May 19, 2024

ഖനനനിരോധിത മേഖലയിലെ മണ്ണിടിച്ചില്‍ സാധ്യത: ശാസ്ത്രീയ പഠനത്തിനുള്ള ഏജന്‍സി നിര്‍ണയം വൈകുന്നു

0
കല്‍പ്പറ്റ: വയനാട്ടില്‍ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍മാന്‍ കരിങ്കല്‍ ഖനനം നിരോധിച്ച പ്രദേശങ്ങളിലെ മണ്ണിടിച്ചില്‍ സാധ്യതയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം വൈകുന്നു. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി നിര്‍ദേശം നല്‍കി മൂന്നു മാസം കഴിഞ്ഞിട്ടും ശാസ്ത്രീയ പഠനത്തിനുള്ള ഏജന്‍സി നിര്‍ണയം നടത്തിയില്ല. ബംഗളൂവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റോക്ക് മെക്കാനിക്‌സ്, മംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, കോഴിക്കോട്ടെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്നിവയില്‍ ഒന്നിനെ ചുമതലപ്പെടുത്തി ശാസ്ത്രീയ പഠനം നടത്തണമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി  2018 മാര്‍ച്ച് 27നു ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിക്കു നല്‍കിയ നിര്‍ദേശം. ഏജന്‍സി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരിങ്കല്‍ ഖനന വിഷയത്തില്‍ ആവശ്യമായ ഉത്തരവ് 2018 സെപ്റ്റംബറിനു മുമ്പ് പുറപ്പെടുവിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.  ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ദുരന്ത നിവരാണ അഥോറിറ്റി ബന്ധപ്പെട്ടപ്പോള്‍ കോഴിക്കോട് എന്‍ഐടി സാധ്യതാപഠനത്തില്‍ താത്പര്യം അറിയിച്ചിരുന്നു. എങ്കിലും പഠനത്തിനു എന്‍ഐടിയെ നിയോഗിക്കാനുള്ള തീരുമാനം നീളുകയാണ്. 
ബത്തേരി താലൂക്കിലെ  അമ്പലവയല്‍, കൃഷ്ണഗിരി വില്ലേജുകളുടെ വിവിധ ഭാഗങ്ങളില്‍ ഖനനം നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍മാനുമായ ജില്ലാ കളക്ടര്‍ 2016 ഓഗസ്റ്റ് രണ്ടിനാണ്  ഉത്തരവായത്. അമ്പലവയല്‍ വില്ലേജില്‍ സര്‍വേ 305/1ല്‍   ആറാട്ടുപാറയുടെ അതിരുകള്‍ക്ക് ഒരു കിലോമീറ്റര്‍ പരിധിയിലും കൃഷ്ണഗിരി വില്ലേജില്‍ ബ്ലോക്ക് 22ല്‍ സര്‍വേ 521/2ല്‍ ഫാന്റം റോക്കിനു 200 മീറ്റര്‍ പരിധിയിലും ഇതേ ബ്ലോക്കില്‍ സര്‍വേ 349/1ല്‍ കൊളഗപ്പാറയുടെ 200 മീറ്റര്‍ പരിധിയിലുമാണ് ഖനനം നിരോധിച്ചത്.  ക്രഷര്‍, പരിസ്ഥിതി സൗഹൃദമല്ലാത്ത ടൂറിസം പ്രവര്‍ത്തനം എന്നിവയും വിലക്കി.  മണ്ണിടിച്ചില്‍ സാധ്യതയും പരിസ്ഥിതിനാശവും  കണക്കിലെടുത്തും ജനങ്ങളുടെ സൈ്വരജീവിതം മുന്‍നിര്‍ത്തിയും ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 30(2) മൂന്ന് നിക്ഷിപ്തമാക്കുന്ന അധികാരം ഉപയോഗപ്പെടുത്തിയായിരുന്നു  ജില്ലാ ദൂരന്ത നിവാരണ അഥോറിറ്റി ചെയര്‍മാന്റെ ഉത്തരവ്. വി. കേശവേന്ദ്രകുമാറായിരുന്നു അപ്പോള്‍ ജില്ലാ കളക്ടര്‍. പിന്നീടുവന്ന കളക്ടര്‍  ഡോ.ബി.എസ്. തിരുമേനി ഖനന നിരോധനം ആറാട്ടുപാറയ്ക്കു 200 മീറ്റര്‍ ആകാശദൂരപരിധിയാക്കി കുറച്ചും  അമ്പലവയല്‍ വില്ലേജില്‍ സര്‍വേ നമ്പര്‍ 298/1എ1എ1എയില്‍പ്പെട്ട ചീങ്ങേരിപ്പാറയുടെ 200 മീറ്റര്‍ പരിധിയില്‍ ബാധകമാക്കിയും ഉത്തരവിറക്കി. 
നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായിരുന്നു ഖനനനിരോധനം ബാധകമാക്കിയ പ്രദേശങ്ങള്‍. 
ഖനന നിരോധനത്തിനെതിരെ കേരള ക്വാറി അസോസിയേഷന്‍ ബത്തേരി താലൂക്ക് സെക്രട്ടറി കെ. യൂസഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.  ക്വാറി-ക്രഷര്‍  മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ വാദം കേള്‍ക്കാതെ ഏകപക്ഷീയമായും  മണ്ണിടിച്ചില്‍ സാധ്യതയെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്താതെയുമാണ് ഖനനം നിരോധിച്ചതെന്ന് യൂസഫിന്റെ ഹരജിയില്‍ വിശദീകരിച്ചിരുന്നു. ഹരജി പരിഗണിച്ച ഹൈക്കോടതി പരാതിക്കാരന്റെ  വാദം കേള്‍ക്കുന്നതിനു സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിക്കു നിര്‍ദേശം നല്‍കി 2017 ഡിസംബര്‍ ഒന്നിനു ഉത്തരവായി. ഇതേത്തുടര്‍ന്ന് 2018 മാര്‍ച്ച് 19നു 
യൂസഫിന്റെ വാദം കേട്ടതിനുശേഷമാണ് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ജില്ലാ അഥോറിറ്റിക്കു നിര്‍ദേശം നല്‍കിയത്.  ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞ കാര്യങ്ങളാണ് ക്വാറി ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മുമ്പാകെ ആവര്‍ത്തിച്ചത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *