April 30, 2024

മൈസൂര്‍-മലപ്പുറം പാത: സി പി എമ്മും ബി ജെ പിയും ജനങ്ങളെ വഞ്ചിക്കുന്നു: യു ഡി എഫ്

0
കല്‍പ്പറ്റ: എന്‍ എച്ച് 766ന് ബദലായി മൈസൂര്‍-വീരാജ്‌പേട്ട-കുട്ട-വഴി പുതിയ റോഡുണ്ടാക്കാനുള്ള നീക്കത്തിന് പിന്നില്‍ സി പി എമ്മും ബി ജെ പിയും വിഭാഗീയതയുണ്ടാക്കി രാഷ്ട്രീയനേട്ടം കൊയ്യാന്‍ നേട്ടം കൊയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് യു ഡി എഫ് ജില്ലാചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ കുറ്റപ്പെടുത്തി. എന്‍ എച്ച് 766 നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാസങ്ങള്‍ക്ക് മുമ്പ് വയനാട്ടിലെ ജനങ്ങള്‍ ഒന്നാകെ സമരരംഗത്തിറങ്ങിയതാണ്. മുപ്പതോളം യുവാക്കള്‍ ദിവസങ്ങളോളം നിരാഹാരം കിടന്നു. സംസ്ഥാനത്തെ മൂന്ന് മന്ത്രിമാരും, ബി ജെ പിയുടെ സംസ്ഥാന, ദേശീയനേതാക്കളും റോഡ് നിലനിര്‍ത്തുമെന്ന് വയനാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയതാണ്. ഒരു കാരണവശാലും റോഡ് അടച്ചുപൂട്ടാന്‍ സമ്മതിക്കില്ലെന്നും നിലനിര്‍ത്തുമെന്നും വാക്ക് നല്‍കിയവരാണ് ഇപ്പോള്‍ വയനാട്ടിലെ മുഴുവന്‍ ജനങ്ങളെയും പരിഹസിച്ചുകൊണ്ട് എല്‍ ഡി എഫ് സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തിന് കൊടുത്തിരുന്ന പ്രൊപ്പോസല്‍ പൊക്കിയെടുത്ത് മൈസൂര്‍-വീരാജ്‌പേട്ട-കുട്ട റോഡ് മലപ്പുറം വരെയെത്തിക്കുമെന്നാണ് പറയുന്നത്. നിലവിലുള്ള എന്‍ എച്ച് 766 നിലനിര്‍ത്തിക്കൊണ്ട് തന്നെ പുതിയൊരു റോഡ് വരുന്നതില്‍ യു ഡി എഫിന് അഭിപ്രായവ്യത്യാസമില്ല. വയനാട്ടിലെ ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനത്തില്‍ നിന്നും പിന്നോട്ടുപോകുന്ന സി പി എമ്മും ബി ജെ പിയും ഒത്തുകളിച്ചുകൊണ്ട് എന്‍ എച്ച് 766 അടച്ചുപൂട്ടാനുള്ള ശ്രമമാണോ നടത്തുന്നതെന്ന് സംശയിക്കുന്നു. ഇതായിരുന്നു ലക്ഷ്യമെങ്കില്‍ ആ ചെറുപ്പക്കാരെ പട്ടിണിക്കിടേണ്ടിയിരുന്നില്ല. ദേശീയപാത വിഷയവുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി എം പി  കബില്‍സിബലിനെ വക്കീലായി വെച്ച് സുപ്രീംകോടതിയില്‍ കേസ് വാദിക്കാന്‍ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി അനുകൂലമായ അഫിഡവിറ്റ് കൊടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ അതൊന്നും നടപ്പിലായില്ല. വയനാട്ടിലെ ജനങ്ങളെ പറഞ്ഞുപറ്റിച്ച സി പി എമ്മും ബി ജെ പിയും ഇക്കാര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ ജനങ്ങളോട് സത്യം തുറന്നുപറയണമെന്നും ഇരുവരും പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *