May 17, 2024

നാട്ടുകാരുടെ കുട്ടിമോൻ കൊറോണക്കാലത്ത് സഹജീവികളുടെ നല്ല കൂട്ടുകാരൻ

0
01.jpg
കൊറോണക്കാലത്തെ മാതൃക; 

തെരുവ് നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും പതിവായി ഭക്ഷണം നല്‍കി നൗഷാദ്
കല്‍പ്പറ്റ: ലോക്ക്ഡൗണ്‍ കാലം വേറിട്ട കാഴ്ചകളുടേത് കൂടിയാണ്. കല്‍പ്പറ്റ നഗരത്തില്‍ തെരുവ്‌നായ്ക്കള്‍ക്കും പൂച്ചകൾക്ക്കും  പതിവായി ഭക്ഷണമെത്തിച്ച് നല്‍കുന്ന നൗഷാദിന്റെ പുണ്യപ്രവര്‍ത്തിയും അത്തരത്തിലൊന്നാണ്. കൊറോണ വ്യാപനം തടയുന്നതിനായി ലോക്ക്ഡൗണും, നിരോധനാജ്ഞയും ഒരുമിച്ചെത്തിയതോടെ ജില്ലയിലെ ഹോട്ടലുകള്‍ പൂട്ടിയതോടെയാണ് തെരുവ് നായ്ക്കളും പൂച്ചകളുമെല്ലാം പട്ടിണിയിലായത്. ഭക്ഷണ അവശിഷ്ടങ്ങള്‍ കിട്ടാതായതോടെ വിശന്ന്, വയറൊട്ടി നടക്കുന്ന നായ്ക്കളെ കാണാനിടയായതാണ് ഇത്തരമൊരു സദ്പ്രവൃത്തിയിലേക്ക് നൗഷാദിനെ നയിച്ചത്. പിന്നീടുള്ള ഓരോ ദിവസവും രാത്രി ഏഴ് മണിയോടെ ഭക്ഷണവുമായി നൗഷാദ് തെരുവിലേക്കിറങ്ങി.നാട്ടുകാരുടെ കുട്ടിമോൻ അങ്ങനെ കൊറോണക്കാലത്ത് സഹജീവികളുടെ നല്ല കൂട്ടുകാരനായി.
. കല്‍പ്പറ്റ പുതിയ ബസ്റ്റാന്റ്, എച്ച് ഐ എം യു പി സ്‌കൂള്‍ പരിസരം, പിണങ്ങോട് റോഡ് ജംങ്ഷന്‍, സിവില്‍ സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളിലായിരുന്നു നൗഷാദ് തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കിയത്. ആദ്യമെല്ലാം നായ്ക്കള്‍ കുറവായിരുന്നുവെങ്കിലും ഇപ്പോള്‍ നിരവധി നായ്ക്കളാണ് ഭക്ഷണവുമായെത്തുമ്പോള്‍ ഓടിയെത്തുന്നതെന്ന് നൗഷാദ് പറയുന്നു. ആദ്യമെല്ലാം ചോറായിരുന്നു നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ കോഴിക്കാലുകളാണ് പ്രധാനമായും നായ്ക്കള്‍ക്ക് നല്‍കിവരുന്നത്. ടൗണിലെ കോഴിക്കടക്കാരുടെ സഹകരണമാണ് ഇതിന് പിന്നില്‍. രാവിലെ  കോഴിക്കോടകളില്‍ പാത്രം വെച്ച് വൈകിട്ടോടെ അതെടുത്ത് വന്നാണ് പാകം ചെയ്യുന്നത്. ഉപ്പും മഞ്ഞളും ഇട്ട് വേവിച്ചാണ് നല്‍കുന്നത്. വിശന്നുവലഞ്ഞെത്തുന്ന പൂച്ചകള്‍ക്കാവട്ടെ ചോറാണ് നല്‍കിവരുന്നത്. വര്‍ഷങ്ങളായി കല്‍പ്പറ്റയിലെ പൊതുപ്രവര്‍ത്തന രംഗത്തെ സജീവസാന്നിധ്യമാണ് നൗഷാദ്. യുവജന ക്ഷേമ ബോർഡ് കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി യൂത്ത് കോര്‍ഡിനേറ്റര്‍ കൂടിയായ നൗഷാദ് ആദിവാസി ഊരുകളിലടക്കം മാസ്‌ക്ക്, സൈനിറ്റൈസര്‍ വിതരണം, ആവശ്യക്കാര്‍ക്ക് മരുന്നെത്തിച്ച് നല്‍കല്‍, തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവിതരണം എന്നിങ്ങനെ നിരവധി സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. കല്‍പ്പറ്റ മാര്‍ക്കറ്റ്‌റോഡ് വടക്കേത്തൊടിക അബൂബക്കര്‍-ആയിഷ ദമ്പതികളുടെ മകനാണ് നൗഷാദ്. ഈ സദുദ്യമത്തിന് സഹായവും പിന്തുണയുമായി ദന്തഡോക്ടറും സുഹൃത്തും കൂടിയായ ഷിബിന്‍ റോയിയും നൗഷാദിനൊപ്പമുണ്ട്. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *