May 19, 2024

മൂന്ന് വർഷത്തെ വില തകർച്ചയ്ക്കു ശേഷം കർഷകർക്കു പ്രതീക്ഷ നൽകി ഇഞ്ചിവില ഉയരുന്നു

0
20230405 121438.jpg
കൽപ്പറ്റ : തുടർച്ചയായ 3 വർഷത്തെ വില തകർച്ചയ്ക്കു ശേഷം കർഷകർക്കു പ്രതീക്ഷ നൽകി ഇഞ്ചിവില ഉയരുന്നു. 60 കിലോ ചാക്കിന് 5,000 രൂപയിലധികമായി വില ഉയർന്നു. കഴിഞ്ഞ വർഷം 1500 രൂപയും അതിനുമുൻപ് 1,000 രൂപയുമായിരുന്നു പരമാവധി വില. സാമ്പത്തിക പ്രയാസത്തിൽ നട്ടം തിരി‍ഞ്ഞ ഭൂരിപക്ഷം കർഷകരും നേരത്തെ ഇഞ്ചി പറിച്ചു. പുതിയ കൃഷിയാരംഭിക്കാൻ വൻതുക വേണ്ടിവന്നതോടെ ഇഞ്ചിയുമായി കാത്തിരിക്കാനുള്ള ശേഷി പലർക്കുമില്ലാതായി. ഏതാണ്ട് 70 ശതമാനം പേരും ഇഞ്ചി വിളവെടുത്തു. ഉൽപന്നത്തിനു ക്ഷാമം നേരിട്ടതോടെയാണു വില ഉയർന്നത്. ന്യായവില ലഭിക്കാതെ ഇഞ്ചി പറിക്കേണ്ടതില്ലെന്ന കർഷക കൂട്ടായ്മകളുടെ തീരുമാനവും വില ഉയരാൻ വഴിമരുന്നായി. 
ഏതാനും വർഷം മുൻപ് ചാക്കിന് 9,000 രൂപവരെ വില ഉയർന്ന സമയമുണ്ട്. ക്ഷാമം രൂക്ഷമായപ്പോഴായിരുന്നു വില റെക്കോഡിലെത്തിയത്. പുതിയ ഇഞ്ചി പറിക്കും വരെ മെച്ചപ്പെട്ട വില ലഭിക്കുമെന്നാണ് ഈ രംഗത്തുള്ളവരുടെ പ്രതീക്ഷ.ശക്തമായ വേനലിനെ അവഗണിച്ചും കർഷകർ നടീലിന്റെ തിരക്കിലാണ്. വിഷുവിനു മുൻപു നടീൽ പൂർത്തീകരിക്കണമെന്നാണു പലരുടെയും ആഗ്രഹം. പുതിയ സ്ഥലം കണ്ടെത്തി ജലസേചന സൗകര്യങ്ങൾ ഉറപ്പാക്കിയവർ ബെഡ് വെട്ടി ഇഞ്ചി നട്ടു. ഇഞ്ചി വില വർധിക്കുന്നതനുസരിച്ച് വിത്ത് വിലയും കൂടുന്നുണ്ട്. ഇഞ്ചിയുടെ കമ്പോള വിലയ്ക്കു പുറമേ 1,000 രൂപ കൂടി വിത്തിനു നൽകണം. 
സ്ഥലത്തിന്റെ പാട്ടം, കൂലി, ചെലവ് എന്നിവയെല്ലാം വർധിച്ചു. ഒരേക്കർ സ്ഥലത്ത് നടീൽ പൂർത്തീകരിക്കാൻ 5 ലക്ഷത്തിൽ കുറയാത്ത ചെലവുണ്ട്. കർണാടകയിൽ ജോലിക്കാർക്കും ക്ഷാമം നേരിട്ടുതുടങ്ങി. എല്ലാവരും നടീൽ തുടങ്ങിയപ്പോൾ ഗ്രാമീണ തൊഴിലാളികളെയും കിട്ടാതായി.കടുത്ത വരൾച്ചയിൽ ജലക്ഷാമം നേരിടുന്ന കർഷകരുമുണ്ട്. കുഴൽക്കിണറുകളിൽ പലതും വറ്റി. വൈദ്യുതി കിട്ടാത്തതാണു മറ്റൊരു പ്രശ്നം. രാത്രി ഏതാനും മണിക്കൂർ മാത്രമാണു ഗ്രാമങ്ങളിൽ വൈദ്യുതി വിതരണം. നനയ്ക്കാൻ വെള്ളമില്ലാതെ ഇഞ്ചി പറിക്കാൻ നിർബന്ധിതരായവരുമേറെ. മുൻ വർഷങ്ങളിലെ നഷ്ടത്തിൽ നിന്നു കരകയറാൻ കഴിയാത്തവരും ഒട്ടേറെയാണ്.
കർണാടകയിലെ ഉല്ലള്ളി, ഉറ, സർഗൂർ, മാതാപുര, ഗദ്ദിക, മലവള്ളി, കെ.ആർ.നഗർ, ഹാസൻ എന്നിവിടങ്ങളിലാണ് കാര്യമായ ഇഞ്ചിക്കൃഷി. ശിവമൊഗ്ഗ ഭാഗങ്ങളിൽ ഇഞ്ചി കൃഷി കുറഞ്ഞു. പാട്ട കർഷകർക്ക് പുറമേ നാട്ടുകാരും കാര്യമായി ഇഞ്ചിക്കൃഷി ചെയ്യുന്നുണ്ട്. കർണാടകയിൽ കൃഷിക്കു പല ആനുകൂല്യങ്ങളും ലഭിക്കുന്നതിനാൽ വിലയിടിവ് അവരെ കാര്യമായി ബാധിക്കാറില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *