May 17, 2024

കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി: കമ്പോളവിള നിര്‍ണയത്തിനു കമ്മിറ്റി രൂപീകരിച്ചു

0

കല്‍പ്പറ്റ:  

കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി: 
കമ്പോളവിള നിര്‍ണയത്തിനു  കമ്മിറ്റി രൂപീകരിച്ചു.

കാഞ്ഞിരങ്ങാട് വില്ലേജില്‍  കാഞ്ഞിരത്തിനാല്‍ കുടുംബം 1967ല്‍ കുട്ടനാടന്‍ കാര്‍ഡമം കമ്പനിയില്‍നിന്നു വിലയ്ക്കുവാങ്ങിയ  12 ഏക്കര്‍ കൃഷിഭൂമി അടിയന്തരാവസ്ഥക്കാലത്തു വനം വകുപ്പ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട പ്രശ്‌നം  കമ്പോളവില നല്‍കി പരിഹരിക്കുന്നതിനു സര്‍ക്കാര്‍ നീക്കം തുടങ്ങി. 
ഇതിന്റെ ഭാഗമായി ഭൂമിയുടെ കമ്പോളവില നിര്‍ണയിക്കുന്നതിനു കമ്മിറ്റി രൂപീകരിച്ചു. മാനന്തവാടി തഹസില്‍ദാര്‍, തൊണ്ടര്‍നാട് പഞ്ചായത്ത് പ്രസിഡന്റ്, കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസര്‍, വനം വകുപ്പ് പ്രതിനിധി എന്നിവര്‍ ഉള്‍പ്പെടുന്നതാണ് കമ്മിറ്റി. 
കാഞ്ഞിരത്തിനാല്‍ കുടുംബം അവകാശവാദം ഉന്നയിക്കുന്ന ഭൂമിയുടെ കമ്പോളവില നിര്‍ണയിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുല്ലയ്ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച വൈകുന്നേരം കളക്ടറേറ്റില്‍ സി.കെ. ശശീന്ദ്രന്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് കമ്മിറ്റിക്കു രൂപം നല്‍കിയത്.  ഭൂമി തിരികെ ആവശ്യപ്പെട്ടു കാഞ്ഞിരത്തിനാല്‍ കുടുംബാംഗം കെ.കെ. ജയിംസ് 2015 ഓഗസ്റ്റ് 15 മുതല്‍ കളക്ടറേറ്റ് പടിക്കല്‍ സത്യഗ്രഹം നടത്തിവരികയാണ്. 
ഭൂമിപ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനു  2020 ഫെബ്രുവരി 10നു മുഖ്യമന്ത്രിയുടെ ചേംബറില്‍ ഉന്നതതലയോഗം ചേര്‍ന്നിരുന്നു. കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു തുല്യ അളവില്‍ പകരം ഭൂമി നല്‍കാമെന്ന അഭിപ്രായമാണ്  യോഗത്തില്‍ ഉയര്‍ന്നത്. പകരംഭൂമി വിഷയത്തില്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ അഭിപ്രായം തേടി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു ജില്ലാ കളക്ടറെ  യോഗം ചുമതലപ്പെടുത്തുകയുമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞിരത്തിനാല്‍ കുടുംബാംഗങ്ങളില്‍ ജയിംസ്, തോമസ് എന്നിവരെ ജില്ലാ കളക്ടര്‍ നേരില്‍ക്കേട്ടു. പകരംഭൂമി നിര്‍ദേശത്തോടു വിയോജിച്ച ജയിംസും തോമസും 1985 ഫെബ്രുവരി 18ലെ ഫോറസ്റ്റ് ട്രിബ്യൂണല്‍ വിധിയും ഭൂമി നിക്ഷിപ്തമാക്കി വനം വകുപ്പ് 2013ല്‍ പുറപ്പെടുവിച്ച വിജ്ഞാപനവും റദ്ദുചെയ്തു ഭൂമി തിരികെ തരണമെന്നാണ്  ആവശ്യപ്പട്ടത്. കാഞ്ഞിരങ്ങാട് വില്ലേജിലെ ഭൂമിക്കു പകരം കമ്പോളവില ലഭ്യമാക്കിയാല്‍ സ്വീകരിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഏപ്രില്‍ ആറിനു റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിനു പിന്നാലെയാണ് വസ്തുവിന്റെ കമ്പോളവില കണക്കാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം ലഭിച്ചത്. സ്ഥലം, അതിലുണ്ടായിരുന്ന വീട്, നിലവിലുള്ള മരങ്ങള്‍ എന്നിവയുടെ വിലയാണ് സര്‍ക്കാര്‍ മാനദണ്ഡങ്ങളനുസരിച്ചു  കമ്മിറ്റി കമ്പോളവിലയായി കണക്കാക്കുക.  ഈ മാസംതന്നെ കമ്പോളവില നിര്‍ണയം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിറ്റിക്കു ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *