May 17, 2024

ഭിന്നശേഷി ജീവനക്കാരുടെ വിവര ശേഖരണത്തിന് ഓണ്‍ലൈന്‍ സംവിധാനമൊരുക്കണം: ഡിഎഇഎ

0
Daeatvm 1
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനു കീഴില്‍ വരുന്ന മുഴുവന്‍ സ്ഥാപനങ്ങളിലെയും സ്ഥിര നിയമനം ലഭിച്ച ഭിന്നശേഷി ജീവനക്കാരുടെ വിവര ശേഖരണത്തിന് ഓണ്‍ലൈന്‍ സംവിധാനമൊരുക്കാന്‍ സാമൂഹ്യ നീതി വകുപ്പ് നടപടികള്‍ സ്വീകരിക്കണമെന്ന് ഡിഫറന്റ്‌ലി ഏബിള്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍   പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു. വിവര ശേഖരണം സംബന്ധിച്ച് സാമൂഹ്യ നീതി വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളതിനാല്‍ ഓണ്‍ലൈന്‍ സംവിധാനം കൂടി ലഭ്യമാക്കി ഭിന്നശേഷിക്കാര്‍ക്കുള്ള വേക്കന്‍സികളിലെ ബാക്ക് ലോഗ് പരിഹരിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താവുന്നതാണ്.
2004 നു മുമ്പ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താല്‍ക്കാലികമായി ജോലി ചെയ്ത 2000 ലധികം ഭിന്നശേഷിക്കാര്‍ക്ക് 2013 ല്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കിയെങ്കിലും രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രത്യേക ഉത്തരവിലൂടെ ഇവരുടെ സര്‍വീസ് ആനുകൂല്യങ്ങള്‍ നിഷേധിച്ചിരിക്കുകയാണ്.
വളരെ പരിമിത സര്‍വീസ് മാത്രമുള്ള ഭിന്നശേഷിക്കാരുടെ പെന്‍ഷന്‍ ഉയര്‍ത്തുക, ഭിന്നശേഷിക്കാരുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട പുതിയ ഉത്തരവിലെ അപാകത പരിഹരിക്കുക, ലോക ഭിന്നശേഷി ദിനമായ ഡിസംബര്‍ മൂന്ന് നിയന്ത്രിത അവധിയായി പ്രഖ്യാപിക്കുക തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരില്‍ നിന്നും അനുകൂല നടപടികള്‍ പ്രതീക്ഷിക്കുന്നതായി യോഗം വിലയിരുത്തി.
അധ്യാപക ഭവനില്‍ ചേര്‍ന്ന യോഗം സംഘടനയുടെ രക്ഷാധികാരിയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ ജോബി എ എസ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിനോദ് കുമാര്‍ വി കെ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ബിജു ടി കെ, ഓര്‍ഗനൈസിംഗ് സെക്രട്ടറി സലിം ആലിങ്കല്‍, കണ്‍വീനര്‍ ഡോ. സുബു, വൈസ് പ്രസിഡന്റ് അനിത എന്‍, മോഹനന്‍ പി, ഷറഫുദ്ദീന്‍ എം, ബേബികുമാര്‍, ലതാകുമാരി, ജയശങ്കര്‍ മേനോന്‍ എം ജി, ജെസി എം എന്നിവര്‍ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *