April 29, 2024

വയനാട് ജില്ലയെ വരള്‍ച്ചാ ദുരന്ത ബാധിത ജില്ലയായി പ്രഖ്യാപിക്കണം: ടി.സിദ്ധിഖ് എം എൽ എ

0
Img 20240413 180543

വയനാട് ജില്ലയെ വരള്‍ച്ചാ ദുരന്ത ബാധിത ജില്ലയായി പ്രഖ്യാപിക്കണം: ടി.സിദ്ധിഖ് എം എൽ എ

 

കല്‍പ്പറ്റ: ജില്ലയില്‍ കൃഷിയെ ആശ്രയിച്ചാണ് ഭൂരിഭാഗം ആളുകളും ജീവിക്കുന്നത്. എന്നാല്‍ ഇപ്പോഴുള്ള വരള്‍ച്ചയില്‍ വ്യാപക കൃഷിനാശം സംഭവിച്ചിരിക്കുകയാണ്. കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ മുട്ടില്‍, പടിഞ്ഞാറത്തറ, കല്‍പ്പറ്റ, പൊഴുതന, കോട്ടത്തറ, മേപ്പാടി, വെങ്ങപ്പള്ളി, വൈത്തിരി, കണിയാമ്പറ്റ, മൂപ്പൈനാട്, പഞ്ചായത്തുകളിലെയും, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി നിയോജകമണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളിലും വ്യാപകമായി കൃഷിനാശം സംഭവിക്കുകയും, ജലസ്രോതസ്സുകള്‍ വറ്റി വരണ്ടതായും, കുടിവെള്ള ക്ഷാമമടക്കമുണ്ട്.

 

കൃഷിനാശം കാരണം കര്‍ഷകരെല്ലാം തന്നെ മാനസികമായി തകര്‍ന്ന നിലയിലാണുള്ളത്. കൂടാതെ വ്യാപകമായി വിവിധ വിളകള്‍ നശിച്ചിട്ടുമുണ്ട്. കുരുമുളക് 300 ഹെക്ടറിലും, കാപ്പി 85 ഹെക്ടറിലും, നെല്ല് 54 ഹെക്ടറിലും, കവുങ്ങ് 49 ഹെക്ടറിലും, വാഴ 98.05 ഹെക്ടറിലും, പച്ചക്കറി 22 ഹെക്ടറിലും ഉണങ്ങി നശിച്ചിട്ടുണ്ട്. ഏകദേശം 55 കോടിയുടെ നഷ്ടം സംഭവിച്ചിട്ടുള്ളത്. ഓരോ കര്‍ഷകര്‍ക്കും ഓരോ വിളകള്‍ക്കും സംഭവിച്ചിട്ടുള്ള നഷ്ടം പരിശോധിച്ചു വിലയിരുത്തുന്നതിനുള്ള നടപടി ഉണ്ടാവണം.

 

ഒരാഴ്ചകൂടി മഴ ലഭിക്കാതെ ഈ സ്ഥിതി തുടര്‍ന്നാല്‍ ജലസ്രോതസ്സുകള്‍ പൂര്‍ണ്ണമായും വറ്റി പോകുന്നതു കാരണം കൃഷിനാശം ഇരട്ടിയാകുമെന്ന് കണക്കാക്കുന്നുമുണ്ട്.

 

ക്ഷീരമേഖലയിലും പ്രതിസന്ധിയുണ്ട്. പാലുല്‍പാദനം കുറയുന്നുവെന്നതു മാത്രമല്ല, പച്ചപ്പുല്ല് ലഭ്യത കുറഞ്ഞതും കൊടും ചൂടും കാലികളുടെ ജീവനു പോലും ഭീഷണിയാകുകയും ചെയ്യുന്നു. ജില്ലയിലെ കര്‍ഷകര്‍ കൃഷിയാവശ്യത്തിന് ആശ്രയിക്കുന്നത് പ്രധാനമായും കബനി നദി, ബാണാസുര സാഗര്‍ ഡാം, കാരാപ്പുഴ ഡാം തുടങ്ങിയവയാണ്. എന്നാല്‍ കബനി നദിയുടെ കൈവരികള്‍ വറ്റിവരണ്ടതിനാലും, ഡാമുകളില്‍ ജലം കുറഞ്ഞതിനാലും കൃഷിക്ക് ഒരു തുള്ളി വെള്ളം പോലും എടുക്കാന്‍ കഴിയാത്ത ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.

 

ജില്ലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായികൊണ്ടിരിക്കുകയാണ്. അതിനാല്‍ കുടിവെള്ള വിതരണത്തിന് ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പ്രത്യേക സാമ്പത്തിക സഹായം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ജില്ലയിലെ കാലാവസ്ഥ വ്യതിയാനവും, കാര്‍ഷിക മേഖല നേരിടുന്ന വെല്ലുവിളികളും സംബന്ധിച്ച് പഠിക്കാനും, പരിഹാര മാര്‍ഗങ്ങള്‍ ഉണ്ടാക്കുന്നതിനുമുള്ള വിദഗ്ദ സംഘത്തെ അടിയന്തിരമായി അയക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.

 

 

ഈ വരള്‍ച്ച വയനാടിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്ന രീതിയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. കാപ്പി, കുരുമുളക് തോട്ടങ്ങള്‍ എല്ലാം കരിഞ്ഞുണങ്ങുന്ന ഏറ്റവും ദൗര്‍ഭാഗ്യകരമായ സാഹചര്യമാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. അതിനാല്‍ ജില്ലയിലെ മുഴുവന്‍ വരള്‍ച്ചാ മേഖലകള്‍ സന്ദര്‍ശിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന പ്രതിനിധി സംഘത്തെ എത്തിക്കാനും, പരിഹാരമാര്‍ഗങ്ങള്‍ നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക സംവിധാനം ഉണ്ടാക്കുന്നതിനും, കൃഷി നാശം സംഭവിച്ച മുഴുവന്‍ കര്‍ഷകര്‍ക്കും സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിനും, വയനാട് ജില്ലയെ വരള്‍ച്ചാ ദുരന്ത ബാധിത ജില്ലയായി പ്രഖ്യാപിക്കുന്നതിനും, വയനാട് ജില്ലക്ക് വരള്‍ച്ചാ ദുരിതാശ്വാസ സാമ്പത്തിക പാക്കേജ് അനുവദിക്കുന്നതിനുമുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍, കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് എന്നിവര്‍ക്ക് നല്‍കിയ നിവേദനത്തിൽ എം.എല്‍.എ ആവശ്യപ്പെട്ടു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *