May 16, 2024

വയനാട് കര്‍ഷക ഉച്ചകോടി; വേണ്ടത് യുദ്ധകാലാടിസ്ഥാനത്തിലുള്ള വികസനം: കര്‍ഷക വിരുദ്ധരെ ചൂണ്ടിക്കാണിക്കും

0
Img 20240403 202016

 

 

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളേജ് വികസനം, വയനാട്ടിലേക്കുള്ള ദേശീയപാതകള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ വികസിപ്പിക്കല്‍, പൂഴിത്തോട്-പടിഞ്ഞാറത്തറ സംസ്ഥാന ഹൈവേ 54 പൂര്‍ത്തീകരണം, ഭൂഗര്‍ഭപാത തുടങ്ങി വയനാടിന്റെ അടിയന്തിര വികസന ആവശ്യങ്ങളില്‍ വയനാട്ടില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ നിലപാട് വ്യക്തമാക്കണമെന്നും മനുഷ്യരുണ്ടെങ്കിലേ പരിസ്ഥിതി നിലനില്‍ക്കൂ എന്ന കാര്യം ആരും മറക്കരുതെന്നും കര്‍ഷകവിരുദ്ധവും ജനവിരുദ്ധവുമായ മുഴുവന്‍ കേന്ദ്ര സംസ്ഥാന നിയമങ്ങളും കാലോചിതമായി പരിഷ്‌ക്കരിക്കണമെന്ന് വയനാട് കര്‍ഷക ഉച്ചകോടി ആവശ്യപ്പെട്ടു.

 

കാലോചിതമായി ജീവിക്കാനുള്ള വരുമാനം കര്‍ഷകര്‍ക്ക് ലഭിക്കുന്നു എന്നുറപ്പാക്കാന്‍ കാര്‍ഷിക വിളകള്‍ക്ക് വര്‍ഷാവര്‍ഷം പ്രവര്‍ത്തന ചിലവിനെ അടിസ്ഥാനമാക്കി താങ്ങുവില വര്‍ദ്ധിപ്പിക്കുകയും സംസ്ഥാന കൃഷി വകുപ്പിന്റെയും സഹകരണ വകുപ്പിന്റെയും നിയന്ത്രണത്തിലുള്ള 11068 വിപണന കേന്ദ്രങ്ങള്‍ വഴി രൊക്കംപണം നല്‍കി കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ താങ്ങുവിലക്ക് മുകളില്‍ സംഭരിച്ച് കേരളത്തിലെ കര്‍ഷകര്‍ക്ക് മാന്യമായ വരുമാനം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണം. കൃഷി വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള വമ്പന്‍ കാര്‍ഷിക മാര്‍ക്കറ്റുകള്‍, വി.എഫ്.പി.സി.കെ., ഹോര്‍ട്ടികോര്‍പ്പ്, കേരഫെഡ് തുടങ്ങിയ സംവിധാനങ്ങളൊക്കെ കര്‍ഷക വിരുദ്ധമായതിന്റെ ഉത്തരവാദിത്വം കൃഷിവകുപ്പ് ഭരിക്കുന്ന സി.പി.ഐയ്ക്ക് തന്നെയാണ്.

 

2020 സെപ്റ്റംബര്‍ 23 ന് അന്നത്തെ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ (സി.പി.ഐ.) പ്രഖ്യാപിച്ച് നടപ്പിലാക്കി എന്നവകാശപ്പെട്ട കാര്‍ഷിക ഉല്‍പ്പന്ന താങ്ങുവിലയും സംഭരണവും ശുദ്ധതട്ടിപ്പായിരുന്നു. 5000 രൂപാ പ്രതിമാസ കര്‍ഷക പെന്‍ഷന്‍ ഉറപ്പാക്കി 20 ലക്ഷം കര്‍ഷകരെ ചേര്‍ക്കും എന്നു പറഞ്ഞ പദ്ധതിയില്‍ 20000 പേരെ പോലും ചേര്‍ക്കാനായില്ല. ഇതും സി.പി.ഐ. മന്ത്രിയുടെ തന്നെ പരാജയം.

 

നെല്‍കര്‍ഷകരെ പട്ടിണിക്കിട്ടതിന്റെ ഉത്തരവാദിത്വവും സി.പി.ഐക്കുതന്നെ. 27 ലക്ഷം ഭൂരഹിത ആദിവാസി പട്ടികജാതി പട്ടികവര്‍ഗ്ഗ മറ്റു പിന്നോക്ക വിഭാഗ ഭൂരഹിത കര്‍ഷക സമൂഹം കേരളത്തില്‍ ഭൂമിക്കായി കാത്തിരിക്കുമ്പോള്‍ ദേശീയ ശരാശരി (24%)യേക്കാള്‍ ഇരട്ടി വനാവരണമുള്ള (54%) കേരളത്തില്‍ ‘സങ്കുചിത വിദേശ, സ്ഥാപിത താല്പര്യങ്ങള്‍’ സംരക്ഷിക്കുന്നതിനായി ഏറെ ഫലഭൂയിഷ്ടമായി ലക്ഷക്കണക്കിന് കൃഷിഭൂമി വനമാക്കി മാറ്റിയതിന് പിന്നിലും സി.പി.ഐ. മന്ത്രിമാരുടെ സ്ഥാപിത താല്പര്യങ്ങളായിരുന്നു.

 

നിലവിലുള്ള ഭൂപതിവ് നിയമത്തിന്‍ കീഴില്‍ തന്നെ പതിച്ചു നല്കിയ മുഴുവന്‍ ഭൂമിയിലെയും പ്രശ്‌നങ്ങള്‍ ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ ഒറ്റയടിക്ക് ഏറെ ലളിതമായി പരിഹരിക്കാമായിരുന്ന പശ്ചിമഘട്ടത്തിലെ ഭൂവിഷയങ്ങള്‍ ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിലേക്ക് വരെ നയിക്കുന്ന സങ്കീര്‍ണ്ണ പ്രശ്‌നങ്ങളാക്കിയതും സി.പി.ഐ. ഭരിക്കുന്ന മന്ത്രിമാരും വകുപ്പുകളുമാണ്.

 

വന്യജീവി ആക്രമണ വിഷയത്തിലും കേന്ദ്രത്തെ കുറ്റം പറഞ്ഞ് സമയം കളയുന്നതിനു പകരം സംസ്ഥാനത്തിന് ലഭ്യമായ നിയമങ്ങള്‍ ക്രിയാത്മകമായി ഉപയോഗിച്ച് (കേന്ദ്ര വന്യജീവി നിയമം 11(2)) ജനങ്ങളെ സംരക്ഷിക്കാതെ നിസ്സംഗതയോടെ നോക്കി നില്‍ക്കുന്ന വനംമന്ത്രിയും വനംവകുപ്പും സംസ്ഥാനത്തിന് തന്നെ അപമാനമാണ്. വയനാട് കര്‍ഷക ഉച്ചകോടിയില്‍ സി.പി.ഐ. വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു എത്തുകയും നിലപാടുകള്‍ വിശദീകരിക്കുകയും ചെയ്തു.

 

ഇടതുപക്ഷ ഭരണത്തില്‍ എപ്പോഴും കൃഷി/ഭക്ഷ്യ/റവന്യു വകുപ്പുകള്‍ ഭരിച്ചിരുന്നത് സി.പി.ഐ. ആയിരുന്നു. അടുത്തകാലം വരെ വനംവകുപ്പും സി.പി.ഐ. നിയന്ത്രണത്തിലായിരുന്നു.

കൃഷിക്കാരനെ പരിസ്ഥിതി വിരുദ്ധനും പരിസ്ഥിതി നശിപ്പിക്കുന്നവനുമായി വസ്തുതാ വിരുദ്ധമായി നിരന്തര പ്രചരണത്തിലേര്‍പ്പെട്ട പരിസ്ഥിതി വാദിയെന്നു സ്വയം വിളിക്കാന്‍ തെളിവുകളുള്ള മുന്‍ വനംവകുപ്പ് മന്ത്രിയാണ് ഇന്നത്തെ സി.പി.ഐ. സംസ്ഥാന സെക്രട്ടറി. അദ്ദേഹം കോഴിക്കോട് ജില്ലയില്‍ കര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന നാദാപുരം മലയോര നിയമസഭാ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കാലത്ത് – ലോകത്തിലാദ്യമായി ”പരിസ്ഥിതിലോല പ്രദേശ നിയമം” രൂപീകരിച്ച് കര്‍ഷകരെ നൂറ്റാണ്ടുകളായി അവര്‍ കൃഷി ചെയ്തിരുന്ന ആധാരമുള്ള/പട്ടയമുള്ള കൃഷിയിടങ്ങളില്‍ നിന്നും അഞ്ചുപൈസ നഷ്ടപരിഹാരം നല്‍കാതെ കുടിയൊഴിപ്പിച്ചതും അദ്ദേഹത്തിന്റെ മണ്ഡലത്തിലെ മാനസിക രോഗിയായ മങ്കുറ്റി കണ്ണന്‍ എന്ന ദരിദ്ര കര്‍ഷകനെ 50 സെന്റ് ആധാരഭൂമിയില്‍ നിന്ന് ഇറക്കിവിട്ടതും കര്‍ഷകര്‍ മറന്നിട്ടില്ല. 5.5 ഏക്കര്‍ കൃഷിഭൂമിയുടെ ഉടമസ്ഥനായ പാറക്കല്‍ തോമസിനെ സമാനമായ രീതിയില്‍ കൃഷിഭൂമിയില്‍ നിന്നും ഇറക്കിവിട്ടതും സി.പി.ഐ.യെ നയിക്കുന്നവര്‍ തന്നെ. ഇന്ന് ആ കര്‍ഷകന്‍ ഭൂരഹിതനായി മകന്റെ സംരക്ഷണയില്‍ കഴിയുന്നു.

അങ്ങനെ ആയിരക്കണക്കിന് കേസുകള്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍. ഇതിനെതിരെ കര്‍ഷകര്‍ തെളിവുകള്‍ സഹിതം പ്രതിരോധിക്കുന്നതില്‍ എന്തിനാണ് അസ്വസ്ഥതപ്പെടുന്നത്. അവര്‍ വയനാട്ടില്‍, തൃശ്ശൂരില്‍, മാവേലിക്കരയില്‍, തിരുവനന്തപുരത്ത് പ്രതികരിക്കും. തീര്‍ച്ച. ഇതൊരു തുടക്കം മാത്രം. പറഞ്ഞാല്‍ തീരില്ല.

കാലാകാലങ്ങളായി ഉല്പാദന ചിലവ് പോലും ലഭിക്കാത്ത കര്‍ഷകര്‍ വര്‍ഷാവര്‍ഷം കൃഷി ഇറക്കുന്നതിനായി എടുത്ത വായ്പാ ഭാരം താങ്ങാനാവാതെ ആത്മഹത്യവക്കിലെത്തി നില്‍ക്കുന്നു.

കേരളത്തിലെ കര്‍ഷകരുടെ ആളോഹരി കടത്തെ സംബന്ധിച്ച ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ (നാഷണല്‍ സാമ്പിള്‍ സര്‍വ്വെ ഓര്‍ഗനൈസേഷന്‍ സ്ഥിതി വിലയിരുത്തല്‍ സര്‍വ്വേ 2021, ദേശീയ വായ്പ നിക്ഷേപ താരതമ്യ സര്‍വ്വേ) പ്രകാരം കേരളത്തിലെ ഒരു കര്‍ഷകന്റെ ശരാശരി കടബാദ്ധ്യത 5.46 ലക്ഷം രൂപയാണ്. ദേശീയ തലത്തില്‍ ഇത് 1.82 ലക്ഷം രൂപാ മാത്രം. ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടിയാണ് കേരളത്തിലെ കര്‍ഷകന്റെ കടബാദ്ധ്യത.

കേരളം ഭരിക്കുന്ന ഇടതുപക്ഷത്തിന് കാര്‍ഷിക വിഷയങ്ങളില്‍ ഡല്‍ഹിയിലെത്തിയാല്‍ ഒരു നയം കേരളത്തിലെത്തുമ്പോള്‍ മറ്റൊരു നയം. കാര്‍ഷിക ഉല്പ്പന്നങ്ങള്‍ക്ക് താങ്ങുവിലയും താങ്ങുവിലയ്ക്ക് മുകളില്‍ സംഭരണവും എന്ന നയമുള്ളവര്‍ ഭരിക്കുന്ന കേരളത്തില്‍ താങ്ങുവിലയുമില്ല സംഭരണവുമില്ല.

ഡല്‍ഹിയില്‍ കര്‍ഷക സമരത്തില്‍ താങ്ങുവിലയ്ക്കായി സമരം ചെയ്ത എം.ബി. രാജേഷ് ഭരിക്കുന്ന കേരള മന്ത്രിസഭയില്‍ താങ്ങുവില എന്ന വാക്ക് ഉച്ചരിക്കാന്‍ അദ്ദേഹം തന്നെ ആരെയാണാവോ ഭയപ്പെടുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ഒന്നാം സ്ഥാനക്കാരനായ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ് എക്‌സ് എം.പി. 2018 ഓഗസ്റ്റില്‍ രാജ്യസഭയില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില നിയമപരമായി ഗാരണ്ടി നല്‍കുന്ന ഒരു ബില്‍ അവതരിപ്പിച്ചിരുന്നു.

കൃഷിസംസ്ഥാന വിഷയമായതിനാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാരം ഉപയോഗിച്ച് എന്തേ രാഗേഷിന് സമാന നിയമം കേരളത്തില്‍ നടപ്പിലാക്കിക്കൂടാ! സംസ്ഥാനത്ത് താങ്ങുവില പ്രഖ്യാപിച്ച പച്ചക്കറികള്‍ അടക്കമുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ താങ്ങുവിലയ്ക്ക് സംഭരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. 2016 മുതല്‍ കൃഷി ഭക്ഷ്യ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരും അവരെ നിയന്ത്രിക്കുന്ന പാര്‍ട്ടിയും തന്നെയല്ലേ ഉത്തരവാദികള്‍?

”കേരളീയ”ത്തില്‍ കര്‍ഷകരുണ്ടായിരുന്നില്ല, ”നവകേരളസദസ്സിലും” കര്‍ഷകരുണ്ടായിരുന്നില്ല. മുഖ്യമന്ത്രി നടത്തിയ കര്‍ഷക ”മുഖാമുഖ”ത്തിലും കര്‍ഷക വിഷയങ്ങളുണ്ടായിരുന്നില്ല. വന്യജീവി ആക്രമണത്തിലും ജനങ്ങളെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിനാവുന്ന കാര്യങ്ങള്‍ ചെയ്യുന്നതില്‍ പോലും സര്‍ക്കാര്‍ മുന്നോട്ടു വരുന്നില്ല. ജനങ്ങളെ കൊന്നൊടുക്കുന്ന ജനവിരുദ്ധ കേന്ദ്ര വന്യജീവി നിയമം അടക്കമുള്ള നിയമങ്ങള്‍ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാന്‍പോലും സര്‍ക്കാരിനാകുന്നില്ല.

കര്‍ഷകരെ ആക്രമിക്കുന്ന വന്യജീവികളെ വെടിവച്ചുകൊല്ലാന്‍ കര്‍ഷകരെ കേന്ദ്ര വനനിയമം 11(2) അനുവദിച്ചിട്ടും സ്വയരക്ഷക്ക് കാട്ടുമൃഗങ്ങളെ കൃഷിയിടങ്ങളില്‍ വെടിവച്ച നിരവധി കര്‍ഷകരെ സി.പി.ഐ. വനംമന്ത്രിമാര്‍ നിയമവിരുദ്ധമായി ജയിലിലടച്ചപ്പോള്‍ പരിസ്ഥിതിക്കാരെ പിന്തുണച്ച മന്ത്രിമാരെയും അവരുടെ പാര്‍ട്ടിയെയും തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുകയല്ലാതെ കര്‍ഷകര്‍ മറ്റ് എന്തു ചെയ്യും?

പതിറ്റാണ്ടുകളായി സ്വന്തം കൃഷിഭൂമിയില്‍ കൃഷി ചെയ്ത കര്‍ഷകരെ കുടിയിറക്കുന്ന ഇടുക്കിയിലെ ഭൂമി പ്രശ്‌നങ്ങള്‍ക്ക് പുതിയ സമഗ്ര ഭൂനിയമം കൊണ്ടുവരണമെന്നും 2012 ല്‍ ഭേദഗതി ചെയ്ത കേരള ഭൂപതിവ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ കേരളത്തില്‍ പ്രാബല്യത്തിലുള്ള 13 സ്വതന്ത്ര ഭൂപതിവ് ചട്ടങ്ങളില്‍ കേവലം ആറ് എണ്ണത്തില്‍ മാത്രം പതിച്ചു നല്‍കിയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്ന് സംസ്ഥാന സര്‍ക്കാരിനു തന്നെ ചട്ടഭേദഗതി വരുത്താവുന്ന ലളിത വിഷയമാണ് നിയമഭേദഗതിയിലൂടെ ഗവര്‍ണറുടെ ഓഫീസിലെത്തിച്ച് കൂടുതല്‍ വഷളാക്കിയത്. അതിന് പ്രേരിപ്പിച്ചത് സംസ്ഥാന റവന്യുവകുപ്പ് ഓഫീസുകളില്‍ റവന്യുവകുപ്പ് ഭരിക്കുന്ന പാര്‍ട്ടിക്കുവേണ്ടി പണപ്പിരിവ് നടത്താനുള്ള അവസരമാണിതെന്ന് രാഷ്ട്രീയ നേതൃത്വത്തെ ഉപദേശിച്ച സര്‍വ്വീസ് സംഘടനാ നേതാക്കള്‍, കൈക്കൂലി ഏജന്റുമാരായവര്‍ മാത്രം വോട്ടുചെയ്താല്‍ രാഷ്ട്രീയക്കാര്‍ ജയിക്കുമോ?

1701 മുതല്‍ നാളിതുവരെ ”കയ്യേറിയ സര്‍ക്കാര്‍ ഭൂമിയാണ്” കേരളത്തിലെ മുഴുവന്‍ ജനങ്ങളും സ്വന്തം ഭൂമി എന്നുപറയുന്നത്. പരിസ്ഥിതി വ്യവഹാരികള്‍ മുതല്‍ അന്തിമ തീരുമാനമെടുക്കുന്നവരടക്കമുള്ള എല്ലാവരുടെയും ഭൂമി ഒരിക്കല്‍ സര്‍ക്കാര്‍ ഭൂമിയായിരുന്നു. ”ആദ്യം കയ്യേറുക പിന്നെ നിയമാനുസൃതമാക്കുക” എന്ന 1701 മുതലുള്ള സ്ഥിരം പതിവിനെ ചോദ്യം ചെയ്യാതെ 1964 ന് ശേഷമുള്ളത് മാത്രം നിയമാനുസൃതമല്ല എന്ന ഇരട്ടത്താപ്പ് ഒഴിവാക്കണം.

1701 മുതലുള്ള മുഴുവന്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റങ്ങളും പുനപരിശോധിക്കണം. കോടതികള്‍ക്കല്ല നിയമ നിര്‍മ്മാണ സഭകള്‍ക്കാണ് നിയമനിര്‍മ്മാണത്തിനുള്ള അധികാരമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുപ്രീംകോടതി വിധിക്ക് പിന്നാലെ നടത്തിയ നിയമ നിര്‍മ്മാണത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ ചൂണ്ടുപലക കാണിച്ചതാണ്.

1970 കളില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനായി സര്‍ക്കാര്‍ ഏറ്റെടുത്ത മുഴുവന്‍ റവന്യു ഭൂമികളും നിയമസഭ അറിയാതെ ആദിവാസികള്‍ക്കും ദളിതര്‍ക്കും ദരിദ്രര്‍ക്കും ഭൂരഹിതര്‍ക്കും ഭൂമി കിട്ടരുതെന്നെ സവര്‍ണ്ണ സര്‍ക്കാര്‍ ഓഫീസര്‍മാരുടെ സ്വാര്‍ത്ഥതാല്പര്യമാണ് കണ്ണന്‍ ദേവന്‍ ഏറ്റെടുക്കല്‍ നിയമം/സ്വകാര്യ വനം ഏറ്റെടുക്കല്‍ നിയമങ്ങളിലൂടെ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനായി ഏറ്റെടുത്ത ഭൂമികള്‍ രഹസ്യമായി വനമായി മാറിയത്.

മാങ്കുളം, വട്ടവട, ചിന്നക്കനാല്‍ അടക്കം നിരവധി സ്ഥലങ്ങളില്‍ കേരള വന നിയമം 4-ാം വകുപ്പ് പ്രകാരം കൃഷിഭൂമി വനമാക്കി മാറ്റാനുള്ള കരട് വനവിജ്ഞാപനങ്ങളില്‍ 2 വര്‍ഷം പൂര്‍ത്തിയാക്കിയിട്ടും വനവല്‍ക്കരണം പൂര്‍ത്തിയാക്കാത്ത മുഴുവന്‍ കരടു വനവിജ്ഞാപനങ്ങളും അടിയന്തിരമായി റദ്ദാക്കണം.

കരടു വനവിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയ മുഴുവന്‍ റവന്യു/കൃഷി ഭൂമികളിലും നിയന്ത്രണാധികാരം റവന്യു വകുപ്പിനായിരിക്കണം. ഇത്തരം തര്‍ക്കഭൂമികളിലെ തര്‍ക്കങ്ങളെല്ലാം റവന്യു നിയമത്തിന്‍കീഴില്‍ മാത്രമാകണം തീരുമാനിക്കപ്പെടേണ്ടത്.

വന്യജീവി ആക്രമണം തടയാന്‍ തമിഴ്‌നാട്, കര്‍ണ്ണാടകം, മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറാക്കിയ ജല്ലിക്കെട്ട് നിയമമാതൃകയില്‍ സംസ്ഥാനതല നിയമനിര്‍മ്മാണം നടത്തണം. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 11(2) വകുപ്പ് പ്രകാരം ജീവന് ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാന്‍ മനുഷ്യര്‍ക്ക് നല്‍കിയിരിക്കുന്ന അധികാരം ഉപയോഗിക്കാന്‍ മലയോര മേഖലയിലെ ജനങ്ങളെ സര്‍ക്കാര്‍ ബോധവല്‍ക്കരിക്കണം.

മലയോര മേഖലയില്‍ ആവശ്യപ്പെടുന്നവര്‍ക്കൊക്കെ കാലതാമസമില്ലാതെ സംസ്ഥാന സര്‍ക്കാര്‍ തോക്ക് ലൈസന്‍സ് നല്‍കണം. വനം ട്രൈബ്യൂണല്‍ കോടതികള്‍ സ്ഥാപിക്കണം, നഷ്ടപരിഹാരം സ്‌കെയില്‍ ഓഫ് ഫിനാന്‍സ് ഫോര്‍ ഗ്രോയിംഗ് ക്രോപ്‌സ് അടിസ്ഥാനമാക്കി നിശ്ചയിക്കണം.

ജല്ലിക്കെട്ട് വിഷയത്തില്‍ കേന്ദ്ര നിയമത്തിന് സമാന്തരമായി സംസ്ഥാനങ്ങള്‍ സ്വതന്ത്ര നിയമനിര്‍മ്മാണം നടത്തിയ മാതൃകയില്‍ കേരളത്തിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന വന്യജീവികളെ വെടിവെച്ചുകൊല്ലാന്‍ സ്വതന്ത്ര സംസ്ഥാന നിയമം രൂപീകരിക്കുക തുടങ്ങിയ സാമാന്യബോധം മാത്രം ആവശ്യമുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ പോലും കഴിവില്ലാത്ത ഒരു രാഷ്ട്രീയ ഭരണകൂടം ജനങ്ങളുടെ ഭാഗത്തുനിന്ന് പ്രവര്‍ത്തിക്കുന്നതിനുപകരം അന്താരാഷ്ട്ര സ്ഥാപിതതാല്പര്യക്കാരായ ആഗോള ഭീമന്‍മാര്‍ക്കുവേണ്ടിയും അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളായ ചില വിദഗ്ധരുടെ സ്വകാര്യ താല്പര്യങ്ങള്‍ക്കായി ആഗോള പരിസ്ഥിതി പ്രവര്‍ത്തകരുമായി കൈകോര്‍ത്ത് 20 ലക്ഷത്തിലധികം ജനങ്ങളെ വന്യമൃഗശല്യം ചൂണ്ടിക്കാട്ടി കുടിയിറക്കാനുളള നീക്കം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സജീവ രാഷ്ട്രീയ ചര്‍ച്ചാവിഷയം ആകുന്നതിനെ രാഷ്ട്രീയപാര്‍ട്ടികള്‍ ഭയക്കേണ്ടതില്ല.

തെറ്റു ചെയ്തവര്‍, ജനങ്ങളെ വഞ്ചിച്ചവര്‍ മാത്രം അത്തരം സ്വതന്ത്ര കര്‍ഷക നിലപാടുകളെ ഭയപ്പെടണം. ലോക പൈതൃക പദ്ധതി, ഏകവനം പദ്ധതികളൊക്കെ അന്വേഷണ വിധേയമാക്കണം. അതിനു പിന്നിലെ സംസ്ഥാന വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും അവരുടെ മക്കളുടെയും വിദേശപഠന സ്‌കോളര്‍ഷിപ്പുകള്‍ മറ്റ് ഇടപാടുകള്‍ എന്നിവയൊക്കെ കേന്ദ്ര വിജിലന്‍സ് അന്വേഷണ വിധേയമാക്കണം.

ജോയി കണ്ണന്‍ചിറ, ചെയര്‍മാന്‍ വയനാട് കര്‍ഷക ഉച്ചകോടി, ബേബി സക്കറിയാസ് ഫാര്‍മേഴ്‌സ് റിലീഫ് ഫോറം വയനാട്, കെ.വി. ബിജു നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ്, റസാക്ക് ചൂരവേലി അതിജീവന പോരാട്ട വേദി ഇടുക്കി, ഗഫൂർ വെണ്ണിയോട് (മലയോര സംരക്ഷണവേദി വയനാട) അഡ്വ. ബിനോയ് തോമസ് സംസ്ഥാന ചെയര്‍മാന്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ്, എ.ഡി. ജോണ്‍സണ്‍ പട്ടികവര്‍ഗ്ഗ ഏകോപന സമിതി, കമല്‍ ജോസഫ് വിഫാം, സജി പാറക്കല്‍, ജിന്നറ്റ് മാത്യു പരിയാരം കര്‍ഷകരക്ഷാ സമിതി, ഷാജി എന്‍. ജോര്‍ജ്ജ് സേവ് കേരള ടീം, മാത്യു ജോസ് പീഡിത കര്‍ഷക അവകാശ സംരക്ഷണ സമിതി മാങ്കുളം, റോജര്‍ സെബാസ്റ്റ്യന്‍ കര്‍ഷകവേദി സംസ്ഥാന പ്രസിഡന്റ്, ബോണി ജേക്കബ് വിഫാം, സുജി മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *