April 30, 2024

ദേശീയ, സംസ്ഥാന നേതാക്കള്‍ മത്സരിക്കുന്നതുകൊണ്ട് വയനാട് വിഐപി മണ്ഡലമാകില്ല: മാനന്തവാടി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍

0
Img 20240415 112949

മാനന്തവാടി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിവിധ പാര്‍ട്ടികളുടെ ദേശീയ, സംസ്ഥാന നേതാക്കള്‍ മത്സരിക്കുന്നതുകൊണ്ടുമാത്രം വയനാട് വിഐപി മണ്ഡലമാകില്ലെന്ന് മാനന്തവാടി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ വിലയിരുത്തി. രാജ്യത്തെ വികസിത മണ്ഡലങ്ങളോട് ഒരുതരത്തിലും താരതമ്യം ചെയ്യാന്‍ കഴിയാത്ത വിധം പിന്നാക്കാവസ്ഥയിലുള്ളതാണ് വയനാട്.

മണ്ഡലത്തിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുംവിധമുള്ള ഭൗതിക സാഹചര്യവികസനം ഉണ്ടാകേണ്ടതുണ്ട്. അതോടൊപ്പം സാമ്പത്തികവും തൊഴില്‍പരവും വിദ്യാഭ്യാസപരവുമായ വളര്‍ച്ചയും ജീവനും സ്വത്തിനും സുരക്ഷിതത്വവും ഓരോ പൗരനും ലഭ്യമാകുമ്പോള്‍ മാത്രമേ ‘മണ്ഡലം വിഐപി നിലവാരത്തില്‍’ എന്ന പ്രയോഗത്തിന് അര്‍ഥമുണ്ടാകൂയെന്ന് രൂപത പാസ്റ്ററൽ കൗൺസിൽ പറഞ്ഞു.

വയനാട് മണ്ഡലം പതിനഞ്ച് വര്‍ഷം മുമ്പ് രൂപീകരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാല്‍ ഇന്നും എടുത്തുപറയാവുന്ന ഒരു കേന്ദ്ര പദ്ധതി പോലുമില്ലാത്ത മണ്ഡലമായി വയനാട് തുടരുകയാണ്. വന്യജീവി ആക്രമണഭയത്തില്‍ സമാധാനവും സന്തോഷവും നഷ്ടമായ ജനതയാണ് ഇവിടെയുള്ളത്. ജനങ്ങളുടെ അടിസ്ഥാന അജണ്ടകളിലൊന്ന് ജീവിതസുരക്ഷയാണെന്നത് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് മനസിലായിട്ടില്ല എന്നതാണ് വാസ്തവം.

എടുത്തുപറയാന്‍ പറ്റുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോ തൊഴില്‍ സംരംഭങ്ങളോ ഇവിടെ ഇല്ല. മണ്ഡലത്തില്‍നിന്നും വിദ്യാഭ്യാസത്തിനും തൊഴിലിനുമായി പുറത്തേക്ക് പോകേണ്ടിവരുന്ന യുവാക്കളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ചെറുപ്പക്കാരെ ഇവിടെത്തന്നെ നിലനിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പിലും മുന്നണികളുടെ പ്രകടനപത്രികകളില്‍ പരാമര്‍ശമില്ല.

മികച്ച ചികിത്സാ സൗകര്യങ്ങളുടെയും യാത്രാ മാര്‍ഗങ്ങളുടെയും അപര്യാപ്തതമൂലം ആതുരാലയങ്ങള്‍ തേടിയുള്ള നെട്ടോട്ടത്തിനിടയില്‍ മനുഷ്യജീവനുകള്‍ പാതിവഴിയില്‍ പൊലിയുന്ന ലോകത്തിലെതന്നെ ഏക പ്രദേശമായിരിക്കും വയനാട്. അസ്പിരേഷന്‍ ജില്ലയെന്ന നിലയില്‍ വയനാട്ടില്‍ കേന്ദ്ര മെഡിക്കല്‍ കോളജിന് സാധ്യത ഉണ്ടായിട്ടും പ്രയോജനപ്പടുത്തുന്നില്ല.

വയനാട്ടില്‍നിന്ന് ഇതര ജില്ലകളിലേക്ക് നിരവധി ചുരം ബദല്‍ പാതകളുടെ സാധ്യതകള്‍ നിലനില്‍ക്കുമ്പോഴും സര്‍ക്കാരുകളും മുന്നണികളും ഒരു പദ്ധതിയും വിഭാവനം ചെയ്തിട്ടില്ല. നാഷണല്‍ ഹൈവേയുടെ ഭാഗമായിരുന്നിട്ടും താമരശേരി ചുരം വീതികൂട്ടി ഗതാഗതസൗകര്യം വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാരുകള്‍ ബോധപൂര്‍വമായ വീഴ്ചവരുത്തി വയനാടിനെ അവഗണിക്കുകയാണ്. സ്വാതന്ത്ര്യം കിട്ടി മുക്കാല്‍ നൂറ്റാണ്ടു കഴിഞ്ഞിട്ടും റെയില്‍യാത്ര വയനാട്ടുകാര്‍ക്ക് സ്വപ്നമായി അവശേഷിക്കുകയാണ്.

സര്‍ക്കാരുകള്‍ മാറിമാറി ഭരിച്ചിട്ടും ദേശീയപാതയിലെ രാത്രികാല യാത്രാനിരോധനം പരിഹരിക്കപ്പെട്ടില്ലെന്നത് രാഷ്ട്രീയ വഞ്ചനയുടെ ക്രൂരമായ തെളിവാണ്. വൈദ്യുതിയും പൊതുഗതാഗതവും ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും എത്താത്ത ഗ്രാമങ്ങള്‍ മണ്ഡലത്തിലുണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ ഇന്ത്യയിലെ മറ്റ് ആസ്പിരേഷന്‍ ജില്ലകളില്‍ ചെലവഴിക്കപ്പെട്ട പണവും വികസനപദ്ധതികളും എന്തുകൊണ്ട് വയനാട്ടില്‍ എത്തുന്നില്ലെന്ന ചോദ്യം പ്രസക്തമാണ്.

വയനാട് മണ്ഡലത്തിന്റെ എല്ലാ ഭാഗത്തും വന്യമൃഗശല്യംമൂലം മനുഷ്യജീവന്‍ നഷ്ടപ്പെടുകയും വളര്‍ത്തുമൃഗങ്ങളും കൃഷിയും നശിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, ജനത്തിന്റെ വേദനയും പ്രതിഷേധവും പരിഗണിച്ച് ഒരു മുന്നണി പോലും പ്രകടനപത്രികകളില്‍ വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണുന്നതിനു നടപടികളോ നിയമ ഭേദഗതികളോ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.

വന്യമൃഗ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് നല്‍കേകേണ്ട നഷ്ടപരിഹാരം സംബന്ധിച്ച് ഒരു വാക്കു പോലും പ്രകടനപത്രികകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് നേരത്തു പോലും ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളോടുള്ള ഈ മൗനം മണ്ഡലത്തോടുള്ള അവഗണനയുടെ അടയാളമാണ്.

കര്‍ഷകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അവര്‍ക്ക് നല്‍കേണ്ട സാമൂഹിക സുരക്ഷയെക്കുറിച്ചും എല്ലാവരും ഭീകരവും കുറ്റകരവുമായ മൗനമാണ് അവലംബിക്കുന്നത്. ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും കുടിയാന്‍മാര്‍ക്കും നല്‍കാനാണ് എന്ന പേരില്‍ വന്‍കിട ഭൂവുടമകളില്‍നിന്നും ജന്‍മിമാരില്‍നിന്നും നൂറുകണക്കിന് ഏക്കര്‍ ഭൂമി മിച്ചഭൂമിയായി പിടിച്ചെടുത്തത് വനം വകുപ്പ് കൈവശം വയ്ക്കുന്നുണ്ട്.

പട്ടികവര്‍ഗ ജനവിഭാഗങ്ങള്‍ അടക്കം മണ്ഡലത്തില്‍ ഭൂരഹിതരായും ഭവനരഹിതരായും കഴിയുന്നു. എന്നിട്ടും വികസന വാഴ്ത്തുകളില്‍ അഭിരമിക്കുകയാണ് മുന്നണികള്‍. കൃഷിക്കാരെ കുടിയിറക്കി നൂറുകണക്കിന് ഏക്കര്‍ കൃഷിഭൂമി അക്വയര്‍ ചെയ്ത് കോടിക്കണക്കിന് രൂപ മുടക്കി നിര്‍മിച്ച രണ്ട് അണക്കെട്ടുകളുള്ള വയനാട്ടില്‍ വേനല്‍ക്കാലത്ത് ഗാര്‍ഹിക-കാര്‍ഷിക ആവശ്യത്തിനു വെള്ളമില്ലാത്ത സ്ഥിതിയാണ്. ആസൂത്രണരാഹിത്യവും അലംഭാവവുമാണ് ഇത്തരം കെടുതികള്‍ക്ക് കാരണം.

നിരവധി പ്രശ്‌നങ്ങളും പരിമിതികളുമുള്ള മണ്ഡലം വിഐപി മണ്ഡലമാണന്ന പ്രചാരണം തീര്‍ത്തും അസംബന്ധമാണ്. സ്ഥാനാര്‍ഥികളല്ല ജനങ്ങളാണ് വിഐപികള്‍ എന്ന് എല്ലാവരും മനസിലാക്കണം. സ്ഥാനാര്‍ഥികളും പാര്‍ട്ടികളും മേല്‍ സൂചിപ്പിച്ച വിഷയങ്ങളില്‍ തങ്ങളുടെ നിലപാടുകള്‍ ജനങ്ങളോട് സുവ്യക്തമായി പറയണം. ജീവനുള്ള കര്‍മ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

ബിഷപ് മാര്‍ ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ചു. സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമഗലം, വികാരി ജനറാള്‍ ഫാ. പോള്‍ മുണ്ടോളിക്കല്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഫാ. ജോസ് കൊച്ചറക്കല്‍ രൂപതയുടെ 2024-25ലെ ബജറ്റ് അവതരിപ്പിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോസ് പുഞ്ചയില്‍, സാലു ഏബ്രഹാം മേച്ചേരില്‍, ഫാ. സജി നെടുങ്കല്ലേല്‍, സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, ജോസ് പള്ളത്ത് എന്നിവര്‍ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *