May 16, 2024

കെട്ടിട വിപുലീകരണം: ജോയിന്റ് രജിസ്ട്രാര്‍ പൂതാടി സഹകരണ ബാങ്കിനു നോട്ടീസ് അയച്ചു

0
Img 20180913 Wa0012
കല്‍പറ്റ-വിവാദത്തിലായ കെട്ടിട വിപുലീകരണവുമായി ബന്ധപ്പെട്ട് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ പൂതാടി സര്‍വീസ് സഹകരണ ബാങ്കിനു നോട്ടീസ് അയച്ചു. കെട്ടിട വിപുലീകരണത്തിന്റെ ഭാഗമായി  2000ല്‍ നടത്തിയ നിര്‍മിതിയുടേതായി 17,78,393 രൂപയുടെ മൂല്യനിര്‍ണയ സാക്ഷ്യപത്രം പൊതുമരാമത്ത് കെട്ടിട വിഭാഗത്തില്‍നിന്നു വാങ്ങി ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.  നേരത്തേ നല്‍കിയ നോട്ടീസിനെത്തുടര്‍ന്നു ബാങ്ക് സമര്‍പ്പിച്ച, കെട്ടിടത്തിന്റെ ആകെ മൂല്യം 82,06,428 രൂപയാണെന്നു വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ്  ജോയിന്റ് രജിസ്ട്രാര്‍ സ്വീകരിച്ചില്ല. 
കേണിച്ചിറ ടൗണിലെ കെട്ടിടമാണ് 17,78,393 രൂപ ചെലവഴിച്ച് ഒരു നിലകൂടി പണിത് ബാങ്ക് വിപുലീകരിച്ചത്. പിന്‍ഭാഗത്തുനിന്നു സ്വകാര്യവ്യക്തി മൂന്നര മീറ്ററിലധികം താഴ്ചയില്‍ മണ്ണ് നീക്കിയതിനെത്തുടര്‍ന്നു കെട്ടിടത്തിനുണ്ടായ ബലക്ഷയം ഒഴിവാക്കുന്നതിനെന്നു പറഞ്ഞാണ് പ്രവൃത്തി നടത്തിയത്. അടിത്തറയ്ക്കു ഭീഷണിയുള്ള കെട്ടിടം മഴക്കാലത്ത് നിലംപതിക്കാന്‍ സാധ്യതയുള്ളതിനാല്‍ അടിയന്തര സംരക്ഷണ പ്രവൃത്തികള്‍ നടത്തണമെന്ന ബത്തേരി ബ്ലോക്ക് അസിസ്റ്റന്റ് എന്‍ജിനീയറുടെ സര്‍ട്ടിക്കറ്റ് അടിസ്ഥാനമാക്കിയായിരുന്നു ഒരു നിലകൂടി പണിയാനുള്ള ബാങ്ക് തീരുമാനം. കെട്ടിടം നിലംപൊത്താന്‍ സാധ്യതയുണ്ടെന്നു സര്‍ട്ടിഫൈ ചെയ്ത എന്‍ജീനീയറുടെ സഹോദരനെയാണ് പ്രവൃത്തി നടത്താന്‍ ബാങ്ക് ചുമതലപ്പെടുത്തിയത്. വിപൂലീകരണവുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തില്‍  സഹകരണ ജോയിന്റ് രജിസ്ട്രാര്‍ നോട്ടീസിലൂടെ ആവശ്യപ്പെട്ടപ്പോഴാണ് പുതിയ നിര്‍മിതിയുടേതിനു പകരം കെട്ടിടത്തിന്റെ ആകെ മൂല്യനിര്‍ണയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. 
കെട്ടിട വിപുലീകരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു ഒന്നര പതിറ്റാണ്ടിലേറെയാണ് പഴക്കം. സഹകരണ ചട്ടവും സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കുലറിലൂടെ നല്‍കിയ നിര്‍ദേശങ്ങളും അവഗണിച്ചാണ് ബാങ്ക് ഭരണസമിതി  കെട്ടിട വിപുലീകരണത്തിനു പൊതുഫണ്ടില്‍നിന്നു പണം ചെലവഴിച്ചതെന്നു  ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍  സഹകരണ വകുപ്പ് വിശദീകരണം ആരാഞ്ഞെങ്കിലും ബാങ്ക് മറുപടി നല്‍കാതെ വന്നപ്പോള്‍ അനധികൃതമായി ചെലവഴിച്ച തുക ഓഡിറ്റില്‍ തടഞ്ഞു. പിന്നീട് വകുപ്പുതല അന്വേഷണത്തിന്റെ  അടിസ്ഥാനത്തില്‍ തുക ബന്ധപ്പെട്ടവരില്‍നിന്നു തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ക്കു തുടക്കമിട്ടെങ്കിലും ബാങ്ക് ഹൈക്കോടതിയില്‍നിന്നു സ്റ്റേ സമ്പാദിച്ചു. എന്നാല്‍ കേസ് 2013 ജനുവരി നാലിനു വിചാരണയ്ക്കു വന്നപ്പോള്‍ ബാങ്ക് പിന്‍വലിക്കുകയാണുണ്ടായത്. ഇതേത്തുടര്‍ന്നു സഹകരണ ചട്ടം 68(1) പ്രകാരം കെട്ടിട വിപുലീകരണത്തിലെ ക്രമക്കേട്  അന്വേഷിച്ച സഹകരണ വകുപ്പ് ഉദ്യോഗസ്ഥന്‍, മൂല്യനിര്‍ണയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് ബാങ്ക് ഭരണസമിതി അംഗങ്ങളോടു മാപ്പപേക്ഷ എഴുതിവാങ്ങി തുടര്‍നടപടികള്‍ അവസാനിപ്പിക്കാമെന്നാണ്  ശിപാര്‍ശ ചെയ്തത്. ഇതിനെതിരെ ബാങ്ക് റിട്ടേയേര്‍ഡ് അസിസ്റ്റന്റ് സെക്രട്ടറി കണിയാമ്പറ്റ കൊല്ലിവയല്‍ പുതിയില്ലം കെ.എസ്. ശങ്കരന്‍ നല്‍കിയ പരാതിയിലാണ് ജോയിന്റ് രജിസ്ടാര്‍ ബാങ്കിനു നോട്ടീസ് അയച്ചത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *