May 17, 2024

ഇന്നവേറ്റീവ് ക്യാംപസ്: രാജ്യത്തെ മികച്ച പത്തു കോളജുകളില്‍ ഒന്നായി നീലഗിരി കോളജ്

0
Img 20200723 Wa0151.jpg




കല്‍പ്പറ്റ: നൂതനമായ വിദ്യാഭ്യാസ രീതികള്‍ പരീക്ഷിച്ച് ഇന്നവേറ്റീവ് ക്യാംപസ് ഒരുക്കിയ ഇന്ത്യയിലെ മികച്ച പത്തു കോളജുകളില്‍ താളൂര്‍ നീലഗിരി കോളജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ് ഇടം നേടി. ഹയര്‍ എജുക്കേഷന്‍ റിവ്യൂ മാഗസിന് വേണ്ടി വിദ്യാഭ്യാസ വിദഗ്ധരും വ്യാവസായിക പ്രമുഖരും യൂനിവേഴ്സിറ്റി പ്രതിനിധികളും ഉള്‍പ്പെട്ട പാനലാണ് വിധി നിര്‍ണയം നടത്തിയത്. വിദ്യാര്‍ത്ഥിയുടെ അറിവ്, കഴിവ്, മൂല്യബോധം എന്നിവയെ സമഗ്രമായി സ്വാധീനിക്കാന്‍ കഴിയുന്ന ഘടകങ്ങള്‍, അന്താരാഷ്ട്ര നിലവാരം, ജീവിതാനുഭവങ്ങളിലൂടെ വ്യക്തിത്വ വികസനം സാധ്യമാകുന്ന പദ്ധതികള്‍, ക്യാംപസ് പ്ലെയ്സ്മെന്റ് തുടങ്ങിയവയാണ് മാനദണ്ഡമാക്കിയത്. യുജിസി അംഗീകാരമുള്ള നീലഗിരി കോളജില്‍ അറിവ് ആനന്ദമെന്ന ആപ്തവാക്യത്തെ പ്രയോഗവല്‍ക്കരിച്ച്  പ്രവര്‍ത്തിക്കുന്ന ഹാപ്പിനസ് സെന്റര്‍ രാജ്യത്ത് തന്നെ ആദ്യമാണ്. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഹാപ്പിനസ് ഉറപ്പുവരുത്തുകയെന്നതാണ് സെന്റര്‍ കൊണ്ട് ലക്ഷ്യമിടുന്നത്. വയനാട്, നീലഗിരി ജില്ലകളിലെ വൃദ്ധസദനങ്ങളിലെ അന്തേവാസികളെ ഉള്‍പ്പെടുത്തി സെന്ററിന്റെ നേതൃത്വത്തില്‍ നടത്തിയ സ്നേഹസ്വരം പരിപാടി ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
 പ്രമുഖരെ പങ്കെടുപ്പിച്ച് നടത്തിയ ഹാപ്പിനസ് കോണ്‍ക്ലേവും ശ്രദ്ധേയമായി. ഗ്രാമീണകലകളെ ദേശീയ ശ്രദ്ധയില്‍ കൊണ്ടു വരികയെന്ന ലക്ഷ്യത്തോടെ ആയിരക്കണക്കിന് പേരെ പങ്കെടുപ്പിച്ച് നടത്തിയ ബഡുക നൃത്തം ലോക റെക്കോര്‍ഡില്‍ ഇടം നേടിയിരുന്നു. പത്തു മേഖലകളില്‍ വിദ്യാര്‍ത്ഥികളില്‍ തൊഴില്‍ വൈദഗ്ധ്യം ഉറപ്പുവരുത്തുന്ന സ്‌കില്‍ ബാങ്ക് മറ്റൊരു പ്രത്യേകതയാണ്.
അമേരിക്കയിലെ മസാച്യൂസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മാതൃകയില്‍ നേതൃപാഠവം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ അണ്ടര്‍ ഗ്രാജുവേറ്റ് സ്റ്റുഡന്റ്സ് ഗവണ്‍മെന്റും പ്രവര്‍ത്തിച്ചുവരുന്നു. വിദേശ കമ്പനികളുമായി ഉള്‍പ്പടെ കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്ന കോളജ് പ്ലെയ്സ്മെന്റ് സെല്‍ വഴി കോളജില്‍ പഠനം പൂര്‍ത്തിയാക്കിയ നിരവധി വിദ്യാര്‍ത്ഥികള്‍ എട്ടുലക്ഷം രൂപ വരെ വാര്‍ഷിക ശമ്പളത്തില്‍ വിദേശ രാജ്യങ്ങളില്‍ ജോലി നേടിയിട്ടുണ്ട്.
ഇന്‍ഫോസിസ്, മലേഷ്യയിലെ മള്‍ട്ടിമീഡിയ യൂനിവേഴ്സിറ്റി എന്നിവിടങ്ങളില്‍ പരിശീലനം നേടുന്നതിനും അവസരമുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 140 വിദ്യാര്‍ത്ഥികള്‍ ഇന്‍ഫോസിസ് നേരിട്ട് നീലഗിരി കോളജില്‍ നടത്തിയ ജോബ് സ്‌കില്‍ ഡവലപ്മെന്റ് കോഴ്സ് പൂര്‍ത്തിയാക്കി. നീലഗിരി കോളജില്‍ നിന്നും ഇന്‍ഫോസിസ് തിരഞ്ഞെടുത്ത അധ്യാപകര്‍ക്ക് തങ്ങളുടെ ചെന്നൈ,മൈസൂര്‍ ക്യാംപസുകളില്‍ പൂര്‍ണമായും ഇന്‍ഫോസിസിന്റെ ചെലവില്‍ പത്തു ദിവസത്തെ റസിഡന്‍ഷ്യല്‍ ഫാക്കല്‍റ്റി ഡവലപ്മെന്റ് കോഴ്സും നല്‍കിയിരുന്നു. 14 അധ്യാപകരാണ് ഈ കോഴ്സ് പൂര്‍ത്തിയാക്കിയത്. കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് ബാഗ്ലൂര്‍ ഇന്‍ഫോസിസ് ക്യാംപസ് സന്ദര്‍ശിക്കുന്നതിനും അവസരമൊരുക്കിയിരുന്നു. മലേഷ്യയിലെ മള്‍ട്ടിമീഡിയ യൂനിവേഴ്സിറ്റിയുമായി ചേര്‍ന്നു നടത്തുന്ന ഫാക്കല്‍റ്റി എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ അടിസ്ഥാനത്തില്‍ യൂനിവേഴ്സിറ്റി നേരിട്ട് നീലഗിരി കോളജില്‍ എക്സ്പേര്‍ട്ട് ട്രെയിനിംഗും ഫാക്കല്‍റ്റി വര്‍ക്ക്ഷോപ്പും നടത്തിയിരുന്നു. ഫാക്കല്‍റ്റി എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി മലേഷ്യയിലെ യൂനിവേഴ്സിറ്റിയില്‍ നീലഗിരി കോളജിലെ അധ്യാപകര്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്ക് 15 ദിവസത്തെ ഇന്റേണ്‍ഷിപ്പും മലേഷ്യയിലെ യൂനിവേഴ്സിറ്റിയില്‍ വെച്ച് നല്‍കി. കോളജിന് കീഴിലെ നീലഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ ബാച്ചില്‍ നിരവധി വിദ്യാര്‍ഥികള്‍ കോഴ്‌സ് പൂര്‍ത്തിയാക്കി. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ ഫാക്കല്‍റ്റികള്‍ നേതൃത്വം നല്‍കുന്ന കോഴ്‌സിലേക്കുള്ള സിവില്‍സര്‍വ്വീസ് നാഷണല്‍ ലവല്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ എഴുതിയ 1500 പേരില്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ കോളേജുകളിലെ നൂറുവിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ അന്താരാഷ്ട്ര നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഗ്രാമീണമേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈയെത്തിപിടിക്കാനുതകുന്നുവെന്നും അന്താരാഷ്ട്ര ട്രൈയിനറും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ മാനേജിംഗ് ഡയരക്ടര്‍ റാഷിദ് ഗസ്സാലിയുടെ നേതൃപാടവവും വൈദഗ്ധ്യവും ഇതിന് ഏറെ മുതല്‍കൂട്ടായെന്നും ഹയര്‍ എജുക്കേഷന്‍ റിവ്യൂ വിലയിരുത്തി. 'സര്‍വ്വജ്ഞനായ' അധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ തലച്ചോറിലേക്ക് കോരിയൊഴിച്ചു കൊടുക്കുന്ന വിവരങ്ങളാണ് വിദ്യാഭ്യാസമെന്ന ബിഹേവിയറിസ്റ്റ് കാഴ്ചപ്പാട് തിരുത്തി കുട്ടിയുടെ ഉള്ളിലെ അറിവിനെ ജ്വലിപ്പിക്കുന്ന, അറിവും ആനന്ദവും ക്രിയാത്മകമായി ഉള്‍ച്ചേരുന്ന പഠന രീതിയാണ് കോളജില്‍ പിന്തുടരുന്നതെന്ന് ഇന്നവേറ്റീവ് ക്യാപസ് എന്ന ആശയത്തിന് രൂപം നല്‍കി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന റാഷിദ് ഗസ്സാലി പറഞ്ഞു. രാജ്യത്തെ മികച്ച പത്തു കോളേജുകളില്‍ ഒന്നാവാന്‍ കഴിഞ്ഞതിന് പിന്നില്‍ പ്രിന്‍സിപ്പല്‍ പ്രഫ. എം ദുരൈ, കോളജ് ഡീന്‍ പ്രൊഫ. മോഹന്‍ബാബു തുടങ്ങിയവരുള്‍പ്പടെ മുഴുവന്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രയത്നമാണെന്നും അദ്ദേഹം പറഞ്ഞു. അബീര്‍ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ആലുങ്കല്‍ മുഹമ്മദ് ആണ് കോളജ് ചെയര്‍മാന്‍, കാലിക്കറ്റ് യൂനിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സ്ലര്‍ ഡോ. കെ കെ എന്‍ കുറുപ്പ്, സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടഅപ്പ് മിഷന്‍ സി.ഇ.ഒ ഡോ.സജി ഗോപിനാഥ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി മുന്‍ രജിസ്ടാര്‍ ഡോ.എം ദാസന്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് മുന്‍ യുപിഎസ്സി മെംബറും അണ്ണായൂനിവേഴ്സിറ്റി വൈസ് ചാന്‍സ്ലറുമായിരുന്ന പ്രൊഫ. ബാലഗുരുസ്വാമി ചെയര്‍മാനായ അഡ്വൈസറി ബോര്‍ഡ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *