April 30, 2024

പാഴാകുന്ന താപോര്‍ജത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കാം;കാലിക്കറ്റിലെ ഗവേഷണ വിദ്യാര്‍ഥിക്ക് മികച്ച പ്രബന്ധപുരസ്‌കാരം

0
Img 20211207 201707.jpg
പ്രത്യേക ലേഖകൻ.
തേഞ്ഞിപ്പലം-അഡ്വാന്‍സ്ഡ് മെറ്റീരിയല്‍ ആന്റ് മെറ്റീരിയല്‍ ക്യാരക്ടറൈസേഷന്‍ അന്താരാഷ്ട്ര ശില്പശാലയില്‍ ഏറ്റവും മികച്ച പ്രബന്ധത്തിനുള്ള അവാര്‍ഡ് കാലിക്കറ്റിലെ ഗവേഷണ വിദ്യാര്‍ഥിക്ക്. ഫാറൂഖ് കോളേജിലെ ഫിസിക്സ് വിഭാഗം അസി. പ്രൊഫസര്‍ കൂടിയായ മിഥുന്‍ ഷായ്ക്കാണ് പുരസ്‌കാരം. ചെന്നൈയിലെ എസ്.ആര്‍.എം. ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ഇന്‍ഡോര്‍, ഡല്‍ഹി, മദ്രാസ്, ഹൈദരാബാദ് എന്നിവയുടെയെല്ലാം സഹകരണത്തോടെയായിരുന്നു ശില്പശാല. കാലിക്കറ്റിലെ ഫിസിക്സ് വിഭാഗം പ്രൊഫസറായ പി.പി. പ്രദ്യുമ്നന്റെ നേതൃത്വത്തില്‍ നടത്തുന്ന ഗവേഷണത്തെ അടിസ്ഥാനമാക്കിയാണ് പ്രബന്ധം. എം.ഫില്‍ വിദ്യാര്‍ഥികളായ പി.കെ. ജംഷീന സനം, എന്‍ജിനീയറായ ജംഷിയാസ് എന്നിവരും പുരസ്‌കാരം ലഭിച്ച ഗവേഷണവിഷയത്തില്‍ പങ്കാളികളാണ്. വാഹനങ്ങള്‍ പുറന്തള്ളുന്ന താപം, വേനല്‍ച്ചൂട് എന്നിങ്ങനെ പാഴായിപ്പോകുന്ന ഊര്‍ജത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദാര്‍ഥങ്ങളുടെയും ഉപകരണങ്ങളുടെയും നിര്‍മാണമാണ് പ്രധാന ഗവേഷണ മേഖല. താപവൈദ്യുത വ്യതിയാനം അളക്കാനുള്ള ഉപകരണം ഇവര്‍ സ്വന്തമായി വികസിപ്പിച്ചിരുന്നു. ഇതേക്കുറിച്ചായിരുന്നു പ്രബന്ധം. വിദേശ സര്‍വകലാശാലകളിലെയും ഇന്ത്യയിലെ ഐ.ഐടികളിലെയും എണ്ണൂറോളം ഗവേഷണ പ്രബന്ധങ്ങളുമായി മത്സരിച്ചാണ് മിഥുന്‍ ഷാ അവാര്‍ഡിനര്‍ഹത നേടിയത്. ആണവോര്‍ജ വകുപ്പ് നടത്തുന്ന ഖരഭൗതിക ശില്പശാലയില്‍ ഏറ്റവും മികച്ച ഡോക്ടറല്‍ പ്രബന്ധ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ പ്രൊഫ. പ്രദ്യുമ്നന്റെ കീഴിലുള്ള ഗവേഷണത്തിന് മുമ്പ് ലഭിച്ചിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *