April 30, 2024

വയനാട് പാർലമെന്റ് മണ്ഡലം: നിലവിലെ രാഷ്ട്രീയ സ്ഥിതി: രേഖാ ചിത്രം തയ്യാറാവുന്നു: യഥാർത്ഥ ചിത്രത്തിന് കാത്തിരിക്കണം ..

0
വയനാട് പാർലമെന്റ് മണ്ഡലത്തിലെ നിലവിലെ ചിത്രം വരച്ച് കാട്ടി മുതിർന്ന മാധ്യമ പ്രവർത്തകൻ ജെയിംസ് പുൽപ്പള്ളി തയ്യാറാക്കിയ റിപ്പോർട്ട്: 

കല്‍പറ്റ:    വയനാടൻ    ചുരത്തിനു മുകളിലും താഴെയുമായുള്ള വയനാട് പാര്‍ലമെന്റ മണ്ഡലത്തില്‍ ആരൊക്കെ ജനവിധി തേടുമെന്നതില്‍  കരക്കമ്പികളുടെ പ്രളയം. ഇടതും വലതും മുന്നണികളും ദേശീയ ജനാധിപത്യ സംഖ്യവും സ്ഥാനാര്‍ഥി നിര്‍ണയം നടത്താനിരിക്കെ അച്ചടി-ദൃശ്യ-സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേരുകളാണ് ഉയരുന്നത്. 
ഉള്ളംകൈയിലെ നെല്ലിക്കയെന്നു കോണ്‍ഗ്രസ് കരുതുന്ന മണ്ഡലമാണ് വയനാട്. യു.ഡി.എഫ് ടിക്കറ്റില്‍ ആരുനിന്നാലും പാര്‍ലമെന്റിലെത്തുമെന്ന ഗര്‍വും കോണ്‍ഗ്രസിനുണ്ട്. അതിനാല്‍ത്തന്നെ വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ ആര്‍ക്കു നറുക്കുവീഴുമെന്നുതുമായി ബന്ധപ്പെട്ടാണ് ഊഹാപോഹങ്ങള്‍ വീര്‍ത്തുകെട്ടുന്നത്. 
*ഏഴ് അസംബ്ലി മണ്ഡലങ്ങള്‍*
മാനന്തവാടി, ബത്തേരി, കല്‍പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍  അസംബ്ലി മണ്ഡലങ്ങളടങ്ങുന്നതാണ്  വയനാട്  ലോക്‌സഭാ മണ്ഡലം. 2009ലെ  കന്നി തെരഞ്ഞെടുപ്പില്‍  1,53,439 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു കോണ്‍ഗ്രസിലെ എം.ഐ. ഷാനവാസിന്റെ വിജയം. മണ്ഡലത്തില്‍ തുടര്‍ച്ചയായി രണ്ടാംതവണയും ജനവിധി തേടിയ ഷാനവാസ് കഷ്ടിച്ചാണ് രക്ഷപെട്ടത്. ആദ്യ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഭൂരിപക്ഷം ഏഴിലൊന്നായി കുറഞ്ഞു. 20,870 വോട്ടിന്റെ ഭൂരിപക്ഷത്തിനു സി.പി.ഐയിലെ സത്യന്‍ മൊകേരിയെയാണ് ഷാനവാസ് വീഴ്ത്തിയത്.  വാശിയേറിയ മത്സരത്തില്‍ ബത്തേരി, കല്‍പറ്റ മണ്ഡലങ്ങളില്‍ ഏറെ പിന്നാക്കംപോയ ഷാനവാസ് ഏറനാടും വണ്ടൂരും നല്‍കിയ പിന്‍ബലത്തിലാണ് ജയിച്ചുകയറിയത്. 
    
           കഴിഞ്ഞതവണ മണ്ഡലത്തില്‍  പോള്‍ ചെയ്ത 9,15,020 വോട്ടില്‍ 3,77,035 എണ്ണം (41.20 ശതമാനം) യു.ഡി.എഫിനു ലഭിച്ചു. 3,56,165 വോട്ടാണ്(39.92 ശതമാനം) എല്‍.ഡി.എഫിന് കിട്ടിയത്. 80,752 വോട്ട്(8.8 ശതമാനം) വോട്ട് നേടിയ ബി.ജെ.പിയിലെ പി.ആര്‍. രശ്മില്‍നാഥായിരുന്നു മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്ത്.1.28 ശതമാനമാണ് യു.ഡി.എഫ്-എല്‍.ഡി.എഫ് വോട്ട് അന്തരം.  പശ്ചിമഘട്ട ജനസംരക്ഷണ സമിതി-മലബാര്‍ വികസന മുന്നണി സംയുക്ത സ്ഥാനാര്‍ഥിയായിരുന്ന  പി.വി. അന്‍വര്‍  37,123 വോട്ട് (4.05 ശതമാനം) നേടി. 
*ഷാനവാസ് ഇല്ലാതെ മൂന്നാം അങ്കം *
     മണ്ഡലത്തില്‍ മൂന്നാം അങ്കത്തിനിറങ്ങാന്‍ ഷാനവാസില്ല. രോഗശയ്യയില്‍നിന്നു മരണത്തിലേക്കു വഴുതിയ അദ്ദേഹത്തിന്റെ അഭാവത്തിലാണ് ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിലെ മുന്‍ ധാരണയനുസരിച്ച് ഐ ഗ്രൂപ്പിനുള്ളതാണ് വയനാട് പാര്‍ലമെന്റ് മണ്ഡലം. എന്നാല്‍ ഇത്തവണയും  സീറ്റ് ഐ ഗ്രൂപ്പിനാണെന്നതില്‍ ഉറപ്പില്ല. എ ഗ്രൂപ്പിലെ പ്രമുഖരും മണ്ഡലത്തില്‍ വട്ടമിട്ടു പറക്കുകയാണ്. ഐ ഗ്രൂപ്പില്‍നിന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, എ.ഐ.സി.സി രാഷ്ട്രീയ കാര്യ സമിതിയംഗം ഷാനിമോള്‍ ഉസ്മാന്‍, കെ.പി.സി.സി സെക്രട്ടറിയും മലപ്പുറം സ്വദേശിയുമായ കെ.പി. അബ്ദുല്‍ മജീദ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആദം മുന്‍ഷി എന്നീ പേരുകളാണ് വയനാട് മണ്ഡലം സ്ഥാനാര്‍ഥിയായി വിവിധ മാധ്യമങ്ങളില്‍ ഇതിനകം ഇടം പിടച്ചത്.  എ ഗ്രൂപ്പില്‍നിന്നു എ.ഐ.സി.സി മെംബറും വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ കെ.സി. റോസക്കുട്ടി, മലപ്പുറം ജില്ലാ പ്രസിഡന്റ് വി.വി. പ്രകാശ് എന്നിവര്‍ക്കു പുറമേ കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ എം.എം. ഹസന്റെ പേരും മാധ്യമപ്പട്ടികയിലുണ്ട്. മില്‍മ മുന്‍ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പാണ് മാധ്യമങ്ങള്‍ സ്ഥാനാര്‍ഥി സാധ്യത കല്‍പ്പിക്കുന്ന മറ്റൊരാള്‍. 
        സി.പി.ഐ സ്ഥാനാര്‍ഥിയെ മാര്‍ച്ച് നാലിനു അറിയാം
ഇടതു മുന്നണി സി.പി.ഐയ്ക്കു നല്‍കിയതാണ് വയനാട് മണ്ഡലം. 2009ല്‍ അഡ്വ.എം. റഹ്മത്തുല്ലയും 2009ല്‍ സത്യന്‍ മൊകേരിയുമാണ് സി.പി.ഐക്കുവേണ്ടി മണ്ഡലത്തില്‍ പോരിനിറങ്ങിയത്. ഇക്കുറി പാര്‍ട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായ സത്യന്‍ മൊകേരിക്കു പുറമേ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം പി.പി. സുനീറിന്റെ പേരും സജീവമാണ്. യൂണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷാ, പ്രൊഫ.മാത്യു ജോസ് നിലമ്പൂര്‍, ഡോ.ഫസല്‍ ഗഫൂര്‍ കോഴിക്കോട് എന്നിവരും  പരിഗണനയിലുണ്ടന്നാണ് അങ്ങാടിപ്പാട്ട്. മാര്‍ച്ച് ഒന്ന്, രണ്ട്, മൂന്ന്, നാല് തീയതികളില്‍ ചേരുന്ന നേതൃസമിതി യോഗങ്ങളില്‍ ചര്‍ച്ച ചെയ്തു സ്ഥാനാര്‍ഥികളെ തീരുമാനിക്കും. ദേശീയ നേതൃത്വത്തിന്റെ അംഗീകാരത്തോടെ മാര്‍ച്ച് നാലിനു സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. 
എന്‍.ഡി.എ ടിക്കറ്റില്‍ ആന്റോ അഗസ്റ്റിന്‍?
എന്‍.ഡി.എ ടിക്കറ്റില്‍ വയനാട് മണ്ഡലത്തില്‍ ആര് മത്സരിക്കുമെന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. മുന്നണി  ബി.ഡി.ജെ.എസിനു നീക്കിവച്ച മണ്ഡലമാണ് വയനാട്. ബി.ഡി.ജെ.സുമായി ധാരണയിലെത്തി മണ്ഡലത്തില്‍ ജനവിധി തേടാന്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറിയും വയനാട് സ്വദേശിയുമായ ആന്റോ അഗസ്റ്റിന്‍ നീക്കം നടത്തുന്നതായാണ് വിവരം.  ബി.ഡി.ജെ.എസ് സമ്മതം മൂളിയാല്‍ എന്‍.ഡി.എ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി ആന്റോ കളത്തിലിറങ്ങും. എന്‍.ഡി.എ കേരള കോണ്‍ഗ്രസിനു അനുവദിച്ച കോട്ടയം സീറ്റില്‍ പി.സി. തോമസ് മത്സരിക്കുമെന്നു ഉറപ്പായിട്ടുണ്ട്. 
 
