May 17, 2024

ഹരിത തെരഞ്ഞെടുപ്പിന് ഒരുങ്ങി ജില്ല; മാലിന്യ സംസ്‌കരണത്തില്‍ ശ്രദ്ധ വേണം

0
Img 20240404 204811

കൽപ്പറ്റ: മാലിന്യ സംസ്‌കരണത്തില്‍ ശ്രദ്ധ നല്‍കി ഹരിത തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ജില്ല. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങളുടെ അളവ് കുറച്ച് പ്രകൃതി സൗഹൃദ സാമഗ്രികള്‍ ഉപയോഗിച്ച് ഹരിത തെരഞ്ഞെടുപ്പ് നടപ്പാക്കുകയാണ് ലക്ഷ്യം.

തെരഞ്ഞെടുപ്പ് കാലയളവിലെ മാലിന്യ നിര്‍മ്മാര്‍ജനത്തിന് ശ്രദ്ധ നല്‍കണമെന്ന് ഗ്രീന്‍ പ്രോട്ടോക്കോള്‍ നോഡല്‍ ഓഫീസര്‍ എസ്.ഹര്‍ഷന്‍ അറിയിച്ചു. പ്രചാരണ സാമഗ്രികള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പടെ 500 ടണ്ണില്‍ കൂടുതല്‍ മാലിന്യങ്ങളാണ് സംസ്ഥാനത്താകെ പ്രതീക്ഷിക്കുന്നത്. ഇങ്ങനെ ഉണ്ടാകുന്ന മാലിന്യങ്ങളുടെ അളവ് കാര്യക്ഷമമായ ഇടപെടലിലൂടെ കുറയ്ക്കുകയും അവശേഷിക്കുന്ന മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണം ഉറപ്പാകണം.

പരസ്യ പ്രചാരണ ബാനറുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിങ്സുകള്‍ നിര്‍മ്മിക്കുന്നതിന് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്‌ളെക്‌സ്, പോളിസ്റ്റര്‍, നൈലോണ്‍, പ്ലാസ്റ്റിക് കോട്ടിങ് തുണി എന്നിവ ഉപയോഗിക്കാന്‍ പാടില്ല. പകരം നൂറുശതമാനം കോട്ടണ്‍ തുണിയില്‍ എഴുതി തയാറാക്കുന്നവയും, കോട്ടണ്‍ തുണി, പേപ്പർ എന്നിവ ചേര്‍ന്ന് നിര്‍മിക്കുന്ന വസ്തുവില്‍ പ്രിന്റ് ചെയ്യപ്പെടുന്ന ബോര്‍ഡുകളും ബാനറുകളും ഉപയോഗിക്കാം.

പനമ്പായ, പുല്‍പ്പായ, ഓല, ഈറ, മുള, പാള തുടങ്ങിയ പ്രകൃതി സൗഹ്യദ വസ്തുക്കള്‍ ഉപയോഗിച്ചും പ്രചാരണ സാമഗ്രികള്‍ നിര്‍മ്മിക്കാം. പ്രചാരണത്തിന് കൂടുതലും ഡിജിറ്റല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തണം. കൊടികള്‍, തോരണങ്ങള്‍ തുണിയിലോ പേപ്പറിലോ നിര്‍മ്മിക്കണം. പോളിപ്രൊപ്പലീന്‍ കൊണ്ടുള്ള കൊടിതോരണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം.

പ്രചാരണ വാഹനങ്ങള്‍ അലങ്കരിക്കുന്നതിന് പ്രകൃതി സൗഹ്യദ വസ്തുക്കള്‍ ഉപയോഗിക്കണം. ഫ്‌ളക്‌സ്, പ്ലാസ്റ്റിക്, തെര്‍മോക്കോള്‍ എന്നിവ പൂര്‍ണമായി ഒഴിവാക്കി കോട്ടണ്‍ തുണി,പേപ്പര്‍ എന്നിവ കൊണ്ട് വാഹനങ്ങള്‍ അലങ്കരിക്കണം.

പ്രചാരണ സമയത്ത് പ്ലാസ്റ്റിക് കുടിവെള്ളത്തിന് പകരം സ്റ്റീല്‍ബോട്ടിലുകള്‍ കരുതിയാല്‍ പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കാം. പേപ്പര്‍,പ്ലാസ്റ്റിക്, തെര്‍മോക്കോള്‍ എന്നിവ കൊണ്ട് നിര്‍മിച്ച ഡിസ്‌പോസിബള്‍ കപ്പ്, പ്ലേറ്റ് ഒഴിവാക്കി സ്റ്റീല്‍ പ്ലേറ്റുകള്‍, ചില്ല് ഗ്ലാസ് എന്നിവ ഉപയോഗിക്കണം. തെരഞ്ഞെടുപ്പ് ഓഫീസുകളില്‍ ഇതിനാവശ്യമായ പ്ലേറ്റ്, ഗ്ലാസ് എന്നിവ കരുതി വയ്ക്കാം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *