തവിഞ്ഞാല്‍ പട്ടയ വിഷയം നവംബര്‍ മാസത്തില്‍ തന്നെ ഡിജിറ്റല്‍ സര്‍വ്വെ നടപടികള്‍ ആരംഭിക്കും : റവന്യൂ മന്ത്രി കെ.രാജന്‍
തവിഞ്ഞാല്‍: തവിഞ്ഞാല്‍ പ്രദേശത്തെ പട്ടയ വിഷയം പരിഹരിക്കുന്നതിനായി നവംബര്‍ മാസത്തില്‍ തന്നെ ഡിജിറ്റല്‍ സര്‍വ്വെ നടപടികള്‍ ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ അറിയിച്ചു. പട്ടയ മിഷന്റെ ഭാഗമായി വയനാട് ജില്ലയിലെ പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള അവലോകന യോഗം ഓണ്‍ലൈനായി ചേര്‍ന്നതിനു ശേഷമാണ് സര്‍വ്വെ ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ജില്ലയിലെ വിവിധ പട്ടയ വിഷയങ്ങള്‍ പരിഹരിക്കുന്നതിനായി റവന്യൂ മന്ത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉദ്യോഗസ്ഥ തല പട്ടയ അദാലത്തില്‍ ഇരുളം മിച്ചഭൂമി വിഷയം ഉള്‍പ്പെടെയുള്ള നിരവധി പട്ടയ വിഷയങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ യോഗത്തിലുണ്ടായി. പട്ടയ വിതരണം കാര്യക്ഷമമാക്കുന്നതിനായി രൂപീകരിച്ച പദ്ധതിയാണ് പട്ടയ മിഷന്‍. ഓരോ ജില്ലയിലും മന്ത്രി തന്നെ പങ്കെടുത്തുകൊണ്ടുള്ള അദാലത്തുകള്‍ നടന്നു വരികയാണ്. ഇതിനോടകം എല്ലാ നിയോജക മണ്ഡലങ്ങളിലും എംഎല്‍എ മാരുടെ നേതൃത്വത്തില്‍ പട്ടയ അസംബ്ലികള്‍ നടന്നിരുന്നു. അസംബ്ലികളില്‍ ഉയര്‍ന്നു വന്ന പട്ടയ പ്രശ്‌നങ്ങള്‍ സംസ്ഥാനാടിസ്ഥാനത്തിലുള്ള പട്ടയ ഡാഷ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിരുന്നു. അത്തരം വിഷയങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനാണ് ഇപ്പോള്‍ പട്ടയ ഡാഷ് ബോര്‍ഡ് അദാലത്ത് നടക്കുന്നത്. വയനാട് ജില്ലയിലെ അദാലത്തില്‍ ഇരുളം മിച്ചഭൂമി പ്രശ്‌നം, ഫെയര്‍ലാന്റ് കോളനിയിലെ ശേഷിക്കുന്നവര്‍ക്ക് പട്ടയം നല്‍കുന്ന വിഷയം. മരിയനാട് എസ്റ്റേറ്റ് ഭൂമി പതിച്ചു നല്‍കുന്ന വിഷയം, ഗ്രോമോര്‍ഫുഡ് പദ്ധതി പ്രകാരം അനുവദിച്ച ഭൂമിയിലെ പട്ടയ വിഷയം, വുഡ് ലാന്റ് എസ്റ്റേറ്റ് ഭൂമി വിഷയം, തുടങ്ങി വിവിധ ഭൂപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചു. രണ്ടായിരത്തിലേറെ പേര്‍ക്ക് പട്ടയം ലഭിക്കത്തക്ക വിധത്തിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്കും ലാന്റ് റവന്യൂ കമ്മീഷണര്‍ക്കും റവന്യു മന്ത്രി നിര്‍ദ്ദേശം നല്‍കി. അദാലത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ടിങ്കു ബിസ്വാള്‍ ഐഎഎസ്, ലാന്റ് റവന്യ കമ്മീഷണര്‍ ഡോ.എ.കൗശികന്‍ ഐഎഎസ്, ജോയിന്റ് കമ്മീഷണര്‍ എ.ഗീത ഐഎഎസ്, റവന്യൂ സ്‌പെഷല്‍ സെക്രട്ടറി, ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് ഐഎഎസ്, മറ്റു റവന്യൂ ഉദ്യോഗസ്ഥരും പങ്കെടുത്തു.
Leave a Reply