  *യു.ഡി.എഫ് വിറച്ച തെരഞ്ഞെടുപ്പ് *
          കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എറനാട് മണ്ഡലത്തിലാണ് യു.ഡി.എഫിനു കൂടുതല്‍ ഭൂരിപക്ഷം. ഇവിടെ 18,838 വോട്ടിനാണ് ഷാനവാസ് മുന്നിലെത്തിയത്. പോള്‍ ചെയ്തതില്‍ 56,566 വോട്ട് കൈപ്പത്തി അടയാളത്തില്‍ വീണപ്പോള്‍ 37,728 വോട്ട്  സി.പി.ഐ ചിഹ്നത്തില്‍ പതിഞ്ഞു.  വണ്ടൂരില്‍ പോള്‍ ചെയ്തതില്‍ 60,249 വോട്ട് യു.ഡി.എഫിനും 47,982 വോട്ട് എല്‍.ഡി.എഫിനും ലഭിച്ചു. ഈ മണ്ഡലത്തില്‍ 12,267 വോട്ടിനാണ് ഷാനവാസ് മുന്നിലെത്തിയത്. നിലമ്പൂരില്‍ 55,403 വോട്ടാണ് യു.ഡി.എഫിനു ലഭിച്ചത്.  എല്‍.ഡി.എഫിനു 52,137 വോട്ടു കിട്ടി. ഇവിടെ 3,266 വോട്ടാണ് ഷാനവാസിന്റെ ലീഡ്. തിരുവമ്പാടിയില്‍ 49,349 വോട്ട് യു.ഡി.എഫിനു ലഭിച്ചപ്പോള്‍ 46,964 വോട്ടാണ് എല്‍.ഡി.എഫിനു നേടാനായത്. ഇവിടെ 2,385 വോട്ടാണ് യു.ഡി.എഫിനു ഭൂരിപക്ഷം. 
*വയനാട്ടില്‍ യു.ഡി.എഫിനു കനത്ത പ്രഹരമേറ്റു *
      മാനന്തവാടിയില്‍  സത്യന്‍ മൊകേരി 8,666 വോട്ടിന്റെ ലീഡ് നേടി.  56,285 വോട്ട് എല്‍.ഡി.എഫിനു ലഭിച്ചപ്പോള്‍ 47,619 വോട്ടാണ് യു.ഡി.എഫിനു നേടാനായത്.  ബത്തേരിയിലും എല്‍.ഡി.എഫ് വമ്പിച്ച മുന്നേറ്റം നടത്തി. 8,983 വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്നിലായത്. യു.ഡി.എഫിന് 54,182-ഉം  എല്‍ഡിഎഫിനു 63,165-ഉം  വോട്ടാണ് ഇവിടെ. കല്‍പറ്റ മണ്ഡലത്തില്‍ യു.ഡി.എഫ് മുന്നിലെത്തിയെങ്കിലും 1,880 വോട്ട് മാത്രമാണ് ലീഡ്. 53,383 വോട്ട് യു.ഡി.എഫിനു വീണപ്പോള്‍  51,503 വോട്ട് എല്‍.ഡി.എഫ് പിടിച്ചു. 
2014ല്‍ ചിത്രം ഇങ്ങനെ
ആകെ വോട്ട് 1229815
പോള്‍ ചെയ്തത്  915020
എം.ഐ.ഷാനവാസ്(കോണ്‍ഗ്രസ്)  377035
സത്യന്‍ മൊകേരി(സി.പി.ഐ)  356165
പി.ആര്‍.രശ്മില്‍നാഥ്(ബി.ജെ.പി)  80752
പി.വി.അന്‍വര്‍(സ്വതന്ത്രന്‍)  37123
ജലീല്‍ നീലാമ്പ്ര(എസ്.ഡി.പി.ഐ)  14327
റംല മമ്പാട്(വെല്‍ഫെയര്‍ പാര്‍ട്ടി)  12645
പി.പി.എ.സഗീര്‍(എ.എ.പി)  10684
നോട്ട  10735


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *