April 29, 2024

പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക്: ആരോപണം അടിസ്ഥാന രഹിതം: മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ടി എസ് ദിലീപ്കുമാര്‍

0
പുല്‍പ്പള്ളി: പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കില്‍ വായ്പാക്രമക്കേട് നടന്നുവെന്നും, അതില്‍ തനിക്ക് പങ്കുണ്ടെന്നുമുളള ആരോപണം അടിസ്ഥാനരഹിതമാണെന്ന് പുല്‍പ്പള്ളി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ടി എസ് ദിലീപ്കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ താന്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമല്ലായെന്ന് മാത്രമല്ല, ഒരാള്‍ക്കും വായ്പക്ക് വേണ്ടി ശുപാര്‍ശ കത്ത് നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാർട്ടി  പത്രം എന്നെ കക്ഷിചേര്‍ത്ത് പ്രചരിപ്പിച്ച വാര്‍ത്തക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ പുല്‍പ്പള്ളിയില്‍ നടക്കുന്ന ആരോപണങ്ങള്‍ പുല്‍പ്പള്ളി ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ സി പി എം നടത്തിയിട്ടുള്ള കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകള്‍ മൂടിവെക്കാനുള്ള ഗൂഡതന്ത്രമാണ്. അഴിമതിയുടെ പേരില്‍ സെക്രട്ടറിയെ മാത്രം ബലിയാടാക്കി ഭരണസമിതി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്. പുല്‍പ്പള്ളി ക്ഷീരസംഘത്തില്‍ സി പി എം നടത്തിയ അഴിമതിയും സ്വജനപക്ഷപാതവും അന്വേഷണ വിധേയമാക്കി നിജസ്ഥിതി പൊതുജനങ്ങളെ ബോധ്യപ്പെടുത്തണം. 
സി പി എം ഏരിയാ നേതാക്കള്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. തന്റെ പേരിലുള്ള ബാങ്കുവായ്പക്ക് ബാങ്ക് ഭരണസമിതിയില്‍ നിന്നോ ഓഡിറ്റര്‍മാരില്‍ നിന്നോ ജാമ്യവസ്തു മൂല്യം കുറഞ്ഞതാണെന്ന് നാളിതുവരെ അറിയിപ്പ് ലഭിക്കാത്തതും, എന്നാല്‍ വളരെ കൃത്യമായി വായ്പ വ്യവസ്ഥകള്‍ക്ക് വിധേയമായി പുതുക്കിപ്പോരുന്നതുമാണ്. എട്ട് ലക്ഷം രൂപ വായ്പയെടുത്ത എന്റെ പേരില്‍ ഇന്നേദിവസം തിരിച്ചടക്കാനുള്ളത് മൂന്നരലക്ഷം രൂപ മാത്രമാണ്. എന്നാല്‍ തികച്ചും രാഷ്ട്രീയ പ്രേരിതമായി എന്റെ വായ്പ സംബന്ധിച്ച് ആരോപണങ്ങള്‍ ഉന്നയിച്ച് എന്നെ സമൂഹമധ്യത്തില്‍ അപമാനിക്കുവാന്‍ ശ്രമിച്ച സി പി എം ഏരിയാനേതാവിന്റെ കുടുംബത്തിലെ ഒരംഗം 56 സെന്റ് ഭൂമി വെച്ച് പ്രദേശത്തെ വാല്യൂവേഷന്‍ തുകയുടെ മൂന്നിരട്ടിയില്‍ കൂടുതല്‍ വരുന്ന തുക 11 ലക്ഷം രൂപ ബാങ്കില്‍ നിന്നും ലോണെടുത്ത് നിലവില്‍ കുടിശികയായി നില്‍ക്കുന്നുണ്ട്. മറ്റൊരംഗം 60സെന്റ് ഭൂമി പണയപ്പെടുത്തി പത്ത് ലക്ഷം രൂപയെടുത്തതും വായ്പാകുടിശികയായി നില്‍ക്കുന്നു. ഇത്തരം നിരവധി ലോണുകള്‍ കുടിശികയായി സി പി എം നേതാക്കള്‍ക്കുള്ളപ്പോള്‍ തികച്ചും പക്ഷപാതപരമായി കൃത്യമായി ലോണ്‍ പുതുക്കി ഏറിയ പങ്ക് തിരിച്ചടക്കുകയും ചെയ്ത എന്റെ വായ്പ ബാങ്കിന് നഷ്ടം വരുത്തിയെന്ന് വ്യാജ പ്രചരണം നടത്തിയ സി പി എം ഏരിയ കമ്മിറ്റി നേതാവ് പൊതുജനമധ്യേ മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ എന്‍ യു ഉലഹന്നാന്‍, റെഡി പുളിങ്കുന്നേല്‍ എന്നിവരും പങ്കെടുത്തു. 


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *