May 18, 2024

സഞ്ചാരികൾക്ക് സൗകര്യങ്ങൾ:കാരാപ്പുഴയില്‍ അഡ്വഞ്ചര്‍ പാര്‍ക്ക് നിര്‍മാണം പൂര്‍ത്തിയായി

0
Wyd 12 Zip Line.jpg

കല്‍പറ്റ-ജലവിഭവ വകുപ്പിനു കീഴിലുള്ള കാരാപ്പുഴ വിനോദസഞ്ചാര കേന്ദ്രത്തില്‍ അഡ്വഞ്ചര്‍ പാര്‍ക്ക് നിര്‍മാണം പൂര്‍ത്തിയായി.ഉദ്ഘാടനം ഈ മാസം മൂന്നാം വാരം നടത്താനാണ് ജലവിഭവ വകുപ്പിന്റെ പദ്ധതി. 
ജില്ലയിലെ പ്രധാന പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമാണ് കാരാപ്പുഴ. ഇവിടം കൂടുതല്‍ സന്ദര്‍ശകസൗഹൃദമാക്കുന്നതിനു വിഭാവനം ചെയ്തതാണ്  അഡ്വഞ്ചര്‍ പാര്‍ക്ക്. സിപ്‌ലൈന്‍, ഹ്യൂമന്‍ സ്ലിംഗ് ഷോട്ട്, ബഞ്ചി ട്രംപോളിന്‍, ട്രംപോളിന്‍ പാര്‍ക്ക്, ഹ്യൂമന്‍ ഗെയ്‌റോ എന്നിവയാണ് പാര്‍ക്കില്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 
ഒരേസമയം രണ്ടുപേര്‍ക്കു സഞ്ചരിക്കാവുന്നതാണ് സിപ്‌ലൈന്‍. 605 മീറ്ററാണ് നീളം. ദക്ഷിണേന്ത്യയിലെ എറ്റവും കൂടുതല്‍ നീളമുള്ള സിപ് ലൈനാണ് കാരാപ്പുഴയിലേത്. ഒരു മിനിറ്റാണ് സഞ്ചാരസമയം. 
കുട്ടികളുടെ താത്പര്യങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയ തയാറാക്കിയതാണ് ട്രംപോളിന്‍ പാര്‍ക്ക്. കേരളത്തില്‍ ആദ്യമായാണ് കാരാപ്പുഴയില്‍ ഹ്യൂമന്‍ ഗെയ്‌റോ സംവിധാനം. ഹ്യൂമന്‍ സ്ലിംഗ്‌ഷോട്ട്, ബഞ്ചി ട്രംപോളിന്‍ സംവിധാനങ്ങളും ജില്ലയില്‍ നടാടെയാണ്. 
ഏകദേശം രണ്ടു കോടി രൂപ ചെലവിലാണ് അഡ്വഞ്ചര്‍ പാര്‍ക്ക് സജ്ജീകരിച്ചത്. നാഷണല്‍ അഡ്വഞ്ചര്‍ ഫൗണ്ടേഷനാണ്(എന്‍.എ.എഫ്)മൂന്നു വര്‍ഷം പാര്‍ക്കിന്റെ നടത്തിപ്പവകാശം. കാരാപ്പുഴ എയ്‌റോ അഡ്വഞ്ചര്‍ എന്‍.എ.എഫുമായി സഹകരിക്കും. 
2017 മെയ് അഞ്ചിനാണ്  കാരാപ്പുഴ ടൂറിസം കേന്ദ്രം ഔദ്യോഗികമായി  സഞ്ചാരികള്‍ക്ക് തുറന്നുകൊടുത്തത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച രണ്ടു കോടി രൂപയും  സംസ്ഥാന സര്‍ക്കാരിന്റെ 5.21 കോടി രൂപയും  വിനിയോഗിച്ചു കേരളാ ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്‌മെന്റ് കോര്‍പറേഷനാണ് ടൂറിസം കേന്ദ്രത്തില്‍ ഒന്നും രണ്ടും ഘട്ട പ്രവൃത്തികള്‍ നടത്തിയത്. ടൂറിസം വകുപ്പ് അനുവദിച്ച നാലുകോടി രൂപ വിനിയോഗിച്ചായിരുന്നു മൂന്നാംഘട്ട പ്രവൃത്തി നിര്‍വഹണം. വാച്ച് ടവറുകള്‍, ലോട്ടസ് പോണ്ട്, ഫിഷിംഗ് ഡക്ക്, നടപ്പാതകള്‍, ജനറല്‍ ലാന്‍ഡ് സ്‌കേപ്പിംഗ്, കുടിലുകള്‍, പാര്‍ക്കിംഗ് ഏരിയ  എന്നിവ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ പ്രവൃത്തികളാണ്. 
ദിവസവും നൂറു കണക്കിനു സഞ്ചാരികളാണ് കാരാപ്പുഴയില്‍ എത്തുന്നത്. രാവില ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെയാണ് ടൂറിസം കേന്ദ്രത്തില്‍ സന്ദര്‍ശകര്‍ക്കു പ്രവേശനം.  മുതിര്‍ന്നവര്‍ക്ക് മുപ്പതും  12 വയസിനു താഴെയുള്ളവര്‍ക്ക്  പത്തും രൂപയാണ് ടിക്കറ്റ് നിരക്ക്. അഡ്വഞ്ചര്‍ പാര്‍ക്കിലെ സൗകര്യങ്ങള്‍ ആസ്വദിക്കുന്നതിനു പ്രത്യേകം ഫീസ് നല്‍കണം. ദേശീയപാത 766ലെ കാക്കവയലില്‍നിന്നു ഏഴു കിലോമീറ്റര്‍ മാത്രം അകലെയാണ് വിനോദസഞ്ചാര കേന്ദ്രം.  വിവിധോദ്ദേശ്യ പദ്ധതിയാണ് കാരാപ്പുഴ. ജലസേചനത്തിനാണ് വിഭാവനം ചെയ്തത്. കുടിവെള്ള വിതരണത്തിനും അണയിലെ വെള്ളം ഉപയോഗപ്പെടുത്തുന്നുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *