May 17, 2024

വനത്തിലെ തീപ്പിടിത്തം: കര്‍ശന നടപടിക്കൊരുങ്ങി വനം വകുപ്പ് :ക്യാമറ സ്ഥാപിക്കും.

0
Img 20190224 Wa0068
 
കല്‍പറ്റ.  കേരള- കർണാടക – തമിഴ്നാട് അതിർത്തി   വനത്തിലും    വയനാട് വന്യജീവി സങ്കേതത്തിന്റെ   വിവിധ ഭാഗങ്ങളിലും  കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് കര്‍ശന നടപടിക്കൊരുങ്ങി വനം-വന്യജീവി വകുപ്പ്. പോലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റേതടക്കം സഹകരണത്തോടെ പഴുതടച്ച അന്വേഷണം നടത്താനും കാടിനു തീയിട്ട മുഴുവന്‍ ആളുകളെയും നിയമത്തിനു മുന്നില്‍ നിര്‍ത്താനുമാണ് വകുപ്പിന്റെ തീരുമാനം. വനത്തില്‍ സുപ്രധാന സ്ഥലങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനും നീക്കമുണ്ട്. 
വടക്കേ വയനാട് വനം ഡിവിഷനിലെ ബാണാസുര മലയിലും വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചില്‍ വടക്കനാട് വനത്തിലെ ഒമ്പത് സ്ഥലങ്ങളിലുമാണ് ഇക്കഴിഞ്ഞ 20നു ശേഷം തീപ്പിടിത്തം ഉണ്ടായത്. ഈ സ്ഥലങ്ങളിലെല്ലാം  സാമൂഹിക വിരുദ്ധര്‍ വനത്തിനു ആസൂത്രിതമായി തീ വയ്ക്കുകയായിരുന്നുവെന്നാണ് വന പാലകരുടെ കണ്ടെത്തല്‍. കുറിച്യാട് റേഞ്ചില്‍ ജനവാസ കേന്ദ്രങ്ങളുടെ അതിരില്‍നിന്നു അകലെയുളള വന പ്രദേശങ്ങളിലാണ് തീപ്പിടിത്തം ഉണ്ടായത്. 
ബാണാസുരമലയില്‍ വാളാരംകുന്നു ഭാഗത്തു മൂന്നു ഏക്കര്‍ പുല്‍മേട് കത്തിയതായി വടക്കേവയനാട് ഡി.എഫ്.ഒ ആര്‍. കീര്‍ത്തി പറഞ്ഞു. സമീപത്തെ റവന്യൂ ഭൂമിയില്‍നിന്നാണ് വനത്തിലേക്കു തീ പടര്‍ന്നത്. റവന്യൂ-വന ഭൂമികളിലുണ്ടായ തീപ്പിടിത്തം മനുഷ്യസൃഷ്ടിയാണെന്നതില്‍ തര്‍ക്കമില്ലെന്നും കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയതായും ഡി.എഫ്.ഒ പറഞ്ഞു. 
വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചില്‍  വടക്കനാട് പ്രദേശത്തു കല്ലൂര്‍കുന്ന്, ആനപ്പന്തി, പാറക്കൊല്ലി, അമ്പതേക്കര്‍, ഏഴുചാല്‍കുന്ന്, പച്ചാടി, പള്ളിവയല്‍, പണയമ്പം, ചെതലയം പുല്ലുമല എന്നിവിടങ്ങിലാണ് തീപ്പിടിത്തം ഉണ്ടായത്. ഏകദേശം 75 ഏക്കറില്‍ അടിക്കാടും മുളങ്കാടും ചാമ്പലായെന്നു റേഞ്ച് ഓഫീസര്‍ പി. രതീശന്‍ പറഞ്ഞു. 20നു വൈകുന്നേരമാണ് ആദ്യ തീപ്പിടിത്തം റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ച  ഉച്ചയോടെ ചെതലയം പുല്ലുമലയിലാണ് ഏറ്റവും ഒടുവില്‍ അഗ്നിബാധ  ശ്രദ്ധയില്‍പ്പെട്ടത്. പുല്ലുമലയില്‍ ഒരു ഏക്കര്‍ വനം കത്തി. വനപാലകരും അഗ്നി-രക്ഷാസേനയുടെ ബത്തേരി യൂണിറ്റില്‍നിന്നുള്ള ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തീയണച്ചത്. വടക്കനാട് വനത്തില്‍ ചിലയിടങ്ങളില്‍ കാടിനു തീവയ്ക്കാന്‍ ആനപ്പിണ്ടവും സാമൂഹികവിരുദ്ധര്‍ ഉപയോഗപ്പെടുത്തിയതായി റേഞ്ച് ഓഫീസര്‍ പറഞ്ഞു. മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തിവരികയാണ്. 
വനത്തിനു തീയിട്ടാല്‍ ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമാണ് കേസെന്നു വയനാട് സോഷ്യല്‍ ഫോറസ്ട്രി ഡി.എഫ്.ഒ എ. ഷജ്‌ന പറഞ്ഞു. വന്യജീവി സംരക്ഷണ നിയമം, കേരള വന നിയമം, ജൈവവൈധ്യ സംരക്ഷണ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റക്കാര്‍ക്കെതിരെ കേസെടുക്കാനാകും. അനുവാദമില്ലാതെ വനത്തില്‍ പ്രവേശിക്കുന്നതുപോലും  നിയമവിരുദ്ധമാണ്. കാടിനു തീയിടുന്നതു മൂന്നു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും ഷജ്‌ന പറഞ്ഞു. കാടിനു തീവച്ച് ജൈവ സമ്പത്ത് നശിപ്പിക്കുന്നവര്‍ ഇരിക്കുന്ന കൊമ്പാണ് മുറിക്കുന്നതെന്നു വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍ എന്നിവര്‍ പറഞ്ഞു. 
വയനാടിനോടു ചേര്‍ന്നു കര്‍ണാടകയിലെ നാഗര്‍ഹോള, ബന്ദിപ്പുര കടുവാസങ്കേതങ്ങളിലും തമിഴ്‌നാട്ടിലെ മുതുമല കടുവാസങ്കേതത്തിലും വിവിധ ഭാഗങ്ങളില്‍ കാട്ടുതീ തുടരുകയാണ്. 
ബന്ദിപ്പുര വനത്തില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കിടെ ഏകദേശം  2,500 ഹെക്ടര്‍ വനം കത്തിയതായാണ് വനം-വന്യജീവി വകുപ്പിന്റെ കണക്ക്. ബന്ദിപ്പുര വനത്തിലെ കുണ്ടക്കര റേഞ്ചിലായിരുന്നു കാട്ടുതീക്കു തുടക്കം. ഈ റേഞ്ചില്‍മാത്രം 600 ഏക്കര്‍ വനം കത്തിയമര്‍ന്നു. തീ പിന്നീട് ഗോപാല്‍സ്വാമിബെട്ട വനത്തിലേക്കു പടര്‍ന്നു. ബന്ദിപ്പുര സഫാരി കാമ്പസ് ടിക്കറ്റ് കൗണ്ടറിനു സമീപം വരെ തീയെത്തി.  തീയണയ്ക്കാനുള്ള ശ്രമത്തില്‍ വനം-ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സേനാംഗങ്ങള്‍ക്കു പുറമേ നൂറുകണക്കിനു സന്നദ്ധ പ്രവര്‍ത്തകരും പങ്കാളികളാകുന്നുണ്ട്. കനത്ത കാറ്റ് തീ ആളിപ്പടരുന്നതിനു കാരണമാകുന്നുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *