്ന സാഹചര്യത്തില്‍ അന്യം നില്‍പ്പും ഭൂമി കണ്ടുകെട്ടല്‍ നിയമപ്രകാരം ഭൂമി ഏറ്റെടുത്തതിലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായില്ലെന്ന് കോടതി കണ്ടെത്തി.

ഭൂമി സംബന്ധിച്ച തർക്കമുള്ളതിനാൽ 2018 മുതൽ 211 ഏക്കർ വിസ്തൃതിയുള്ള ആലത്തൂർ എസ്റ്റേറ്റിൻ്റെ ഭൂനികുതി സ്വീകരിച്ചിരുന്നില്ല. നികുതി സ്വീകരിക്കാൻ കോടതി ഉത്തരവിട്ടെങ്കിലും, നിയമ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി റവന്യു വകുപ്പ് നികുതി സ്വീകരിക്കാതിരിക്കാനുള്ള നടപടികൾ എടുക്കാനാണ് സാദ്ധ്യത.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *