May 17, 2024

പൊതുഗതാഗതം: ജനങ്ങളുടെ പ്രതീക്ഷകൾ പിഴച്ചു: സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങാന്‍ വൈകും

0
Wyd 03 Bus.jpg

കല്‍പറ്റ-പുതുതായി ഒരു കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ വയനാട് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച ഹരിത മേഖലയ്ക്കു പുറത്തായത് പൊതുഗതാഗതത്തെക്കുറിച്ചുള്ള ജനങ്ങളുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. ഓറഞ്ച് സോണിലാണ് ജില്ലയ്ക്കു ഇപ്പോള്‍ ഇടം. ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ 50 ശതമാനം യാത്രക്കാരുമായി പൊതുഗതാഗതം ആകാമെന്നു കേന്ദ്രമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ് സര്‍വീസ് ഭാഗികമായി ആരംഭിക്കുമെന്നു ജനം കരുതിയിരിക്കെയാണ് കോവിഡ് പോസീറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. 
നിലവില്‍ ഓറഞ്ച് സോണില്‍ ഉള്‍പ്പെട്ട ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ത്തന്നെ സര്‍വീസ് നടത്താന്‍ കഴിയാത്ത സ്ഥിതിയാണെന്ന നിലപാടിലാണ് സ്വകാര്യ ബസ് ഉടമകള്‍.   ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചു സര്‍വീസ് നടത്തുന്നതു ഓരോ ബസുടമയ്ക്കും അധിക സാമ്പത്തിക ബാധ്യതയ്ക്കു കാരണമാകുമെന്നു  പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സെന്‍ട്രല്‍ കമ്മിറ്റിയംഗം പി.കെ.രാജശേഖരന്‍ പറഞ്ഞു.
290 സ്വകാര്യ ബസുകളാണ് ജില്ലയില്‍. ഇതില്‍ 275-ഉം ജില്ലയ്ക്കകത്തു സര്‍വീസ് നടത്തുന്നതാണ്. ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ മുഴുവന്‍ സ്വകാര്യ ബസുകളും അതത് ആര്‍.ടി ഓഫീസുകളില്‍ ഗാരേജ് ഫോം(ജി.ഫോം)നല്‍കി നിര്‍ത്തിയിട്ടിരിക്കയാണ്. റോഡ് നികുതി ഒഴിവാക്കുന്നതിനാണ്  ജി.ഫോം ഫയല്‍ ചെയ്തത്. മീഡിയം പാസഞ്ചര്‍ വാഹനത്തിനു 300-ഉം ഹെവി പാസഞ്ചര്‍ വാഹനത്തിനു 400-ഉം രൂപയാണ് ജി.ഫോം ഫയല്‍ ചെയ്യുന്നതിനു ഫീസ്. മൂന്നു മാസത്തെ റോഡ് നികുതി മുന്‍കൂര്‍ അടച്ചവരാണ് ജി.ഫോം ഫയല്‍ ചെയ്ത ബസുടമകളെല്ലാം. സംസ്ഥാന വ്യാപകമായി ഏകദേശം 40 ലക്ഷം രൂപയാണ് സ്വകാര്യ ബസുടമകള്‍ നികുതിയിനത്തില്‍ മുന്‍കൂര്‍ അടച്ചത്.  
ദിവസങ്ങള്‍ക്കുശേഷം വയനാട്  ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ടാല്‍ത്താന്നെ കേന്ദ്ര മാര്‍ഗനിര്‍ദേശം അനുസരിച്ചു 38 സീറ്റുള്ള ബസില്‍ 18 യാത്രക്കാരെയാണ് ഒരേ സമയം കയറ്റാനാകുക. കല്‍പറ്റ-ബത്തേരി റൂട്ട് ഉദാഹരണമായി എടുത്താല്‍ പകുതി യാത്രക്കാരുമായി സര്‍വീസ് നടത്തുന്ന ഓരോ ബസിനും ദിവസം കുറഞ്ഞതു 2,500 രൂപയുടെ നഷ്ടം ഉണ്ടാകുമെന്നു രാജശേഖരന്‍ പറഞ്ഞു. കല്‍പറ്റയില്‍നിന്നു ബത്തേരിക്കു 25 കിലോമീറ്ററാണ് ദൂരം.22 രൂപയാണ് ടിക്കറ്റ് നിരക്ക്. യാത്രക്കാരുടെ സാമൂഹഅകലം ഉറപ്പുവരുത്തി സര്‍വീസ് നടത്തിയാല്‍ ദിവസം 5,000 രൂപയില്‍ കൂടുതല്‍ ടിക്കറ്റ് വിറ്റുവരവ് ഉണ്ടാകില്ല. ഒരു ദിവസത്തെ സര്‍വീസിനു ഏകദേശം 70 ലിറ്റര്‍ ഡീസല്‍ വേണം. ഇതിനു മാത്രം 4,900 രൂപയാകും. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും വേതനമായി 2,000 രൂപയോളം നല്‍കണം. ദിവസം  റോഡ് നികുതി-ക്ഷേമനിധി ഇനത്തില്‍ 400-ഉം ഇന്‍ഷ്വറന്‍സ് പ്രീമിയം ഇനത്തില്‍ 250-ഉം രൂപ ചെലവ് വരും. വാഹനത്തിന്റെ തേയ്മാനം പുറമേ. ഈ സാഹചര്യത്തില്‍ ടിക്കറ്റ് നിരക്ക് ഇരട്ടിയായി വര്‍ധിപ്പിച്ചാല്‍പോലും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചു സര്‍വീസ് നടത്തുന്നതു മുതലാകില്ലെന്നു രാജശേഖരന്‍ ചൂണ്ടിക്കാട്ടി. 
ആഴ്ചകളായി നിര്‍ത്തിയിട്ടിരിക്കുന്ന ബസുകളില്‍ ഏറെയും  നിരത്തിലിറക്കണമെങ്കില്‍ ഏകദേശം 40,000 രൂപയോളം വേറെയും ചെലവഴിക്കണമെന്നു പ്രൈവറ്റ് ബസ് ഓപ്പറേറ്റ്‌ഴ്‌സ് അസോസിയേഷന്‍ മുന്‍ ജില്ലാ സെക്രട്ടറി ബ്രിജേഷ് കാട്ടാംകോട്ടില്‍ പറഞ്ഞു.പകുതി ശേഷിയുണ്ടായിരുന്ന ബാറ്ററികള്‍ മുഴുവനും വാഹനങ്ങള്‍ ദിവസങ്ങളോളം നിര്‍ത്തിയിട്ടതുമൂലം നശിച്ചു.ബസ് ഓടിക്കണമെങ്കില്‍  പുതിയ ബാറ്ററികള്‍ വയ്ക്കണം.അറ്റകുറ്റപ്പണികള്‍ക്കും പണം മുടക്കണം. 
സുന്ദരം, ഇന്‍ഡസ് തുടങ്ങിയ ധനകാര്യസ്ഥാപനങ്ങളില്‍ ബാധ്യതയുള്ളവരാണ് ജില്ലയിലെ ബസ് ഉടമകളില്‍ ഭൂരിപക്ഷവും. സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം വാഹന ഉടമകള്‍ക്കു പ്രത്യേക ഗുണം ചെയ്യില്ല. മൊറട്ടോറിയം കാലയളവിലെ പലിശ തുടര്‍ന്നുള്ള മാസങ്ങളിലെ അടവുകളില്‍ ഉള്‍പ്പെടുത്തി ധനകാര്യസ്ഥാപനങ്ങള്‍ പിടിക്കുമെന്നും ബ്രിജേഷ് പറഞ്ഞു. 
കോവിഡ് ഭീതി അകന്നു ജനജീവിതം സാധാരണനിലയിലാകുന്നതുവരെ റോഡ് ടാക്‌സും ഇന്‍ഷ്വറന്‍സ് പ്രീമിയവും  പൂര്‍ണമായി ഒഴിവാകണം.സബ്‌സിഡി നിരക്കില്‍ ഡീസല്‍ ലഭിക്കണം.  എങ്കിലേ സര്‍വീസുകള്‍ കനത്ത നഷ്ടമില്ലാതെ നടത്താന്‍ കഴിയൂവെന്നാണ് ബസ് ഉടമകളുടെ പക്ഷം. മൊറട്ടോറിയം കാലയളവിലെ പലിശ എഴുതിത്തള്ളിക്കുന്നതിനു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍  ഇടപെടണമെന്ന താത്പര്യവും അവര്‍ക്കുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *