റേഷൻ കാർഡ് പുതുക്കാം എപ്പോൾ വേണമെങ്കിലും

തിരുവനന്തപും:സംസ്ഥാനത്ത് ഇനി റേഷൻ കാർഡ് എപ്പോൾ വേണമെങ്കിലും പുതുക്കാം. 5 വർഷം കൂടുമ്പോൾ കാർഡുകൾ കൂട്ടത്തോടെ പുതുക്കുന്ന രീതി ഭക്ഷ്യ–പൊതുവിതരണ വകുപ്പ് അവസാനിപ്പിച്ചു. റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റം എന്ന ഓൺലൈൻ സംവിധാനത്തിലൂടെയാകും ഇനി പുതുക്കൽ.
കാർഡ് അപേക്ഷകൾ നേരിട്ടു താലൂക്ക് സപ്ലൈ ഓഫിസുകളിലും സിറ്റി റേഷനിങ് ഓഫിസുകളിലും സ്വീകരിക്കുന്നതും നിർത്തി. ഏറ്റവുമൊടുവിൽ 2017 ലാണ് റേഷൻ കാർഡുകൾ കൂട്ടത്തോടെ പുതുക്കിയത്.
തിരുത്തലിന് 15 വരെ‘തെളിമ’
റേഷൻ കാർഡ് ശുദ്ധീകരിക്കാനുള്ള ‘തെളിമ പദ്ധതി’ പ്രകാരം ഈ മാസം 15 വരെ വിവരങ്ങൾ തിരുത്താം. അംഗങ്ങളുടെ പേര്, വയസ്സ്, മേൽവിലാസം, കാർഡ് ഉടമയുമായുള്ള ബന്ധം, എൽപിജി– വൈദ്യുതി കണക്‌ഷൻ വിവരങ്ങൾ എന്നിവയിൽ മാറ്റം വരുത്താനും തെറ്റു തിരുത്താനും കഴിയും. കാർഡ് അടുത്ത വർഷം സ്മാർട് ആകുമ്പോഴേക്കും ശുദ്ധീകരണം പൂർത്തിയാക്കുകയാണു ലക്ഷ്യമെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.“`
കാർഡ് പുതുക്കാൻ 3 മാർഗങ്ങൾ
“`1) റേഷൻ കടയിലെ ഡ്രോപ് ബോക്സ്
2) അക്ഷയ കേന്ദ്രം
3) ജനങ്ങൾക്കു നേരിട്ടു റജിസ്റ്റർ ചെയ്തു പുതുക്കാവുന്ന ecitizen.civilsupplieskerala.gov.in
റേഷൻ കടയിലെ ഡ്രോപ് ബോക്സ് ഉപയോഗിക്കാൻ ഫീസില്ല. അക്ഷയ കേന്ദ്രങ്ങളിൽ സേവന ചാർജ് മാത്രം നൽകണം. വിവരങ്ങൾ ചേർക്കാൻ കാർഡ് ഉടമകളും അംഗങ്ങളും ആധാറുമായി റേഷൻ കാർഡ് ബന്ധിപ്പിച്ചിരിക്കണം. രോഗവും മറ്റു സാഹചര്യങ്ങളും മൂലം ആധാർ എടുക്കാൻ സാധിക്കാത്തവർക്ക് താലൂക്ക് സപ്ലൈ ഓഫിസിൽനിന്നുള്ള സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഇളവു ലഭിക്കും. കാർഡിൽ പ്രവാസി (എൻആർകെ) സ്റ്റേറ്റസ് ഉള്ളവരും ആധാർ ബന്ധിപ്പിക്കേണ്ടതില്ല. മരിച്ചവരുടെ പേര് കാർഡിൽനിന്നു നീക്കാൻ മരണ സർട്ടിഫിക്കറ്റ് മതിയെന്നു വകുപ്പ് അധികൃതർ അറിയിച്ചു.



Leave a Reply