May 20, 2024

വിദ്യാവാഹിനി പദ്ധതി-ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ടി. സിദ്ധിഖ് എം.എല്‍.എ

0
Img 20230929 155414.jpg
കല്‍പ്പറ്റ: വിദ്യാവാഹിനി പദ്ധതിയില്‍ ഹയര്‍ സെക്കണ്ടറിയിലെ ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ കൂടി ഉള്‍പ്പെടുത്താനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി. നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി നിരവധി ആദിവാസി കോളനികളുണ്ട്. കോളനികളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ പോകുന്നതിന് വാഹന സൗകര്യമില്ലാത്തിനാല്‍ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ വിദ്യാവാഹിനി പദ്ധതി ഉപയോഗപ്പെടുത്തിയാണ് പോകുന്നത്. എന്നാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതി പ്രകാരം വാഹന സൗകര്യം ലഭിക്കാത്തതിനാല്‍ മാസം തോറും 1000 രൂപയിലധികം ചെലവ് വരുന്നുണ്ട്. അതോടൊപ്പം തുടര്‍ പഠനത്തിന് ഗോത്രവര്‍ഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഇതൊരു തടസ്സമാണ്.
     കോളനികളില്‍ നിന്നും സ്‌കൂളുകളിലേക്ക് പോകാന്‍ മടിക്കുന്ന കുട്ടികള്‍ക്ക് വിദ്യാവാഹിനി പദ്ധതി വളരെ ഉപകാരപ്രദമാണ്. കൂലിവേല എടുത്ത് നിത്യവൃത്തി നടത്തുന്ന ഗോത്രവര്‍ഗത്തിലുള്ളവര്‍ക്ക് ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ പഠിക്കുന്ന മക്കളെ സ്‌കൂളുകളിലേക്ക് അയക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. അധ്യായന വര്‍ഷം ആരംഭിച്ചിട്ട് 4 മാസം ആയന്നിരിക്കെ ഈ കുട്ടികള്‍ പഠനം നിര്‍ത്തേണ്ടി വന്നാല്‍ വളരെ ബുദ്ധിമുട്ടിലാകും. പല കുട്ടികളും പഠനം പാതിവഴിയില്‍ നിര്‍ത്തിയിട്ടുമുണ്ട്.
    വാഹന സൗകര്യം ഇല്ലാത്ത ഹയര്‍ സെക്കണ്ടറിയില്‍ പഠിക്കുന്ന ഗോത്രവര്‍ഗ വിഭാഗത്തിലുള്ള കുട്ടികളുടെ വിവരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ശേഖരിച്ച് ഈ വിദ്യാര്‍ത്ഥികളെ കൂടി വിദ്യാവാഹിനി പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എം.എല്‍.എ മന്ത്രിയോട് ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *