May 20, 2024

ആയുഷ്മാന്‍ ഭവ: ജില്ലാതല ഉദ്ഘാടനം നടന്നു

0
Img 20230913 204619.jpg
മാനന്തവാടി : വിവിധ ആരോഗ്യ സേവനങ്ങള്‍ ഒരു കുടക്കീഴിലാക്കി കൂടുതല്‍ വേഗത്തിലും ഗുണനിലവാരത്തിലും ഗ്രാമ നഗര വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളിലേക്കുമെത്തിക്കുന്നതിനായി ആവിഷ്‌കരിച്ച ആയുഷ്മാന്‍ ഭവ: പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷയായി. ഡിവിഷന്‍ കൗണ്‍സിലര്‍ ബി.ഡി അരുണ്‍ കുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ .പി ദിനീഷ് മുഖ്യപ്രഭാഷണം നടത്തി . ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.വി.പി രാജേഷ് സന്ദേശം നല്‍കി. 
പദ്ധതിയുടെ ഭാഗമായി ഭൂമിശാസ്ത്രപരമായി എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലെ ആളുകളുള്‍പ്പടെ അര്‍ഹരായ എല്ലാവര്‍ക്കും ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങള്‍ പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് ഘടകങ്ങളിലൂന്നികൊണ്ടുള്ള ക്യാമ്പയിന് ഈ മാസം തുടക്കമാകും. ആയുഷ്മാന്‍ ആപ് കെ ദ്വാര്‍ 3.0 എന്ന പേരില്‍ എല്ലാവര്‍ക്കും ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഐഡി ഉണ്ടാക്കി ആയുഷ്മാന്‍ കാര്‍ഡ് ലഭ്യമാക്കുന്ന പദ്ധതിയാണ് ആദ്യത്തേത്. ഇതിലൂടെ ഒരാളുടെ ആരോഗ്യവിവരങ്ങളെല്ലാം തന്നെ ഒരു ഹെല്‍ത്ത് ഐഡിയില്‍ ലഭ്യമാകുകയും രാജ്യത്ത് എവിടെ നിന്നും ചികിത്സ എടുക്കുന്നത് എളുപ്പമാകുകയും ചെയ്യും .സ്‌പെഷ്യാലിറ്റി സേവനങ്ങളുള്‍പ്പെടെ ജനസംഖ്യാധിഷ്ഠിതമായ രോഗ നിര്‍ണ്ണയവും ചികിത്സയും ലഭ്യമാക്കുന്നതിന് വേണ്ടി ആഴ്ചയിലൊരിക്കല്‍ നടത്തപ്പെടുന്ന ആയുഷ്മാന്‍ മേളയാണ് മറ്റൊരു ഘടകം. ആരോഗ്യ മേഖലയില്‍ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ഗ്രാമസഭാ മാതൃകയില്‍ ആവിഷ്‌കരിച്ചിട്ടുള്ള ആയുഷ്മാന്‍ സഭകളാണ് മൂന്നാമത്തെ ഘടകം.എച്ച് ഡബ്ലിയു സി ഐഇസി കണ്‍സള്‍ട്ടന്റ് ഡോ. ജെറിന്‍, ആര്‍ എം ഒ ഡോ.അര്‍ജുന്‍ ,ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, നഴ്‌സിംഗ് സൂപ്രണ്ട് ത്രേസ്യ പാറക്കല്‍, ഡെപ്യൂട്ടി എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ കെ എം ഷാജി, കെ എച്ച് സുലൈമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.'ആയുഷ്മാന്‍ ഭവ'പദ്ധതിയുടെ മാനന്തവാടി ബ്ലോക്ക്തല ഉദ്ഘാടനവും ലോക രോഗിസൗഹൃദ ദിനാചരണവും പൊരുന്നന്നൂര്‍ സാമൂഹ്യരോഗ്യ കേന്ദ്രത്തില്‍ നടന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ പി.കെ അമീന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ പരിരക്ഷ പ്രതിജ്ഞ ഹെഡ്‌നേഴ്‌സ് കെ.കെ ജലജ ചടങ്ങില്‍ ചൊല്ലിക്കൊടുത്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.കെ ഉമേഷ് വിഷയാവതരണം നടത്തി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി .രാധാകൃഷ്ണന്‍, കുറുക്കന്‍മുല പ്രാഥമികരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ ഗഫൂര്‍, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ എം.എ അഷറഫ് ,എം നിസാര്‍ , സലിം പുത്തന്‍പുര തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *