April 30, 2024

സംസ്ഥാനത്തെ സ്വര്‍ണ കടത്ത് ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനി വയനാട് പോലീസിന്റെ പിടിയില്‍ 

0
Img 20240415 204315rhvtygn

മീനങ്ങാടി: സംസ്ഥാനത്തെ സ്വര്‍ണ കടത്ത് ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയെ വയനാട് പോലീസ് സാഹസികമായി പിടികൂടി. കമ്പളക്കാട് സി.എ. മുഹ്സിനെ(29)യാണ് മീനങ്ങാടി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.ജെ. കുര്യാക്കോസിന്റെ നേതൃത്വത്തില്‍ എറണാംകുളം പനമ്പള്ളി നഗറില്‍ നിന്ന് ഇന്നലെ കസ്റ്റഡിയിലെടുത്തത്.

സ്വര്‍ണ കവര്‍ച്ച നടത്തിയതുമായി ബന്ധപ്പെട്ട വിരോധത്താല്‍ വീട്ടില്‍ അതിക്രമിച്ചുകയറി കരണി സ്വദേശിയായ യുവാവിനെ വടിവാള് കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലാണ് ഇയാളെ പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളികളുടെ കൂടെ ക്വാര്‍ട്ടേഴ്‌സില്‍ ഒളിച്ചു താമസിക്കുകയായിരുന്ന ഇയാള്‍ ആഴ്ചകള്‍ക്കുള്ളില്‍ സ്ഥലം മാറി കൊണ്ടിരിക്കുന്ന ശൈലിയായിരുന്നു സ്വീകരിച്ചുവന്നത്. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പോലീസ് ഇയാളെ പിടികൂടുന്നത്.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ഇയാള്‍ക്ക് വയനാട് ജില്ലയിലെ കമ്പളക്കാട്, പടിഞ്ഞാറത്തറ, പനമരം, മേപ്പാടി പോലീസ് സ്റ്റേഷനുകളിലും, മലപ്പുറം ജില്ലയിലെ കരിപ്പൂര്‍ പോലീസ് സ്റ്റേഷനിലുമായി വധശ്രമം, ക്വട്ടേഷന്‍, തട്ടിക്കൊണ്ട് പോയി ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പിടിച്ചുപറി, സംഘം ചേര്‍ന്ന് കുറ്റകൃത്യം ചെയ്യാന്‍ തയ്യാറെടുക്കല്‍, ലഹരി കടത്ത്, ലഹരി പാര്‍ട്ടി സംഘടിപ്പിക്കല്‍ തുടങ്ങി ഏട്ടോളം കേസുകളുണ്ട്.

സ്വര്‍ണം, പണം മുതലായ കൊണ്ടു പോകുന്നവരുടെ വിവരങ്ങള്‍ സ്വീകരിച്ച് കവര്‍ച്ച ചെയ്യലാണ് ഇയാളുടെ രീതി. ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തുന്നതിനുള്ള ഉത്തരവായിട്ടുള്ളതും തുടർ നടപടികൾ പോലീസ് സ്വീകരിച്ചു വരികയുമാണ്.

2023 ഒക്ടോബർ 13ന് പുലര്‍ച്ചെ 2.30 നാണ് മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടാസംഘം കരണി സ്വദേശിയും, നിരവധി കേസുകളില്‍ പ്രതിയുമായ അഷ്‌കര്‍ അലിയെ വീട്ടില്‍ വെച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ച് കടന്നു കളഞ്ഞത്. കഴുത്തിനും കൈക്കും കാലിനും വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും രണ്ട് മൊബൈല്‍ ഫോണുകള്‍ കവരുകയും ചെയ്തു. തുടര്‍ന്ന്, പോലീസ് കൃത്യമായി അന്വേഷണം നടത്തി 14 പേരെ പിടികൂടി റിമാന്റ് ചെയ്തിരുന്നു. ഇനിയും ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *