April 29, 2024

‘അഗതിരഹിത കേരളം’ രാജ്യത്തിന് മാതൃക: മന്ത്രി എ സി മൊയ്തീന്‍

0
Img 20190221 Wa0056
 
കുടുംബശ്രീ ഏറ്റെടുത്ത് നടപ്പാക്കുന്ന അഗതിരഹിത കേരളം പദ്ധതി രാജ്യത്തിനു മാതൃകയാണെന്നു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അഭിമാനകരമായ നേട്ടങ്ങള്‍ പലതുണ്ടെങ്കിലും അഗതികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അഗതിരഹിത കേരളം പദ്ധതിക്ക് രൂപം നല്‍കിയത്. 9 ക്ലേശഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഗുണഭോക്തൃ തിരഞ്ഞെടുപ്പ്. 1,59,080 പേര്‍ പദ്ധതിയുടെ ഭാഗമാണ്. ഇതില്‍ 10,716 പേര്‍ പട്ടികവര്‍ഗക്കാരാണെന്നതാണ് ശ്രദ്ധേയം. ക്ലേശമനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കും. തദ്ദേശസ്ഥാപനങ്ങളും കുടുംബശ്രീയും ഇതിനു നേതൃത്വം നല്‍കും. കുടുംബശ്രീയുടെ വിശ്വാസ്യതയാണ് അഗതിരഹിത കേരളം പദ്ധതി നടത്തിപ്പ് ഏല്‍പ്പിക്കാന്‍ കാരണം. കുടുംബശ്രീയുടെ പ്രവര്‍ത്തനം ലോകം ഉറ്റുനോക്കുകയാണെന്നും പദ്ധതി വിജയിപ്പിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 
അടിസ്ഥാനസൗകര്യ വികസനത്തിനൊപ്പം സാമ്പത്തിക വികസനം പാവപ്പെട്ടവരിലേക്ക് എന്തുമാത്രം എത്തുന്നുവെന്നതു സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. സാമൂഹിക നീതിയുടെ അടിസ്ഥാനമെന്ന നിലയില്‍ പൊതുവിദ്യാഭ്യാസ മേഖല സംരക്ഷിക്കാന്‍ കോടികളാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. 6000 കോടി രൂപ കിഫ്ബി വഴി സര്‍ക്കാര്‍ വകയിരുത്തി. 3,650 തസ്തികകള്‍ സ്‌കൂളുകളില്‍ സൃഷ്ടിച്ച് നിയമനം നടത്തി. ലൈഫ്, ആര്‍ദ്രം പദ്ധതിയും ജനപങ്കാളിത്തത്തോടെ മുന്നോട്ടുപോവുകയാണ്. ആതുരാലയങ്ങളുടെ നിലവാരം ഉയര്‍ത്തിക്കൊണ്ടുവരികയാണ് ആര്‍ദ്രം പദ്ധതിയിലൂടെ. ആരോഗ്യമേഖലയില്‍ 4,650 തസ്തികകള്‍ രണ്ടര വര്‍ഷത്തിനകം സൃഷ്ടിച്ചു. ഭാവി മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 
ചടങ്ങില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ പദ്ധതി വിശദീകരണം നടത്തി. ആശ്രയ ഫണ്ട് വിതരണം കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷും ഹെല്‍ത്ത് കാര്‍ഡ് വിതരണം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പിയും നിര്‍വഹിച്ചു. ആശ്രയ പദ്ധതിയും നൂറുശതമാനം ഡിജിറ്റലൈസേഷന്‍ പ്രക്രിയയും പൂര്‍ത്തീകരിച്ച സിഡിഎസുകളെ ആദരിച്ചു. കുടുംബശ്രീ ഉല്‍പന്ന വിപണനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി എം നാസര്‍ നിര്‍വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ടി എസ് ദിലീപ് കുമാര്‍, ഗീത ബാബു, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എ ദേവകി, അംഗം എ എന്‍ പ്രഭാകരന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ശോഭന്‍കുമാര്‍, സഹദ്, രുഗ്മിണി സുബ്രഹ്മണ്യന്‍, എന്‍ സി പ്രസാദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി ജി വിജയകുമാര്‍, ഐടിഡിപി പ്രൊജക്റ്റ് ഓഫിസര്‍ പി വാണിദാസ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ പി സാജിത, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
നിരാശ്രയരായ അഗതി കുടുംബങ്ങളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്ന ആശ്രയ പദ്ധതി വിപുലീകരിച്ച് നടപ്പാക്കുന്നതാണ് അഗതിരഹിത കേരളം പദ്ധതി. അശരണരും നിരാലംബരുമായവര്‍ക്ക് സാമൂഹ്യാധിഷ്ഠിത സംവിധാനത്തിലൂടെ സേവനങ്ങള്‍ ലഭ്യമാക്കുകവഴി അവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുകയെന്നതാണ് ലക്ഷ്യം. അതിജീവനാവശ്യങ്ങളായ ഭക്ഷണം, ചികിത്സ, വസ്ത്രം, വിവിധതരം പെന്‍ഷനുകള്‍ എന്നിവയും അടിസ്ഥാന ആവശ്യങ്ങളായ ഭൂമി, പാര്‍പ്പിടം, കുടിവെള്ളം, ശുചിത്വ സംവിധാനം, വൈദ്യുതി, വിദ്യാഭ്യാസം എന്നിവയും ഗുണഭോക്താക്കള്‍ക്കു ലഭിക്കും. വികസന ആവശ്യങ്ങളായ ജീവനോപാദികള്‍, തൊഴില്‍ പരിശീലനം, മാനസിക വികസന ആവശ്യങ്ങള്‍ക്കായുള്ള പ്രത്യേക സംവിധാനങ്ങളും പദ്ധതി വഴി സാധ്യമാവും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *