May 18, 2024

ടാക്‌സി മേഖലയിലെ പ്രതിസന്ധി സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടല്‍ നടത്തണം: കെ.റ്റി.ഡി.ഒ

0

കല്‍പ്പറ്റ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ടാക്‌സി മേഖലയില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധികളില്‍ നിന്ന് തൊഴിലാളികള്‍ക്ക് കരകയറാനുള്ള അടിയന്തിര നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് കരുണ ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൊവിഡിന് മുന്‍പേ തന്നെ ടാക്‌സി മേഖലയെ ഇല്ലായ്മ ചെയ്യുന്ന തരത്തില്‍ സര്‍ക്കാരുകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ജി.പി.എസ് പോലുള്ള പദ്ധതികള്‍ മേഖലയുടെ നട്ടെല്ലൊടിച്ചിട്ടുണ്ട്. ഇതുണ്ടാക്കുന്ന അധിക ബാധ്യത മൂലം തന്നെ പിടിച്ച് നില്‍ക്കാനാവാത്ത അവസ്ഥയില്‍ കഴിയുകയാണ് തൊഴിലാളികള്‍. പിന്നാലെ പ്രളയങ്ങളും തൊഴിലാളികള്‍ക്ക് തിരിച്ചടിയായി. എന്നിട്ടും ഒരു സാമ്പത്തിക പാക്കേജ് പോലും സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടില്ല. അനന്തമായി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചിട്ടത് ഇവരുടെ ദുരിതം ഇരട്ടിപ്പിക്കുന്ന തരത്തിലുമായി. ഇതിന് പിന്നാലെയാണ് കൊവിഡും ഇവര്‍ക്ക് ഇരുട്ടടി നല്‍കിയത്. ഈ വിഷയങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി, ഗതാഗതമന്ത്രി, ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ക്ക് നിരവധി തവണ നിവേദനങ്ങള്‍ നല്‍കി കാത്തിരുന്നിട്ടും നടപടികള്‍ ഒന്നുമുണ്ടായിട്ടില്ല. ഇതോടെയാണ് തങ്ങളുടെ വിഷയത്തിലും അധികൃതര്‍ ശ്രദ്ധ പതിപ്പിക്കണമെന്ന ആവശ്യമുയര്‍ത്തി സമരങ്ങളിലേക്ക് നീങ്ങാനുള്ള തയ്യാറെടുപ്പ് നടത്തിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലടക്കം പലിശരഹിത മൊറോട്ടോറിയം നടപ്പില്‍ വരുത്തുക, വ്യാജ ടാക്‌സികള്‍ക്ക് പാസ് നല്‍കുന്നത് അവസാനിപ്പിക്കുക, ജി.പി.എസിന്റെ പേരില്‍ അധിക ബാധ്യത തൊഴിലാളികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന പ്രവണത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചാണ് തങ്ങള്‍ സമരത്തിനൊരുങ്ങുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ജില്ലാ പ്രസിഡന്റ് സാദിഖ് കല്‍പ്പറ്റ, സെക്രട്ടറി അനില്‍ കല്‍പ്പറ്റ, ഭാരവാഹികളായ റിയാസ് മേപ്പാടി, ബൈജുരാജ് മേപ്പാടി എന്നിവര്‍ പറഞ്ഞു. കൊവിഡ് കാലത്ത് അല്‍പമെങ്കിലും ആശ്വാസമായത് മോട്ടോര്‍ വാഹനവകുപ്പിന്റെ ഇടപെടലിലൂടെ മുത്തങ്ങ ചെക്‌പോസ്റ്റില്‍ നിന്ന് പലയിടങ്ങളിലേക്കായി മുഴുവന്‍ തൊഴിലാളികളെയും പരിഗണിച്ച് കൊണ്ട് ക്യൂ സിസ്റ്റത്തില്‍ നല്‍കിയ ഓട്ടങ്ങളാണെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *