May 20, 2024

അധികൃതർ കനിയണം, അധികാരികൾ കാണണം, കർഷകരുടെ നോവറിയണം: വന്യമൃഗശല്യം രൂക്ഷമായതോടെ വയനാട്ടിലെ ഗ്രാമപ്രദേശങ്ങളിലെ കർഷകർ പ്രതിസന്ധിയിൽ

0
Img 20231009 182527.jpg
കൽപ്പറ്റ :  നാട്ടിലെ വിവിധ ഇടങ്ങളിൽ ഇപ്പോഴും വന്യമൃഗ ശല്യം രൂക്ഷമായ നിരവധി പ്രദേശങ്ങൾ ഉണ്ട്. കാട്ടാനശല്യത്തിനു പുറമേ കുരങ്ങ്, മയിൽ, മാൻ, കാട്ടുപന്നി ശല്യം രൂക്ഷമായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കർഷകർ. പകലന്തിയോളം കർഷകർ അധ്വാനിച്ചുണ്ടാക്കിയ കാർഷിക വിളകളെല്ലാം കൂട്ടത്തോടെയെത്തുന്ന കുരങ്ങ്, കാട്ടുപന്നി, മയിൽ, മാൻ എന്നിവ നശിപ്പിക്കുകയാണ്. അതേസമയം വനാതിർത്തി പ്രദേശത്തു മാത്രമല്ല ഇവയുടെ ശല്യം വനത്തിൽ നിന്നു കിലോമീറ്ററുകൾ അകലെയുള്ള ടൗൺ പ്രദേശങ്ങളിലും കുരങ്ങ്, മയിൽ, മാൻ അടക്കമുള്ളവയെ കൊണ്ടു നാട്ടുകാർ പൊറുതിമുട്ടുകയാണ്. കേര കർഷകർക്കാണു വാനരപ്പട ഏറ്റവും കൂടുതൽ നഷ്ടം വരുത്തുന്നത്. 
മയിലുകൾ പച്ചക്കറി ചെടികൾ തിന്നു തീർക്കുന്നതിന് പുറമേ വയലിലിറങ്ങി നെൽച്ചെടികളും ചവിട്ടി നശിപ്പിക്കുകയാണ്.
പുലർച്ചെയും വൈകിട്ടുമാണ് ഇവയുടെ ശല്യം ഏറെയും. ഇന്ത്യൻ പക്ഷികളുടെ സ്ഥിതിവിവര റിപ്പോർട്ട് പ്രകാരം വയനാട് അടക്കമുള്ള ജില്ലകളിൽ മയിലുകൾ വൻതോതിൽ പെരുകിയെന്ന വാർത്ത ആശങ്കയുളവാക്കുന്നതാണ്.
അതേസമയം മാനുകൾ ചെറിയ റബർ മരങ്ങളുടെ തൊലി കാർന്നുതിന്നുന്നതും പതിവാണ്. നാട്ടിലേക്കിറങ്ങുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാനുള്ള സർക്കാർ ക്രമീകരണങ്ങൾ മിക്കയിടത്തും പരാജയമാണ്.  വനാതിർത്തിയിലുള്ള പ്രതിരോധ സംവിധാനങ്ങൾ തകർന്നു കിടക്കാൻ തുടങ്ങിയിട്ടു കാലങ്ങളായെങ്കിലും നന്നാക്കാൻ നടപടിയില്ലാത്തതാണു കൃഷിയിടങ്ങളിൽ മാൻ അടക്കമുള്ളവയുടെ ശല്യം വർധിക്കാൻ കാരണം. കൃഷിയിടങ്ങളിൽ ശല്യം ചെയ്യുന്ന കാട്ടുപന്നികളെ വെടി വയ്ക്കാൻ നിയമം വന്നിട്ടും നടപടിയെടുക്കുന്നില്ലെന്നു കർഷകർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി കടുവയുടെ ശല്യം വയനാട്ടിലെ തിരുനെല്ലി മേഖലയിൽ രൂക്ഷമായിരുന്നു. തുടർന്ന് വനം വകുപ്പ് നിരവധി തവണ തിരിച്ചിൽ നടത്തി ഒടുവിൽ കടുവയെ പിടികൂടിയിരുന്നു.
ഇത്തരത്തിൽ കർഷകർക്ക് ദുരിതം സമ്മാനിക്കുന്ന വാർത്തകളാണ് ദിനംപ്രതി വയനാട്ടിൽ ഉണ്ടാകുന്നത്. വനം വകുപ്പ് കൃത്യമായ നടപടി എടുക്കണമെന്നാണ് കർഷകരുടെ ആവശ്യം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *