May 16, 2024

വയനാട്ടിൽ ജില്ലയില്‍ മൂന്ന് കോവിഡ് ക്ലസ്റ്ററുകള്‍; പരിശോധനകള്‍ വര്‍ധിപ്പിക്കും : നിയന്ത്രണങ്ങളുമായി ജനം സഹകരിക്കണം- മന്ത്രി ടി.പി രാമകൃഷ്ണന്‍

0
Img 20200730 Wa0190.jpg
 
കോവിഡ് വ്യാപനം രൂക്ഷമായി വരുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളുമായി ജനം പൂര്‍ണമായി സഹകരിക്കണമെന്ന് തൊഴില്‍- എക്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്‍ അഭ്യാര്‍ഥിച്ചു. അസൗകര്യങ്ങള്‍ സ്വാഭാവികമാണ്. സാഹചര്യങ്ങളുടെ പ്രത്യേകത മനസ്സിലാക്കി എല്ലാവരും സഹകരിച്ചാലേ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാനാകൂ. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും യോജിച്ചു നില്‍ക്കുന്ന ഘട്ടമാണിത്. വയനാട്ടിലും ഈ യോജിപ്പ് നല്ലതു പോലെയുണ്ടെന്നും കലക്ടറേറ്റില്‍ നടന്ന കോവിഡ് അവലോകന യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു.
വിവാഹ ചടങ്ങുകള്‍ക്കും മറ്റും കര്‍ശന നിയന്ത്രണം വരുത്തിയേ തീരൂ. കൂടുതല്‍ ആളുകളെ ക്ഷണിക്കാനോ പങ്കെടുക്കാനോ പാടില്ല. രോഗ വ്യാപനം കൂടുതലും ഉണ്ടായത് വിവാഹ- മരണാനന്തര – വീട്ടുതാമസ- ജന്മദിനാഘോഷ ചടങ്ങുകള്‍ മുഖേനയാണെന്ന കാര്യം വിസ്മരിക്കരുത്. ഈ അനുഭവം നമുക്ക് താക്കീതാണ്. കൂടിച്ചേരലുകള്‍ പരമാവധി ഒഴിവാക്കുന്നതോടൊപ്പം സോപ്പ്, സാനിറ്റൈസര്‍ ഉപയോഗം, സാമൂഹിക അകലം തുടങ്ങിയ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നത് ചിട്ടയായി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതിനുളള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ദിവസം അഞ്ഞൂറ് പേരെ പരിശോധിക്കാനുളള സജ്ജീകരണങ്ങളാണ് നിലവിലുളളത്. ഇത് രണ്ട് ദിവസത്തിനകം 800 ആയും വൈകാതെ 1100 ആയും ഉയര്‍ത്തും. ഇതിനായി കൂടുതല്‍ പരിശോധന സംവിധാനങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഒരുക്കുന്നുണ്ട്. ജില്ലയില്‍ തൊണ്ടര്‍നാട്, സുല്‍ത്താന്‍ ബത്തേരി, വാളാട് എന്നിവിടങ്ങളിലായി മൂന്ന് ക്ലസ്റ്ററുകളാണുള്ളത്. വാളാട് ലാര്‍ജ് ക്ലസ്റ്ററും മറ്റിടങ്ങള്‍ ലിമിറ്റഡ് ക്ലസ്റ്ററുകളുമാണ്. ഇവിടങ്ങളില്‍ വ്യാപകമായ രീതിയില്‍ തന്നെ പരിശോധനകള്‍ നടത്തി വരികയാണ്. 
ജില്ലയിലെ കോവിഡ് ആശുപത്രികളില്‍ 652 ബെഡുകള്‍ ഉണ്ട്. ജില്ലാ ആശുപത്രിയില്‍ 300, താലൂക്ക് ആശുപത്രികളായ ബത്തേരിയില്‍ 148, വൈത്തിരി – 14, വിംസ് ആശുപത്രി – 190 എന്നിങ്ങനെയാണ് ബെഡുകളുടെ കണക്ക്. 29 വെന്റിലേറ്ററുകളും 146 ഐ.സിയു ബെഡുകളും സജ്ജമാണ്. 
കോവിഡ് പ്രാഥമിക ചികില്‍സ കേന്ദ്രങ്ങള്‍ എല്ലാ പഞ്ചായത്തിലും തയ്യാറായി വരുന്നു. നിലവില്‍ 2758 കിടക്കകളും ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുളള അനുബന്ധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് ഏഴോട് കൂടി കിടക്കകളുടെ എണ്ണം 6054 ആയി ഉയരും. ഇതു കൂടാതെ വിംസ് ആശുപത്രിയിലെ സൗകര്യങ്ങളുപയോഗിച്ച് ആയിരത്തോളം കിടക്കകള്‍ കൂടി സജ്ജമാക്കുന്നത് പരിഗണനയിലാണ്. ഇതോടെ ജില്ലയില്‍ ആകെ 7054 കിടക്കകളാണ് തയ്യാറാവുക. രോഗികള്‍ക്ക് സൗകര്യമൊരുക്കുന്നതില്‍ ഫണ്ട് തടസ്സമല്ലെന്നും  തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ഇക്കാര്യത്തില്‍ സജീവ പങ്കാളിത്തം വഹിക്കണമെന്നും മന്ത്രി പറഞ്ഞു.
ഡോക്ടര്‍മാര്‍, പാരമെഡിക്കല്‍ സ്റ്റാഫ്, നെഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവരെ ആവശ്യത്തിന് നിയമിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശിച്ചു. വിരമിച്ചവര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം ഉപയോഗപ്പെടുത്തണം. ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യരുെതന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.
നോണ്‍ കോവിഡ് ചികില്‍സയ്ക്ക് വരുന്ന രോഗികള്‍ക്കും ആശുപത്രികളില്‍ മതിയായ ചികില്‍സ ഉറപ്പാക്കണമെന്ന് യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശിച്ചു. യാതോരു കാരണവശാലും ചികില്‍സ ലഭിക്കാത്ത സാഹചര്യം ഉണ്ടാകരുത്.
കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളള, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *