May 18, 2024

കുറുവ ദ്വീപ് ഉടൻ അടച്ചേക്കും: കോടതിയിലെ കേസ് വേഗത്തിലാക്കാനും വനം വകുപ്പിന്റെ ശ്രമം.

0
Kuruva Dweep

 
കൽപ്പറ്റ: പശ്ചിമ ഘട്ടത്തിലെ ഏക ശുദ്ധജല ദ്വീപ് സമൂഹമായ വയനാട് ജില്ലയിലെ കുറുവ ദ്വീപ് ഉടൻ അടച്ചേക്കും. ദ്വീപിൽ പ്രവേശിക്കുന്നവരുടെ എണ്ണം ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടുവരുന്ന വനം വകുപ്പ് പൂർണ്ണമായും സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കുന്നതു വരെ നടപടികളുമായി മുന്നോട്ടു പോകാനാണ് ഒരുങ്ങുന്നത്. നിലവിൽ നാനൂറ് പേരെ മാത്രം പ്രവേശിപ്പിക്കാൻ ഉത്തരവ് ഇറങ്ങിയതിനെതിരെ ബഹുജന പ്രക്ഷോഭം ഉയർന്നതിനെ തുടർന്ന്  1050 പേരെ ദിവസവും പ്രവേശിപ്പിക്കാൻ     വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ ഒരു വിഭാഗം കോടതിയെ സമീപിച്ചിട്ടുണ്ട്. 
   വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളും ചെടികളും ജന്തുക്കളും പറവകളും അടങ്ങിയ പ്രത്യേക ജൈവൈവിധ്യ മേഖലയാണ് വയനാട് ജില്ലയിലെ സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിൽപ്പെട്ട  ചെതലയം റേഞ്ചിലെ പാതിരി റിസർവ്വ് വനത്തിന്റെ ഭാഗമായ കുറുവ ദ്വീപ്. 
കബനി നദിയിലെ വെള്ളത്താൽ ചുറ്റപ്പെട്ട 64 ദ്വീപുകൾ ചേർന്ന 146. 3 ഹെക്ടർ സ്ഥലമാണ് കുറുവ ദ്വീപ് എന്ന പേരിൽ പ്രശസ്തമായത്. മലിനമാകാത്ത ശുദ്ധമായ ഓക്സിജൻ ലഭിക്കുന്ന പശ്ചിമഘട്ടത്തിലെ  അപൂർവ്വം ജൈവ വൈവിധ്യ മേഖലയുമാണിവിടം –  ഇതിൽ 20 ഏക്കറോളം വരുന്ന എട്ടിൽ താഴെ ദ്വീപിൽ മാത്രമാണ് സഞ്ചാരികൾക്ക് പ്രവേശനം. 1994- മുതലാണ് റവന്യൂ ഭൂമിയായ പാൽ വെളിച്ചം വഴിയും വനഭൂമിയായ പാക്കം വഴിയുമാണ്  വനം വകുപ്പിന്റെ അനുമതിയോടെ  ആളുകൾ ദ്വീപിൽ കടക്കാൻ തുടങ്ങിയത്. പിന്നീട് പ്രതിദിനം സന്ദർശകരുടെ എണ്ണം രണ്ടായിരം വരെയായി വർദ്ധിച്ചതോടെ ഇതൊരു ടൂറിസ്റ്റ് കേന്ദ്രമായി  വളർന്നു. 2004-ൽ കുറുവയിൽ ഇടപെടാൻ വനം വകുപ്പ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് അനുമതി നൽകി. വിവിധ ഫണ്ടുകൾ ഉപയോഗിച്ച് പാൽ വെളിച്ചം ഭാഗത്ത് പല തരം നിർമ്മാണ പ്രവർത്തികൾ നടത്തുകയും ചെയ്തു.
      ഡി.ടി.പി.സി.യെ കൂടാതെ മാനന്തവാടി എം.എൽ.എ. ചെയർമാനായ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്മിറ്റിയും സന്ദർശകർ ക്ക് സൗകര്യമൊരുക്കുന്നുണ്ട്. കബനി നദിയിൽ ചങ്ങാടമിറക്കിയാണ് സന്ദർശകരെ ദ്വീപിലെത്തിക്കുന്നത്. സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് ഈ ചങ്ങാടയാത്രയാണ്.
     ദ്വീപ് പ്രവേശനവുമായി ബന്ധപ്പെട്ട്  ഒരു  വർഷം മുമ്പാണ് വിവാദം തുടങ്ങിയത്. സി.പി.ഐ. സി.പി.എം തർക്കവും കുറുവയെ ബാധിച്ചു. പ്രകൃതി  സംരംക്ഷണ സമിതിയുടെ പരാതിയെ തുടർന്ന്  വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ   നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ  ഒരു ദിവസത്തെ സന്ദർശകരുടെ എണ്ണം 400 ആയി പരിമിതപ്പെടുത്തി 2017 നവംബർ പത്തിന് വനം വകുപ്പ് ഉത്തരവിറക്കി. സി.പി.ഐ.യുടെ കർഷക സംഘടനയായ അഖിലേന്ത്യാ കിസാൻ സഭ ഇതിനെ പിന്തുണക്കുകയും പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സി.പി.എം ഇതിനെതിരെ രംഗത്ത് വരികയും  എം.എൽ. എ യുടെ നേതൃത്വത്തിൽ  ഇടപെടൽ നടത്തുകയും ചെയ്തു. ഇതു കൂടാതെ  പ്രദേശവാസികളും  കോൺഗ്രസ് ഉൾപ്പെടെയുള്ള  പാർട്ടികളും നിയന്ത്രണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങി. ഇതിനിടെ  മെയ് 11-ന് സന്ദർശകരുടെ എണ്ണം 1050 ആയി ഉയർത്തി വനംവകുപ്പ്     പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി. മെയ് 12-ന് സമരസമിതിയുടെ  നേതൃത്വത്തിൽ കുറുവ മാർച്ച് നടത്തി. മാർച്ചിൽ പങ്കെടുത്തവർ അനധികൃതമായി കുറുവ ദ്വീപിൽ പ്രവേശിച്ചുവെന്ന് ആരോപിച്ച് വനം വകുപ്പ് കണ്ടാലറിയാവുന്ന അമ്പത് പേർക്കെതിരെ കേസെടുത്തു. 
  കുറുവയിൽ നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് ഒരു കേസും പൂർണ്ണമായും പ്രവേശനം നിരോധിക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു കേസും ഹൈകോടതിയിലുണ്ട്. കൂടാതെ ഗ്രീൻ ട്രൈബ്യൂണലിലും കേസ് നിലനിൽക്കുന്നു. ഈ കേസ് വേഗത്തിലാക്കി വിധി നേടാനാണ് വനം വകുപ്പിന്റെ ശ്രമം. എന്നാൽ അതിന് മുമ്പുതന്നെ സുരക്ഷയുടെ പേരിൽ കുറുവ അടക്കാനാണ് വനം വകുപ്പിന്റെ  ഇപ്പോഴത്തെ  നീക്കം .എല്ലാ മഴക്കാലത്തും കബനിയിൽ ജലനിരപ്പ് ഉയരുമ്പോൾ ദ്വീപിലേക്കുള്ള ചങ്ങാട യാത്രയും പ്രവേശനവും നിരോധിക്കാറുണ്ട്. ഈ വർഷം വയനാട്ടിൽ വേനൽ മഴ കൂടുതലായതിനാൽ  കബനി  നദിയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി  നാലഞ്ച് ദിവസത്തിനുള്ളിൽ തന്നെ ദ്വീപിലേക്കുള്ള പ്രവേശനം നിരോധിച്ചേക്കും.പിന്നീട് മഴക്കാലം കഴിഞ്ഞ് വീണ്ടും തുറക്കാനാകുമ്പോഴേക്കും കോടതി വിധി സംഘടിപ്പിക്കാനാകുമെന്നാണ് വനം വകുപ്പിന്റെ പ്രതീക്ഷ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *