April 30, 2024

മൈസൂര്‍-മലപ്പുറം പാത എന്‍ എച്ച് 766ന് പകരമാവില്ല; സര്‍വകക്ഷിയോഗം വിളിക്കണം: മുഖ്യമന്ത്രിക്ക് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ യുടെ തുറന്ന കത്ത് .

0
Img 20200718 200355.png

സുല്‍ത്താന്‍ബത്തേരി: രാത്രിയാത്ര നിരോധനത്തിന് പരിഹാരമെന്ന നിലയില്‍ കുട്ട-ഗോണിക്കുപ്പ വഴിയുള്ള ബദല്‍പ്പാത മൈസൂര്‍-മാനന്തവാടി-കല്‍പ്പറ്റ-വേനപ്പാറ വഴി മലപ്പുറത്തേക്കുള്ള ദേശീയപാതയാക്കാനുള്ള നിര്‍ദേശവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ കത്ത് നല്‍കി. രാത്രിയാത്രക്ക് പരിഹാരമാകുമെന്ന രീതിയില്‍ വനമേഖല ഒഴിവാക്കി മൈസൂര്‍-മലപ്പുറം ദേശീയ പാതക്ക് കേന്ദ്രാനുമതി എന്ന വാര്‍ത്ത വയനാട്ടിലെ ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഈ പാത ദേശീയപാത 766ന് ബദല്‍പാതയായി ഉയര്‍ത്തികൊണ്ടു വന്നാല്‍ സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം പൂര്‍ണമായും ഒറ്റപ്പെട്ടു പോകുമെന്ന ആശങ്കയാണ് നിലവിലുള്ളത്. കുട്ട- ഗോണിക്കുപ്പ പാത ഒരിക്കലും ദേശീയപാത 766ന് ബദല്‍പാതയായി ഉപയോഗിക്കുവാന്‍ അനുവദിക്കരുത്. ഈ കാരണത്താല്‍ ദേശീയപാത 766 അടഞ്ഞു പോകാതിരിക്കുവാനുള്ള സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്നും അദ്ദേഹം കത്തിലൂടെ അഭ്യര്‍ത്ഥിച്ചു. കൂടാതെ കുട്ട-ഗോണിക്കുപ്പ പാത വന്യജീവി സങ്കേതത്തിലൂടെയും കടുവാസങ്കേതത്തിലൂടെയും ദേശീയപാത 766 നേക്കാള്‍ കൂടുതല്‍ ദൂരം കടന്നുപോകുമെന്ന വസ്തുത മറച്ചു വച്ചാണ് ഈ പാത ബദല്‍ പാതയായി ഉയര്‍ത്തികൊണ്ടുവരുവാനുള്ള പിന്‍വാതില്‍ ശ്രമങ്ങള്‍ നടക്കുന്നത്. ദേശീയപാത 766 ലെ രാത്രിയാത്ര നിരോധന പ്രശ്‌നം പരിഹരിക്കുന്നതിന് പ്രായോഗിക നിര്‍ദ്ദേശങ്ങളാണ് ഈ പാതയില്‍ നടപ്പാക്കേണ്ടത്. പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് അങ്ങ് കര്‍ണ്ണാടക മുഖ്യമന്ത്രിയുമായി ഇനിയെങ്കിലും ഒരു ചര്‍ച്ച നടത്തണമെന്നും, കൂടാതെ ദേശീയപാത 766 പൂര്‍ണമായും തുറന്ന് കിട്ടുന്നതിനും, നിലമ്പൂര്‍ -നഞ്ചന്‍കോട്  റെയില്‍വേ പാത  യാഥാര്‍ത്ഥ്യമാക്കുന്നതിനും അങ്ങ് ഇടപെട്ട് വയനാട്ടിലെ ജനപ്രതിനിധികളുടേയും സര്‍വ്വകക്ഷി നേതാക്കളുടേയും വിവിധ സംഘടനകളുടേയും ഒരുയോഗം വിളിച്ച് ചേര്‍ത്ത് പ്രശ്‌നപരിഹാരത്തിന് വേണ്ട അഭിപ്രായങ്ങള്‍ തേടണമെന്നും, കേന്ദ്ര സര്‍ക്കാരുമായി വേണ്ട ചര്‍ച്ചകള്‍ നടത്തി കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ആകാശപാത പദ്ധതി നടപ്പിലാക്കി വന്യമൃഗങ്ങള്‍ക്കോ പരിസ്ഥിതിക്കോ ദോഷമില്ലാത്ത രീതിയില്‍ രാത്രിയും പകലും യാത്ര ചെയ്യുവാനുള്ള അവസരമൊരുക്കണമെന്നും അദ്ദേഹം കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.  വയനാട് ജില്ലയുടെ ഏറ്റവും ജീവല്‍പ്രധാന പ്രശ്‌നമാണ് ദേശീയപാത 766 ലെ രാത്രിയാത്ര നിരോധനം. രാത്രിയാത്രാ നിരോധന കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി അടുത്ത തവണ കേസ് എടുക്കുന്നതിന് മുമ്പ് ഗവ. എടുക്കേണ്ട നിലപാടുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി ഗതാഗത വകുപ്പ് മന്ത്രി, വനം വകുപ്പ് മന്ത്രി പൊതുമരാമത്ത് വകുപ്പ് മന്ത്രി, പ്രസ്തുത വകുപ്പുകളിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ അടങ്ങുന്ന ഒരു യോഗം വിളിച്ചു ചേര്‍ക്കണ താനും കല്‍പ്പറ്റ എം എല്‍ എയും ഗതാഗതമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. 2019 ഡിസംബര്‍ 19 ന് തിരുവനന്തപുരത്ത് വച്ച് വയനാട്ടിലെ എം.എല്‍.എ മാരും മേല്‍ കാണിച്ച മന്ത്രിമാരും, സെക്രട്ടറിമാരും വയനാട്ടിലെ ആക്ഷന്‍ കമ്മറ്റി അംഗങ്ങളും ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അവര്‍കളുടെ ഓഫീസില്‍ വച്ച് യോഗം ചേരുകയും കേരളത്തിന് അനുകൂലമായ സത്യവാങ്മൂലം തയ്യാറാക്കുന്നതിന് വേണ്ടി മേല്‍ സെക്രട്ടറിമാരെ ചുമതലപ്പെടുത്തുകയാണുണ്ടായത്. പിന്നീട് ഈ സത്യവാങ്മൂലം ജില്ലയിലെ എം.എല്‍.എ മാരെ കാണിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ യോഗം നടക്കുന്നതിന് രണ്ട് മൂന്ന് ദിവസം മുന്‍പ് ഉദ്യോഗസ്ഥന്‍മാര്‍ കരട് സത്യവാങ്മൂലം സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുകയുണ്ടായി. എം.എല്‍.എ മാരെയടക്കം കബളിപ്പിച്ചതിനെതിരെ ശക്തമായ സമരങ്ങള്‍ വയനാട്ടില്‍ നടന്നതിനെ തുടര്‍ന്ന് പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്യാമെന്ന് തീരുമാനിക്കുകയാണുണ്ടായത്. എന്നാല്‍ ആ സത്യവാങ്മൂലത്തിന്റെ കരട് പുറത്തായപ്പോള്‍ കുട്ട-ഗോണിക്കുപ്പയടക്കം മൂന്ന് ബദല്‍പാതകള്‍ക്കുള്ള നിര്‍ദ്ദേശമാണ് വച്ചിരുന്നത്. ഇത് തിരുത്തിക്കുന്നതിന് വയനാട്ടിലെ ജനങ്ങള്‍ വീണ്ടും സമരമുഖത്തേക്കിറങ്ങേണ്ടി വന്നു. ഈ വിഷയത്തില്‍ ജില്ലയിലെ ജനപ്രതിനിധികളേയും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും വിവിധ സംഘടനയുടെ നേതാക്കളേയും വിളിച്ച് ചേര്‍ത്ത് ദേശീയപാത 766 സംരക്ഷിക്കുന്നതിനുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുവാന്‍ ഇതുവരെയും അങ്ങയുടെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. വയനാട്ടില്‍ ബഹുജന സമരം ശക്തമായ സമയത്ത് സുപ്രീം കോടതിയുടെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയപാത 766 പൂര്‍ണ്ണമായും അടഞ്ഞു പോകുമെന്ന് മുന്നില്‍ക്കണ്ട് സംസ്ഥാനതലത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് സര്‍വ്വകക്ഷി യോഗം വിളിച്ച് ചേര്‍ക്കണമെന്നാവശ്യപ്പെട്ട്  പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തല അങ്ങേക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ നാളിതു വരെയും ഈ യോഗം നടന്നതായി കാണുവാന്‍ സാധിച്ചിട്ടില്ല. കൂടാതെ നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ പാതയുടെ ഡിപിആര്‍ തയ്യാറാക്കുന്നതിനുവേണ്ടി അനുവദിച്ച എട്ട് കോടി രൂപയില്‍ നിന്നും ആദ്യഘഡു രണ്ട് കോടി രൂപ ഡി.എം.ആര്‍. സി ക്ക് കൊടുക്കുന്നതിന് ഗവ. ഉത്തരവ് ഇറങ്ങിയിട്ടും ഡി.എം.ആര്‍. സി ക്ക് കൊടുക്കാതിരിക്കുന്നതിനു വേണ്ടി ആ ഉത്തരവ് മരവിപ്പിച്ച് ഈ പാത അട്ടിമറിക്കുകയാണുണ്ടായതെന്നും ഐ സി ബാലകൃഷ്ണന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *